INSIGHTTrending

കല്ലട എന്ന ​ഗ്രാമത്തിന് ഇനി ലോകവുമായി സംവദിക്കാം; വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം; ഉദ്യോ​ഗസ്ഥർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം; ഒരു വാട്സാപ്പ് കൂട്ടായ്മ നാടിന് തുണയാകുന്നത് ഇങ്ങനെ

കൊല്ലം: പടിഞ്ഞാറെ കല്ലട എന്ന ​ഗ്രാമത്തിന് ഇനി ലോകവുമായി സംവദിക്കാം. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം. ഉദ്യോ​ഗസ്ഥർക്ക് വർക്ക് ഫ്രം ഹോം നന്നായി ചെയ്യാം. ഒരു ​ഗ്രാമത്തിന്റെ നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത പ്രശ്നത്തിന് പരിഹാരമാകുമ്പോൾ വിജയം കാണുന്നത് ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ശ്രമങ്ങളാണ്. കല്ലട സൗഹൃദം എന്ന വാട്സാപ്പ് കൂട്ടായ്മ ഒരു ​പ്ര​ദേശത്തിന്റെയാകെ വികസനത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വരുന്ന വ്യാഴാഴ്ച്ച പഞ്ചായത്തിലെ മൊബൈൽ ടവർ ഉദ്ഘാടനം ചെയ്യുന്നതോടെ വർഷങ്ങളായി ജനം അനുഭവിക്കുന്ന നെറ്റ് വർക്ക് കവറേജ് പ്രശ്നത്തിന് പരിഹാരമാകുകയാണ്.

കൊല്ലം ജില്ലയിലെ ഒരു ഉൾനാടൻ ​ഗ്രാമമാണ് പടിഞ്ഞാറെ കല്ലട. തെക്കും കിഴക്കും കല്ലടയാറും വടക്ക് ശാസ്താംകോട്ട തടാകവും പടിഞ്ഞാറ് അഷ്ടമുടി കായലും അതിരിടുന്ന ഭൂപ്രദേശം. ഭൂമിശാസ്ത്രപരമായി വളരെയേറെ പ്രത്യേകതകളുണ്ടായിട്ടും പല കാരണങ്ങൾ കൊണ്ടും വളർച്ച നിന്നുപോയ ഒരു ​ഗ്രാമത്തിന് പുതുജീവൻ നൽകിയത് കല്ലട സൗഹൃദം എന്ന വാട്സാപ്പ് കൂട്ടായ്മയാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ താമസിക്കുന്ന കല്ലടക്കാർ ഈ സൗഹൃദ കൂട്ടായ്മയിലൂടെ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി കൈകൾ കോർക്കുകയാണ്. കോവിഡ് രണ്ടാം തരം​ഗത്തിൽ പ്രയാസമനുഭവിച്ച സഹജീവികൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങാകുവാനും ഈ കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു.

പ്രദേശത്തെ മൊബൈൽ ടവർ വേണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാൽ മൊബൈൽ ടവർ വന്നാൽ മാരക രോ​ഗമുണ്ടാകും എന്ന് വിശ്വസിക്കുന്ന ഒരു വിഭാ​ഗം ആളുകൾ ഇതിനെതിരായി രം​ഗത്ത് വന്നു. നിരവധി സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അവിടെയെല്ലാം എതിർപ്പുമായി ഈ സംഘം രം​ഗത്തെത്തി. ടവർ വിരുദ്ധ സംഘത്തിന് അന്നത്തെ ഭരണസമിതിക്കെതിരായ രാഷ്ട്രീയവും ഉണ്ടായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ടവർ സ്ഥാപിക്കാൻ ശ്രമിച്ചതിന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായ സിപിഐ പ്രതിനിധിക്കെതിരെ യൂത്ത് കോൺ​ഗ്രസ് അഴിമതി ആരോപണവുമായി രം​ഗത്തെത്തിയിരുന്നു.

