
വസന്ത് കുമാര്‍
കോവിഡ് മാറ്റിമറിച്ച ലോകത്തെ കായികമേളകളും മാറുകയാണല്ലോ. രാജ്യവ്യാപകമായി നടത്തിവന്ന ഐഎസ്എല്‍ ഇക്കുറി ഗോവയിലേക്കു ചുരുക്കിയിരുന്നു. ഇവിടത്തെ മൂന്നു വേദികളിലായാണ് സീസണിലെ മുഴുവന്‍ മത്സരങ്ങളും നടത്തുക. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ബാബോലിം സ്റ്റേഡിയമായിരിക്കും ഇക്കുറി ഹോം ഗ്രൗണ്ട്. ചെന്നൈയില്‍ എഫ്സി, മുംബൈ സിറ്റി എഫ്സി, ഒഡീഷ് എഫ്സി എന്നിവയ്ക്കും ഇതു തന്നെ ഹോം ഗ്രൗണ്ട്. ഇതിനിടെ ബ്രസീലിയന്‍ ലീഗില്‍ കളിക്കുന്ന കൊളംബിയന്‍ ഡിഫന്‍ഡര്‍ ഓസ്വാള്‍ഡോ ഹെന്റിക്കസിനെ ടീമിലെത്തിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തു. എന്നാല്‍, മണിപ്പൂരില്‍ നിന്ന് ഗിവ്സണ് സിങ് എന്ന മിഡ്ഫീല്‍ഡറെ ടീമിലെത്തിച്ചിട്ടുണ്ട്. ദേശീയ ലീഗുകളെല്ലാം പൂര്‍ത്തിയായപ്പോള്‍ പുരസ്കാരങ്ങളുടെ കാലം തുടങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുത്തിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡിബ്രുയ്നെയാണ്. 13 ഗോളും 20 അസിസ്റ്റുമാണ് ഡിബ്രുയ്ന്റെ സംഭാവനം. ലീഗില്‍ സിറ്റി രണ്ടാം സ്ഥാനക്കാരുമായിരുന്നു. കഴിഞ്ഞ ഒമ്പതു സീസണിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ബെല്‍ജിയന്‍ താരമാണ് ഡിബ്രുയ്ന്. വിന്‍സന്റ് കമ്പനിയും ഏഡന്‍ ഹസാര്‍ഡുമാണ് മറ്റു രണ്ടു പേര്. യുര്‍ഗന്‍ ക്ലോപ്പിനെയാണ് മികച്ച പരിശീലകനായി തെരഞ്ഞെടുത്തിരിക്കുന്നത്. ലിവര്‍പൂളിനെ ചാംപ്യന്‍ഷിപ്പിലേക്കു നയിച്ച പരിശീലകനാണ് ക്ലോപ്പ്. ലിവര്‍പൂളിന്റെ തന്നെ ഡിഫന്‍ഡര്‍ അലക്സാണ്ടര്‍ അര്‍നോള്‍ഡ് മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനിടെ, തുടര്‍ പരാജയങ്ങളില്‍പ്പെട്ട് ഉഴലുന്ന ബാഴ്സലോണയ്ക്ക് പുതിയ കോച്ചും നിയമിതനായി. ഹോളണ്ടില്‍നിന്നുള്ള റോണള്‍ഡ് കൂമാനാണ് 2022 വരെ ടീമിനെ പരിശീലിപ്പിക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് എറിക് ആബിദാലിനു പകരം റാമോണ്‍ പ്ലെയ്ന്സിനെയും നിയമിച്ചു. ബാഴ്സയുടെ പഴയ സൂപ്പര്‍ താരം കൂടിയാണ് പുതിയ കോച്ച് കൂമാന്. 1993ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ടീമിനു വേണ്ടി വിജയഗോള്‍ നേടിയത് ഡിഫന്‍ഡറായ കൂമാനായിരുന്നു. അയാക്സ്, ഐന്തോവന്, സതാംപ്ടണ്, എവര്ട്ടണ്, വലന്‍സിയ തുടങ്ങി വിവിധ യൂറോപ്യന്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചതിന്റെ ഇരുപതു വര്‍ഷത്തെ പരിചയസമ്പത്തുമായാണ് അദ്ദേഹം ബാഴ്സയിലേക്കു വരുന്നത്. ഇതിനിടെ, കളിക്കാരുടെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ക്കാണ് സാധ്യത തെളിഞ്ഞു കിടക്കുന്നത്. നെയ്മറെ തിരിച്ചെത്തിക്കാനും ലോറ്റേരോ മാര്‍ട്ടിനസിനെ റാഞ്ചാനുമെല്ലാം പദ്ധതികള്‍ തയാറാകുന്നു. ലൂയി സുവാരസിനെ ഒഴിവാക്കാനും ആലോചനയുണ്ട്.
