KERALANEWSTop News

‘കല്ലിക്കൊത്ത’നാകരുതെന്ന് സിപിഎം; ചെന്നിത്തലയെ ആര് തളയ്ക്കുമെന്നറിയാതെ സിപിഐ

ശ്രീനിള 

തിരുവനന്തപുരം: മാർച്ച് പത്തിനകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കണമെന്ന ധാരണക്കിടയിലും ഇടതുമുന്നണിയിൽ കീറാമുട്ടിയാകുന്നത് സിപിഐയുടെ ക‌ടുംപിടുത്തം. പരമ്പരാഗതമായി മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവിനെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ ഉഴലുമ്പോളും സിപിഐ തർക്കിക്കുന്നത് ചങ്ങനാശേരി സീറ്റിനെ ചൊല്ലിയാണ്. സിപിഎമ്മുമായുള്ള ചർച്ചകൾക്ക് മുന്നിൽ പൂർണമായും കീഴടങ്ങിയ സിപിഐ പക്ഷേ കേരള കോൺഗ്രസിന് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്തതാണ് ചങ്ങനാശ്ശേരിയിലെ തർക്കം. അതേസമയം,തങ്ങൾ കാലങ്ങളായി മത്സരിക്കുന്ന ഹരിപ്പാട്ട് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിലെത്താൻ സിപിഐ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് കഴിഞ്ഞിട്ടില്ല. 

ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ എതിർപ്പ് പരിഹരിച്ച് ചേർത്തലയിലും സ്ഥാനാർത്ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മികച്ച സ്ഥാനാർത്ഥി വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിൻറെ പേര് സജീവമായി നേതൃത്വം പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം താൽപര്യം അറിയിച്ചിട്ടില്ല. ജില്ലാ അസി. സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്തംഗം എ ശോഭ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ആലപ്പുഴ ജില്ല തൂത്തുവാരിയപ്പോൾ യുഡിഎഫിന് ആശ്വാസമായി ഒരു മണ്ഡലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്. ഇക്കുറി രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് ഹരിപ്പാട് കൂടി അക്കൗണ്ടിൽ ചേർക്കാൻ തന്ത്രം മെനയുകയാണ് ഇടത് മുന്നണി. എന്നാൽ, സിപിഐക്ക് ശക്തനായ സ്ഥാനാർത്ഥിയെ ഇനിയും കണ്ടെത്താനാകുന്നില്ല. 

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ 2016ൽ ആലപ്പുഴ ജില്ലയിലെ 9 മണ്ഡലങ്ങളിൽ എട്ടിലും എൽഡിഎഫ് വിജയം കുറിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ചേർത്തല എൽഡിഎഫ് പിടിച്ചെടുത്തു. രമേശ് ചെന്നിത്തല മത്സരിച്ച് വിജയിച്ച ഹരിപ്പാട് മാത്രമായിരുന്നു കോൺഗ്രസിനുണ്ടായ ഏക ആശ്വാസം. ഹരിപ്പാട് ആലപ്പുഴയിൽ യുഡിഎഫിന് മുൻതൂക്കമുളള മണ്ഡലം കൂടിയാണ്.

 ഇടതുമുന്നണി യോഗം ഇന്ന് ചേരാനിരിക്കെ, കേരള കോൺഗ്രസ് എമ്മിൻറേയും സിപിഐയുടേയും സീറ്റുകൾ സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ചങ്ങനാശേരി സീറ്റിനെ ചൊല്ലി തർക്കം തുടരുകയാണ്. വൈകിട്ടത്തെ എൽഡിഎഫ് യോഗത്തിന് മുമ്പ് ഉഭയകക്ഷി ചർച്ചകളിൽ ധാരണയായാൽ മാത്രം ഒരോ കക്ഷികൾക്കുള്ള സീറ്റ് സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ തന്നെ അന്തിമ രൂപമാകും. പ്രകടന പത്രികയാണ് ഇന്ന് മുന്നണി യോഗം പ്രധാനമായും ചർച്ച ചെയ്യുക. അതേസമയം, സിപിഐ മത്സരിക്കുന്ന ആലപ്പുഴ ജില്ലയിലെ ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം തുടരുകയാണ്. 