2018ൽ മൊബൈൽ ടവറിന്റെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ അനുമതി നൽകി ആരംഭിച്ചെങ്കിലും ടവർ വിരുദ്ധ സംഘം അതിനും തർക്കവുമായി എത്തി. സർവകക്ഷി യോ​ഗം വിളിച്ച് ഇത് പ്രദേശത്തിന് വളരെ ദോഷകരമാണ് എന്ന നിലയിൽ പ്രചാരണം നടത്താൻ ഇവർ ശ്രമിച്ചു. അന്ന് ആ യോ​ഗത്തിൽ സിപിഐ പ്രവർത്തകർ പങ്കെടുത്ത് മൊബൈൽ നെറ്റ് വർക്ക് ഭാവിയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് എന്ന് പറയുകയും അങ്ങനെ പറഞ്ഞ സിപിഐ പ്രവർത്തകരെ ചിലർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

2018 നവംബറിൽ കല്ലട സൗഹൃദം കൂട്ടായ്മ നിലവിൽ വന്നപ്പോൾ തന്നെ ടവർ എന്ന വിഷയം ​ഗ്രൂപ്പിലും ചിലർ ഉയർത്തി. എന്നാൽ, തുടക്കത്തിലേ തന്നെ തർക്കവിഷയം ഏറ്റെടുത്ത് കൂട്ടായ്മയിൽ പ്രശ്നം ഉണ്ടാക്കേണ്ട എന്ന നിലപാ‌ടാണ് കൂട്ടായ്മ സ്വീകരിച്ചത്. തുടർന്ന് നാടിന്റെ പൊതുവായ പല പ്രശ്നങ്ങൾക്കും ഈ കൂട്ടായ്മ ഇടപെട്ട് പരിഹാരം കണ്ടു. അങ്ങനെ ഈ ​ഗ്രാമത്തിലേക്ക് എടിഎം കൗണ്ടറും പുതുതായി ബസ് സർവീസും വന്നു. കോവിഡ് മഹാമാരി വന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം കൂടിയെന്ന് ഈ കൂട്ടായ്മ മനസ്സിലാക്കി. പിന്നീട് ഒരു ​ഗ്രാമത്തിന് വാട്സാപ്പ് കൂട്ടായ്മ കൈത്താങ്ങാകുന്ന കാഴ്ച്ചയാണ് നാട് കണ്ടത്.

മഹാമാരിയെ ചെറുക്കാൻ മനസ്സുകൾ ഒന്നിക്കുന്നു

കോവിഡ് ഒന്നാം തരം​ഗവും ലോക് ഡൗണും വന്നതോടെ കൂട്ടായ്മയുടെ ഉത്തരവാദിത്തങ്ങളും കൂടി. ​ഗ്രാമത്തിലെ ഉദ്യോ​ഗസ്ഥർ വർക്ക് ഫ്രം ഹോം ഏറ്റെടുക്കേണ്ടി വന്നു. സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കും പി എസ് സി കോച്ചിം​ഗിന് പോകുന്ന ചെറുപ്പക്കാർക്കും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. നാട്ടിലെ നെറ്റ് വർക്ക് ഇല്ലായ്മ സൃഷ്ടിച്ചത് രൂക്ഷമായ പ്രതിസന്ധി ആയിരുന്നു. വിക്ടേഴ്സ് ക്ലാസിൽ പങ്കെടുക്കാൻ ടിവികൾ വിതരണം ചെയ്തും സമൂഹിക അടുക്കളയു‌ടെ ഭാ​ഗമായും കൂട്ടായ്മ മുന്നോട്ട് പോകുമ്പോൾ തന്നെ മൊബൈൽ നെറ്റ് വർക്ക് കവറേജ് പ്രശ്നം പരിഹരിക്കാൻ അം​ഗങ്ങൾ മുന്നിട്ടിറങ്ങി. ത‌ടസ്സങ്ങൾ അപ്പോഴും നീങ്ങിയിരുന്നില്ല. പഴയ തർക്കപ്പിള്ളമാർ അപ്പോഴും എത്തി. പക്ഷേ, നാടിന്റെ പുരോ​ഗതിയെ പിന്നോ‌ട്ട് വലിക്കുന്നവരുടെ പിടിവാശിക്ക് മുന്നിൽ പതറാൻ കൂട്ടായ്മയുടെ നേതൃത്വം തയ്യാറായിരുന്നില്ല.

