KERALATrending

കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവര്‍; വര്‍ഗീയ പരാമര്‍ശവുമായി പി.സി ജോര്‍ജ് എംഎല്‍എ

കൊച്ചി: മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നതാധികാര സ്ഥാനങ്ങള്‍ മുസ്ളിംകള്‍ തട്ടിയെടുക്കുകയാണെന്ന രീതിയില്‍ ഈരാറ്റുപേട്ടയില്‍ പി. സി ജോര്‍ജ് എം.എല്‍.എ നടത്തിയ വിദ്വേഷപ്രസംഗം വിവാദമാകുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലും കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവരാണെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം ഒരേ സമുദായത്തിലുള്ളവരാണെന്നും ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ് പി.സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്. സിറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. എന്നാല്‍ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്, പി.സി ജോര്‍ജ് ചോദിച്ചു. ഐ.എ.എസ്, ഐ.ഇ.എസ്, ഐ.എഫ്.എസ് കോഴ്‌സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്. എന്താണതിന്റെ കാരണമെന്ന് സഭ ചര്‍ച്ച ചെയ്യേണ്ടതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സമുദായത്തെ കുത്തിനിറയ്ക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ കുറേയേറെ തസ്തികകളില്‍ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എം.ജി സര്‍വകലാശാലാ വി.സി നിയമനത്തില്‍ ഇടതുപക്ഷം ഡോ. ബി. ഇക്ബാലിന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ നിയമിച്ചതെന്ന് പി.സി ജോര്‍ജ് അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഒഴിച്ച് എല്ലാ ന്യുനപക്ഷവും വളര്‍ന്നു. അതേക്കുറിച്ച് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പാക്കിസ്ഥാനില്‍ ഭരണകൂടം തന്നെ എല്ലാവരെയും മുസ്ലീങ്ങളാക്കി മാറ്റിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും മോസ്‌കുകളാക്കി മാറ്റിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു മുസ്ലിം ദേവാലയവും തകര്‍ക്കപ്പെട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം പ്രസംഗം വിവാദമായതോടെ മുസ്ലിം വിഭാഗത്തിലുള്ളവരുടെ കഠിനാധ്വാനത്തെപ്പറ്റിയാണ് പറഞ്ഞതെന്നാണ് ജോര്‍ജിന്റെ വിശദീകരണം. എവിടെ നിന്നാണ് ഈ കണക്കുകളെന്ന ചോദ്യത്തിനും പി സി ജോര്‍ജിന് മറുപടി ഉണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഒരു വിഭാഗത്തില്‍ മാത്രമുള്ളവരാണെന്നായിരുന്നു അടുത്ത പരാമര്‍ശം. ഉദ്ദേശിച്ചത് സി.പി.എമ്മിനെയാണെന്നാണ് പി.സി ജോര്‍ജിന്റെ ന്യായീകരണം. തന്റെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഈരാറ്റുപേട്ട സ്റ്റേഷനിലും പി.സി ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close