INDIANEWS

കര്‍ഷക പ്രക്ഷോപം ഏഴാം വട്ട ചര്‍ച്ച ഇന്ന്, പരാജയപ്പെട്ടാല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലി

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷക സംഘടനകളുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച ഇന്ന്. വിജ്ഞാന്‍ ഭവനില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ 40 കര്‍ഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചാകണം ചര്‍ച്ചയെന്നും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

അതേസമയം സമരം 40ആം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡിസംബര്‍ 31ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു. അതിനാല്‍ ഇത്തവണത്തെ ചര്‍ച്ച കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണം എന്നതില്‍ ഊന്നിയാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. താങ്ങുവില നിയമപരമാക്കണം എന്ന ആവശ്യത്തിലും കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. ഇക്കാര്യങ്ങളില്‍ കേന്ദ്രം ഇതുവരെ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മറ്റന്നാള്‍ മുതല്‍ 20 വരെ രാജ്യത്തെ പ്രധാന ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. കുണ്ട്‌ലി-മനേസര്‍-പല്‍വാള്‍ ദേശീയപാതയിലൂടെ മാര്‍ച്ച് ആരംഭിക്കും. ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്ക് നീങ്ങും. റിപ്പബ്ലിക്ക്് ദിനത്തില്‍ ഡല്‍ഹിക്ക് അകത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ റാലി നടത്തും. ജനുവരി 18ന് സ്ത്രീകള്‍ അണിനിരക്കുന്ന പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close