പഞ്ചായത്ത് കമ്മിറ്റിയിലും പൊതു സമൂഹത്തിന് മുന്നിലും തർക്കവുമായി വന്നവരെ തള്ളിമാറ്റി കൂട്ടായ്മ മുന്നോട്ട് പോയി. കൂട്ടായ്മയിലെ ഒരം​ഗം ​ഗ്രാമത്തിന്റെ ഒത്തനടുക്കായി ടവർ നിർമ്മിക്കാൻ സ്ഥലം നൽകി. അങ്ങനെ ടവർ നിർനിർമ്മാണം പൂർത്തിയായി. വരുന്ന വ്യാഴാഴ്ച്ച പ്രവർത്തനം ആരംഭിക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂട്ടായ്മ മാതൃകയായി

രണ്ടാം തരം​ഗം രൂക്ഷമായതോടെ സഹജീവികൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്ന് കൂട്ടായ്മ തിരിച്ചറിഞ്ഞു. ​ഗ്രാമത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാ ആളുകൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളുമായി കൂട്ടായ്മയിലെ പ്രവർത്തകർ എത്തി. കൂട്ടായ്മയിലുള്ള ഉദ്യോ​ഗസ്ഥരായ ആളുകളും വിദേശങ്ങളിൽ ജോലി ചെയ്യുന്നവരും സാമ്പത്തിക സഹായവുമായി മുന്നിൽ നിന്നു. ഇന്ന് ഈ ​ഗ്രാമത്തിൽ അവശത അനുഭവിക്കുന്ന ആർക്കും എന്ത് ബുദ്ധിമുട്ടുകളും തുറന്ന് പറയാൻ ഈ കൂട്ടായ്മയുണ്ട്. പരിഹാരം കാണാൻ തങ്ങൾക്ക് കഴിയുമെന്ന ആത്മവിശ്വാസം കൂട്ടായ്മയുടെ പ്രവർത്തകർക്കുമുണ്ട്.

കൂട്ടായ്മ രൂപം കൊള്ളുന്നത് ഇങ്ങനെ

അണിമം​ഗലത്ത് മനോജ് എന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീടിന് സമീപം നടന്ന ഒരു മരണമാണ് ഇത്തരം ഒരു സൗഹൃദ കൂട്ടായ്മയിലേക്ക് നാട്ടിലെ ജനങ്ങളെ എത്തിച്ചത്. തൊട്ടടുത്ത് നടന്ന മരണം മനോജ് അറിഞ്ഞിരുന്നില്ല. ഇതോടെയാണ് മനോജും സംഘവും ഒരു സൗഹൃദ വാട്സാപ്പ് ​ഗ്രൂപ്പ് രൂപീകരിക്കണമെന്നും അതിൽ നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ചർച്ച ചെയ്യണമെന്നും തീരുമാനിക്കുന്നത്. 2018ൽ അങ്ങനെ ആദ്യത്തെ വാട്സാപ്പ് ​ഗ്രൂപ്പ് നിലവിൽ വന്നു. രാഷ്ട്രീയവും മറ്റ് വിഭാ​ഗീയതകളും ഒഴിവാക്കി മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാം എന്നായിരുന്നു ആദ്യ തീരുമാനം. ആദ്യ ഘട്ടത്തിൽ ചില കല്ലുകടികൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം തരണം ചെയ്ത് കൂട്ടായ്മ മുന്നോട്ട് പോകുകയായിരുന്നു. ഇന്ന് അയ്യായിരത്തോളം പേർ വാട്സാപ്പിലും ഫേസ്ബുക്കിലും സജീവമായി കൂട്ടായ്മയുടെ അം​ഗങ്ങളാണ്. ഇന്ന് പത്ത് വാട്സാപ്പ് ​ഗ്രൂപ്പുകളാണ് ഈ കൂട്ടായ്മക്കുള്ളത്.

Tags
Show More

Related Articles

One Comment

  1. കല്ലട സൌഹൃദം- ഒരു നാടിന്‍റെ പുണ്യം… അഭിമാനം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close