ദേശീയലീഗുകള് പൂര്‍ത്തിയായെങ്കിലും ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ബാക്കിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ ജയിച്ച് ബയേണ്‍ മ്യൂണിച്ചും പിഎസ്ജിയും ഏറ്റുമുട്ടും. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ വമ്പന്മാര്ക്ക് കാലിടറിയ ലീഗില്‍ ജര്‍മന്‍ – ഫ്രഞ്ച് ടീമുകള്‍ മാത്രമാണ് സെമിഫൈനലില്‍ ലൈനപ്പില്‍ ഉള്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ കലാശപ്പോരാട്ടത്തിലും ഏറ്റുമുട്ടാന്‍ പോകുന്നത് ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും പ്രതിനിധികള്‍. റെഡ്ബുള്‍ ലീപ്സിഗിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. മാര്‍ക്കീഞ്ഞോസും ഏഞ്ചല്‍ ഡി മരിയയും യുവാന്‍ ബര്നാട്ടും ഗോളുകള്‍ നേടി. ആദ്യമായാണ് ഫ്രഞ്ച് ടീം ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കാന്‍ പോകുന്നത്.
യൂറോപ്പ ലീഗിലും ഇനി ഫൈനല്‍ മാത്രമാണ് ബാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ സെമി ഫൈനലില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സെവിയ്യയുടെ ഫൈനല്‍ പ്രവേശം. ആറാം വട്ടമാണ് അവര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത്. അതേസമയം, യുനൈറ്റഡാകട്ടെ, ഈ വര്‍ഷം കളിച്ച മൂന്നാമത്തെ ടൂര്‍ണമെന്റിന്റെ സെമിഫൈനലും തോല്‍ക്കുകയും ചെയ്തു. ഫെര്‍ണാണ്ടസ് സായസും ലൂക്ക് ഡി ജോങ്ങുമാണ് സെവിയ്യയ്ക്കായി ഗോളുകള്‍ നേടിയത്.
മറ്റൊരു സെമിയില്‍ റോമേലു ലുക്കാക്കുവിന്റെയും ലോട്ടേരോ മാര്‍ട്ടിനസിന്റെയും മികവില്‍ ഷക്തര്‍ ഡൊണസ്കിനെ കീഴടക്കിയാണ് ഇന്റര്‍ മിലാന്റെ മുന്നേറ്റം. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു വിജയം. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ലുക്കാകു സീസണിലെ ഗോള്‍ നേട്ടം 33 ആയി ഉയര്‍ത്തി. യൂറോപ്പ ലീഗില്‍ തുടരെ പത്താം മത്സരത്തിലും ഗോളടിക്കാനും ബെല്‍ജിയന്‍ താരത്തിനായി. ബാഴ്സലോണയുടെ വലയില്‍ എട്ടു ഗോളുകള്‍ അടിച്ചു കയറ്റി ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ച ബയേണ്‍ മ്യൂണിച്ച് ആകട്ടെ, ഒളിമ്പിക് ലിയോണിനെതിരേയും ഏകപക്ഷീയമായ മൂന്നു ഗോള്‍ വിജയം നേടിയാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. വിങ്ങര്‍ സെര്‍ജി നാബ്രി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബയേണിന്റെ പോളിഷ് ഗോളടി യന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു അവസാന ഗോള്‍. പതിനൊന്നാം വട്ടമാണ് ബയേണ്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിനു യോഗ്യത നേടുന്നത്. എസി മിലാനും ഇത്രയും തവണ ഫൈനല്‍ കളിച്ചിട്ടുണ്ട്. 16 വട്ടം ഫൈനല്‍ കളിച്ച റയല്‍ മാഡ്രിഡ് മാത്രമാണ് മുന്നില്‍. ഫൈനല്‍ ജയിച്ചാല്‍ ചാംപ്യന്‍സ് ലീഗില്‍ 11 തുടര്‍ വിജയങ്ങള്‍ എന്ന റെക്കോഡും ബയേണിനു സ്വന്തമാകും.