സിപിഎയുടെ പി പ്രസാദാണ് ചെന്നിത്തലയ്ക്ക് എതിരെ ഇടത് സ്ഥാനാർത്ഥിയായി അന്ന് കളത്തിൽ ഇറങ്ങിയത്. രമേശ് ചെന്നിത്തലയ്ക്ക് 75980 വോട്ടുകൾ ലഭിച്ചപ്പോൾ പി പ്രസാദിന് ലഭിച്ചത് 57359 വോട്ടുകൾ ആയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അശ്വിനി ദേവിന് 12985 വോട്ടുകൾ മാത്രമാണ് നേടാനായത്. 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചെന്നിത്തല മണ്ഡലം നിലനിർത്തി. ഈ വോട്ട് തിരിച്ച് പിടിക്കാവുന്നതേയുള്ളൂ എന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാൽ, അതിന് ശക്തനായ സ്ഥാനാർത്ഥി വേണമെന്നാണ് സിപിഎം നേതൃത്വം സിപിഐയോട് ആവശ്യപ്പെടുന്നത്. സിപിഐ സ്ഥാനാർത്ഥി കല്ലിക്കൊത്തനായാൽ ഇക്കുറിയും ചെന്നിത്തല തന്നെ ജയിക്കും എന്നാണ് ഹരിപ്പാട്ടെ സിപിഎം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. 

ആഞ്ചലോസിലും കൃഷ്ണപ്രസാദിലും കറങ്ങി സ്ഥാനാർത്ഥി ചർച്ചകൾ

ടി ജെ ആഞ്ചലോസ

ഹരിപ്പാട്ടേക്ക് സിപിഐ പരിഗണിക്കുന്നത് ടി ജെ ആഞ്ചലോസിനെയും ജി കൃഷ്ണപ്രസാദിന്റെയും പേരുകളാണ്. ആലപ്പുഴയിൽ സ്വാധീനമുളള നേതാവാണ് ടിജെ ആഞ്ചലോസ്. നേരത്തെ അദ്ദേഹം മാരാരിക്കുളം എംഎൽഎ ആയിരുന്നു. മാത്രമല്ല ആലപ്പുഴ എംപിയുമായിരുന്നുണ്ട്. ഹരിപ്പാട് ചെന്നിത്തലയ്ക്ക് എതിരെ ആഞ്ചലോസിന് ഇക്കുറി വിജയസാധ്യത ഉണ്ടെന്നാണ് സിപിഐ കണക്ക് കൂട്ടുന്നത്. അതേസമയം, സിപിഎം വിട്ട് വന്ന നേതാവായതിനാൽ ആഞ്ചലോസ് സ്ഥാനാർത്ഥിയായാൽ സിപിഎമ്മിന്റെ സഹായം എത്രത്തോളം ലഭിക്കും എന്ന കാര്യത്തിൽ സിപിഐക്ക് ആശങ്കയുണ്ട്.

 ടിജെ ആഞ്ചലോസിനൊപ്പം ജി കൃഷ്ണപ്രസാദിന്റെ പേരും ചെന്നിത്തലയ്ക്ക് എതിരെ ഉയർന്ന് കേൾക്കുന്നുണ്ട്. 2011ൽ കൃഷ്ണപ്രസാദ് ചെന്നിത്തലയ്ക്ക് എതിരെ മത്സരിച്ചിരുന്നു. അന്ന് 5520 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നത്. 2016ൽ ആ ഭൂരിപക്ഷം ചെന്നിത്തല ഉയർത്തുകയായിരുന്നു. കൃഷ്ണപ്രസാദ് വീണ്ടും ഇറങ്ങിയാൽ വിജയസാധ്യത ഉണ്ടെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം കരുതുന്നത്. എന്നാൽ, ഈ രണ്ടു പേരുകൾക്കും അപ്പുറം പ്രതിപക്ഷ നേതാവിനെതിരെ കേരളം അറിയുന്നൊരു നേതാവിനെ കളത്തിലിറക്കാൻ സിപിഐക്ക് കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 

ചേർത്തലയിൽ മന്ത്രി പി തിലോത്തമനെ മാറ്റിയതിൻറെ അതൃപ്തി വെള്ളാപ്പള്ളി നടേശൻ പരസ്യമാക്കിയിരുന്നു.എസ്എൻഡിപി വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ വെള്ളാപ്പള്ളി നടേശൻറെ കൂടി താൽപര്യം പരിഗണിച്ചാകും സ്ഥാനാർത്ഥി നിർണയം. എഐവൈഎഫ് നേതാവ് ടി ടി ജിസ്മോൻറെ പേരിനാണ് മുൻതൂക്കം. എന്നാ‌ൽ ജില്ലാ അസി. സെക്രട്ടറി കൃഷ്ണപ്രസാദിനെ ചേർത്തലയിൽ പരിഗണിക്കണമെന്നും ആവശ്യം ശക്തമാണ്. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവും കൗൺസിലും ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങളിലേക്ക് ഒന്നിലധികം പേരുകൾ ഉൾപ്പെടുത്തിയ പട്ടിക സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close