INDIANEWS

കര്‍ഷക സമരം: ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി ഇന്ന്

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ ആണെന്നാണ് കര്‍ഷക സംഘടനകളുടെ വിശദീകരണം. നാളെയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള എട്ടാം വട്ട ചര്‍ച്ച.

ഡല്‍ഹിയുടെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തി മേഖലകളിലാണ് കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയില്‍ സിംഗുവില്‍ നിന്ന് തിക്രിയിലേക്കും, തിക്രിയില്‍ നിന്ന് സിംഗുവിലേക്കും ഒരേസമയം ട്രാക്ടര്‍ റാലി പുറപ്പെടും. രണ്ട് സംഘങ്ങളും പരസ്പരം കാണുന്നയിടത്ത് കര്‍ഷക സഭ ചേരും. കിഴക്കന്‍ മേഖലയില്‍ ഗാസിപൂരില്‍ നിന്ന് പല്‍വാലിലേക്കും, പല്‍വാലില്‍ നിന്ന് ഗാസിപൂരിലേക്കുമാണ് ഒരേസമയം റാലികള്‍. രാവിലെ പതിനൊന്നിനാണ് ട്രാക്ടര്‍ റാലികള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സൂചനാ ശക്തിപ്രകടനത്തില്‍ പങ്കെടുക്കുന്നത്.

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച നാളെ നിശ്ചയിച്ചിരിക്കെയാണ് ട്രാക്ടര്‍ റാലി നടത്തി കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം നാല്‍പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയിലും അതിര്‍ത്തികളിലും സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close