KERALANEWSTop News

കളമശ്ശേരി മണ്ഡലത്തില്‍ ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല

കൊച്ചി: പാലാരിവട്ടം പാലം കേസില്‍ പെട്ടതോടെ കളമശ്ശേരി മണ്ഡലത്തില്‍ ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല എന്ന് റിപ്പോര്‍ട്ട് . ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അബ്ദുല്‍ ഗഫൂറിന്റെ പേരാണ് ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്. പാലം അഴിമതി ചര്‍ച്ചയാകാതിരിക്കാന്‍ മണ്ഡലം കോണ്‍ഗ്രസുമായി വെച്ച് മാറിയുള്ള പരീക്ഷണത്തിനും സാധ്യതയുണ്ട്.2016 ല്‍ 12,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം വട്ടം വി കെ ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി മണ്ഡലം നിലനിര്‍ത്തിയത്. പാലാരിവട്ടം പാലം അഴിമതിയില്‍ പ്രതിഛായ തകര്‍ന്നതും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കാരണം ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞ് പറയുന്ന പേര് തന്നെയാകും കളമശ്ശേരിയില്‍ മത്സരിക്കുക. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിന്റെ പേര് മുസ്ലീം ലീഗില്‍ ചര്‍ച്ചക്ക് വന്നത്. എന്നാല്‍ പാലം അഴിമതി സജീവ ചര്‍ച്ച വിഷയമാകുമെന്ന് ഉറപ്പായതിനാല്‍ യുഡിഎഫിന് വിജയസാധ്യതയുള്ള സീറ്റ് കളഞ്ഞ് കുളിക്കരുതെന്നാണ് മുന്നണിയിലെ അഭിപ്രായം. തുടര്‍ന്നാണ് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുന്ന സാഹചര്യം ചര്‍ച്ചയായത്.കളമശ്ശേരിക്ക് മുമ്പേ ഇബ്രാഹിംകുഞ്ഞ് നിയമസഭയിലേക്ക് പ്രതിനിധീകരിച്ചിരുന്ന മട്ടാഞ്ചേരി ഇപ്പോള്‍ കൊച്ചി മണ്ഡലമാണ്, ഇതിപ്പോള്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. മലബാറിലെ ഏതെങ്കിലും സീറ്റ് കോണ്‍ഗ്രസ്സുമായി വെച്ച് മാറുന്നത് ചര്‍ച്ചയായെങ്കിലും എറണാകുളം ജില്ലയില്‍ ലീഗ് സാന്നിദ്ധ്യം ഇല്ലാതാകുന്നതില്‍ പാര്‍ട്ടി അതൃപ്തി അറിയിച്ചു. ജില്ലയില്‍ നിന്നുള്ള ലീഗിന്റെ മറ്റൊരു നേതാവും മങ്കട എംഎല്‍എയുമായ ടി എ അഹമ്മദ് കബീര്‍ വിഭാഗം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഇബ്രാഹിംകുഞ്ഞിന്റെ അതൃപ്തിയില്‍ ഈ ശ്രമങ്ങള്‍ ഫലം കാണാന്‍ സാധ്യത കുറവാണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന ജസ്റ്റിസ് കമാല്‍ പാഷ അറിയിച്ചെങ്കിലും ലീഗിനും, കോണ്‍ഗ്രസ്സിനും താത്പര്യമില്ല. വ്യവസായ മേഖലയിലെ തൊഴിലാളി സാന്നിദ്ധ്യം ഏറെയുള്ള കളമശ്ശേരി മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ളയുടെയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവിന്റെയും പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close