INDIANEWS

കര്‍ഷകര്‍ക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എയുടെ കുത്തിയിരിപ്പ് സമരം


ചണ്ഡീഗഢ്: കര്‍ഷകര്‍ക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എ ഹരിയാന നിയമ സഭക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് സ്വന്തം എം.എല്‍.എ തന്നെ പ്രതിഷേധിച്ചത് പാര്‍ട്ടികേന്ദ്രങ്ങളില്‍ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.അംബാല നിയോജക മണ്ഡലം എം.എല്‍.എ അസീം ഗോയലാണ് നിയമസഭക്ക് പുറത്ത് പ്രതീകാത്മക പ്രതിഷേധം നടത്തിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരമുണ്ടാകുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി. താന്‍ സര്‍ക്കാറിനെതിരെയല്ല, സങ്കുചിത മനോഭാവക്കാരനായ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.കെ.ദാസിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് എം.എല്‍.എയുടെ വിശദീകരണം.”താന്‍ ചണ്ഡീഗഢിലേക്ക് വന്നിരിക്കുന്നത് വിനോദയാത്രക്കല്ല. മണ്ഡലത്തിലെ അഞ്ച് ലക്ഷം പേരെ പ്രതിനിധീകരിച്ചാണ്. കര്‍ഷകര്‍ സംസ്ഥാനത്ത് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രിയുടെ ജനോപകാരമായ നയങ്ങള്‍ നടപ്പാക്കുന്നതിന് ഈ ഉദ്യോസ്ഥന്‍ എതിരുനില്‍ക്കുന്നു. ഈ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെയും തെറ്റിദ്ധരിപ്പിക്കുകയാണ്” -എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ എം.എല്‍.എ രാഷ്ട്രീയം കളിക്കുകയാണെന്നും എല്ലാം ശരിയായി പോകുന്നുണ്ടെന്നും ഉദ്യോഗസ്ഥനായ പി.കെ.ദാസ് പ്രതികരിച്ചു.കര്‍ഷകരെ സ്വകാര്യ ഏജന്‍സികള്‍ കൊള്ളയടിക്കുന്നത് ഹരിയാന സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പ്രതികരിച്ചു. കാര്‍ഷിക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് ബി.ജെ.പി സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരക്കവേയാണ് എം.എല്‍.എയുടെ പ്രതിഷേധം. കര്‍ഷക റാലിയുമായെത്തിയ രാഹുല്‍ ഗാന്ധിയെ അതിര്‍ത്തി പ്രദേശത്ത് വെച്ച് ഹരിയാന സര്‍ക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close