KERALANEWSTrending

കര്‍ഷക ദിനത്തില്‍ ഭക്ഷണം ഉപേക്ഷിച്ച് സമരം ചെയ്യാന്‍ കര്‍ഷകര്‍, സമരം ഒരു മാസത്തിലേക്ക്

ന്യൂഡല്‍ഹി:കര്‍ഷക ദിനമായ ഇന്ന് പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതല്‍ റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകളും ബിജെപി ജനപ്രതിനിധികളുടെ വീടുകളും ഉപരോധിക്കും.കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക് കടന്നു.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയിലാണ് ഡിസംബര്‍ 23 ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനായിരകണക്കിന് കര്‍ഷകര്‍ തെരുവുകളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത്തവണത്തെ കര്‍ഷക ദിനം.
കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. ഒരു മാസം പിന്നിടുന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് സമരമായി അതിനെ മാറ്റുകയാണ് കര്‍ഷകര്‍.അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്.

പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഒരു നേരത്തെ ഭക്ഷണം ത്യജിക്കാനാണ് പൊതുജനത്തോടുള്ള കര്‍ഷക സംഘടനകളുടെ ആഹ്വാനം. ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷക പ്രതിഷേധം ശക്തമാക്കും. ഇന്നലെ അംബാലയില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം 472 കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കണ്‍സോര്‍ഷ്യം ഇന്ന് ചര്‍ച്ച ചെയ്യും. കര്‍ഷക നേതാക്കളുടെ റിലേ സത്യാഗ്രഹം സിംഗു അടക്കം പ്രക്ഷോഭ മേഖലകളില്‍ തുടരുകയാണ്.ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി കേന്ദ്ര കൃഷിമന്ത്രി നല്‍കിയ കത്തില്‍ ഇത് വരെയും സംഘടന നേതാക്കള്‍ തീരുമാനം എടുത്തില്ല. ക്ഷണം നിരസിക്കേണ്ട എന്ന നിലപാട് കിസാന്‍ സഭ മറ്റ് സംഘടന നേതാക്കളെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close