എം.എസ്. ധോണിയും സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിട്ട് ആഴ്ച ഒന്നും കഴിഞ്ഞു. എന്നാലും ഇതെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. ധോണിക്കു വേണ്ടി വിടവാങ്ങല്‍ മത്സരമൊരുക്കാനുള്ള നീക്കങ്ങളാണ് പുതിയ വാര്‍ത്ത. ബിസിസിഐ ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍, പതിവു പോലെ ഇക്കാര്യത്തിലും ധോണിയുടെ മനസില്‍ എന്താണെന്ന് ഇപ്പോഴും പുറംലോകത്തിനറിയില്ല. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് കൂടി ധോണി കളിച്ചു കാണണമെന്നാണ് ആരാധകര്‍ക്ക്. അതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് മുന്‍ പാക്കിസ്ഥാന് താരം ഷോയ്ബ് അക്തര്‍ വരെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഐപിഎല്‍ കളിക്കാന്‍ തയാറെടുക്കുന്ന ധോണിക്ക് അതിനു ശേഷം വരുന്ന ഒരു അന്താരാഷ്ട്ര മത്സരത്തില്‍ വിടവാങ്ങലിന് അവസരമൊരുക്കുന്നതില്‍ പ്രശ്നം വരില്ലെന്നാണ് കണക്കുകൂട്ടല്‍. ഐപിഎല്‍ കളിക്കുന്നതിനാല്‍ മത്സരക്ഷമതയെക്കുറിച്ചും സംശയിക്കേണ്ട കാര്യമുണ്ടാകില്ല. ധോണി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. കുടുംബമഹിമയല്ല വിജയത്തിലേക്കുള്ള ചവിട്ടുപടി എന്നു തെളിയിച്ച ധോണി നവ ഇന്ത്യയുടെ പ്രതീകമാണെന്ന് എഴുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. ബിജെപിയിലേക്കുള്ള ക്ഷണമാണ് ഈ കത്തെന്നും, അതു ഷെയര്‍ ചെയ്തതിലൂടെ ധോണി ക്ഷണം സ്വീകരിക്കുമെന്നുമെല്ലാം വ്യാഖ്യാനങ്ങളും വന്നു തുടങ്ങി.
ധോണിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നയും വാര്‍ത്തകളില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. 33 വയസ് മാത്രമായ റെയ്നയ്ക്ക് ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ സമയം ബാക്കിയാണെന്നും പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചുവരണമെന്നും ആകാശ് ചോപ്രയെപ്പോലുള്ള നിരീക്ഷകര്‍ ആവശ്യപ്പെടുന്നു. 2018ലാണ് റെയ്ന അവസാനമായി ഇന്ത്യന്‍ ജെഴ്സിയില്‍ കളിക്കാനിറങ്ങുന്നത്. ടെസ്റ്റ് – ഏകദിന – ട്വന്റി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരവുമാണ് റെയ്ന. ഐപിഎല്‍ അടുത്തടുത്തു വരുകയാണ്. അവിടെ ധോണിയെയും റെയ്നയെയുമെല്ലാം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ടീമുകള്‍ പരിശീനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ രാജസ്ഥാന് റോയല്‍സ് പതിവു പോലെ കളിക്കാരുടെ കാര്യത്തില്‍ പ്രതിസന്ധിയിലുമായിക്കഴിഞ്ഞു. ക്യാപ്റ്റനായി നേരത്തെ നിശ്ചയിച്ചിരുന്ന സ്റ്റീവന്‍ സ്മിത്ത് അടക്കമുള്ള ഓസ്ട്രേലിയന്‍ താരങ്ങള്‍ ടീമിനൊപ്പം ചേരാന്‍ വൈകും. ഇംഗ്ലണ്ട് താരങ്ങളെപ്പോലെ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലാണവര്‍. ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നിവരും ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഇടങ്കയ്യന്‍ പേസ് ബൗളര്‍ ജയദേവ് ഉനദ്കത് ടീമിനെ നയിക്കാനാണ് സാധ്യത. രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഉനദ്കത്.
ഐപിഎല്‍ എന്നാല്‍ വിനോദം മാത്രമല്ലല്ലോ, ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നു കൂടിയാണത്. ചൈനീസ് വിരോധത്തിന്റെ പേരില്‍ വിവോയെ ടൈറ്റില്‍ സ്പോണ്സര് സ്ഥാനത്തു നിന്ന് ഒഴിവാക്കിയപ്പോള്‍ കുലുങ്ങിയതും അതേ വ്യവസായമാണ്. ഇപ്പോഴിതാ പുതിയ സ്പോണ്‍സര്‍മാരായ ഡ്രീം ഇലവനും ചൈനീസ് ബന്ധമുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരു ഐപിഎല്‍ ടീമിലും ഇതേ കമ്പനിക്ക് രഹസ്യ നിക്ഷേപമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിങ്സിന് ഡ്രീം ഇലവനില്‍ നിക്ഷേപമുള്ളതായാണ് വിമര്‍ശകരുടെ വാദം. അതേസമയം, വിവോയുമായുണ്ടായിരുന്ന 440 കോടി രൂപയുടെ കരാര്‍ അവസാനിപ്പിച്ച് ഡ്രീം ഇലവനുമായി 222 കോടിക്ക് കരാര്‍ ഉറപ്പിക്കേണ്ടി വന്ന ബിസിസിഐക്ക് ഇനിയൊരു മാറ്റം താങ്ങാന്‍ കഴിയുമെന്ന് ആരും കരുതുന്നുമില്ല. ഇന്ത്യയുടെ ദേശീയ കായിക പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടികയും ഇതിനിടെ തയാറായിട്ടുണ്ട്. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നിസില്‍ നിന്ന് മണിക ബത്ര, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, പാരാലിമ്പിക് താരം മാരിയപ്പന് തങ്കവേലു എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്നയ്ക്കു ശുപാര്‍ശ ലഭിച്ചിരിക്കുന്നത്. അഞ്ച് പേര്‍ക്ക് ഒരുമിച്ച് ഖേല്‍രത്ന പുരസ്കാരത്തിനു ശുപാര്‍ശ ലഭിക്കുന്നത് ഇതാദ്യം. രോഹിത് ശര്‍മയ്ക്കു മുന്‍പ് ക്രിക്കറ്റില്‍ നിന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കും എം.എസ്. ധോണിക്കും ഖേല്‍രത്ന ലഭിച്ചിട്ടുണ്ട്. അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഇക്കുറി കേരളത്തില്‍ നിന്ന ഒരാള്‍ പോലുമില്ല. മലയാളികളായ ജിന്‍സി ഫിലിപ് ധ്യാന്‍ചന്ദ് പുരസ്കാരത്തിനും പി. രാധാകൃഷ്ണന് നായര്‍ ദ്രോണാചാര്യ പുരസ്കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.