INDIANEWSTop News

കര്‍ഷകര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കര്‍ഷകരെ തകര്‍ക്കുന്ന മൂന്ന് കരിനിയമങ്ങളാണ് മോദി സര്‍ക്കാര്‍ പാസാക്കിയതെന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഈ നിയമങ്ങള്‍ റദ്ദാക്കുമെന്നും രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഖേത്തി ബച്ചാവോ ട്രാക്ടര്‍ റാലിക്ക് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപിയും പ്രവര്‍ത്തകസമിതി അംഗവുമായ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നയാപൈസ കൊടുത്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മുഴുവന്‍ താങ്ങുവിലയും ഭക്ഷ്യസംഭരണവും മൊത്തവ്യാപാരവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. രാജ്യത്തിന്റെ ഈ സംവിധാനത്തെ തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

മിനിമം താങ്ങുവിലയും (എം എസ് പി) ഭക്ഷ്യസംസ്‌കരണവും ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് അത് അനുവദിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് എപ്പോളായാലും ശരി, വന്നാല്‍ ഈ കരിനിയമങ്ങള്‍ റദ്ദാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. നമ്മള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പോരാടും. ഈ കരിനിയമങ്ങള്‍ നമ്മള്‍ നീക്കം ചെയ്യും – രാഹുല്‍ ഗാന്ധി പറഞ്ഞു.

ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, ദ ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍, ദ എസന്‍ഷ്യല്‍ കൊമൊഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ബില്‍ എന്നിവയ്‌ക്കെതിരെയാണ് കര്‍ഷപ്രതിഷേധം. ഈ മൂന്ന് നിയമങ്ങള്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റിക്ക് (എപിഎംസി) പുറത്തും ആരുമായും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നു. കരാര്‍ കൃഷിക്ക് വ്യവസ്ഥ ചെയ്യുന്ന നിയമം കാര്‍ഷികരംഗത്തെ കോര്‍പ്പറേറ്റുകളുടെ പിടിയിലും ചൂഷണത്തിലുമാക്കുമെന്നും മിനിമം താങ്ങുവില അപ്രസക്തമാക്കുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇടനിലക്കാരില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതാണ് നിയമങ്ങളെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

കാര്‍ഷിക ബില്ലുകളെ തുടക്കത്തില്‍ പിന്തുണച്ചിരുന്ന ബിജെപിയുടെ മുന്‍ സഖ്യകക്ഷി അകാലി ദള്‍ പഞ്ചാബില്‍ ഇവയ്‌ക്കെതിരെ ഉയര്‍ന്ന ശക്തമായ ജനരോഷവും പ്രതിഷേധങ്ങളും കണക്കിലെടുത്ത് നിലപാട് മാറ്റുകയായിരുന്നു ബില്ലുകള്‍ ലോക് സഭ പാസാക്കിയതിന് പിന്നാലെ മോദി മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുകയും രാജ്യസഭ പാസാക്കിയതിന് പിന്നാലെ ബിജെപിയുമായുള്ള സഖ്യം (എന്‍ഡിഎ) തന്നെ വിടുകയുമായിരുന്നു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണക്കുമെന്ന് എന്‍ഡിഎ വിട്ട ശിരോമണി അകാലി ദള്‍ അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close