SPORTSTop News

കളിക്കളത്തിനു പുറത്തെ കളികള്‍

വിമല്‍കുമാര്‍

ഈ കൊറോണ കാലത്ത് കളിക്കളത്തിനുള്ളിലേതിനെക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ പുറത്താണ്. ഈയാഴ്ച അതില്‍ പ്രധാനം ലോകത്തെ ഏറ്റവും വലിയ കായിക സംഘടനകളിലൊന്നായ ഫിഫയില്‍ നിന്ന്. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോയ്ക്കെതിരേ ക്രിമിനല്‍ എന്‍ക്വയറി ആരംഭിച്ചിരിക്കുന്നു. സെപ് ബ്ലാറ്ററുടെ കാലം മുതല്‍ ആരോപണങ്ങളുടെ പുകമറയ്ക്കുള്ളിലാണ് ഫിഫ. സ്ഥാനമൊഴിഞ്ഞ ബ്ലാറ്റര്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിലക്ക് നേരിട്ടു വരുമ്പോഴാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിക്കു നേരേയും ആരോപണങ്ങള്‍ ഉയരുന്നത്. പ്രസിഡന്റിന്റെ പദവി ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം. ഇന്‍ഫാന്റിനോയും സ്വിറ്റ്സര്‍ലന്‍ഡിലെ അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ലോബറും തമ്മില്‍ നടത്തിയ ചില ഇടപാടുകള്‍ ദുരൂഹമാണെന്നാണ് പ്രാഥമിക സൂചന. ഇതില്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമോ, അഴിമതിക്കാര്‍ക്കുള്ള സഹായങ്ങളോ ഉള്‍പ്പെടുന്നുണ്ടോ എന്നാണ് അന്വേഷിക്കുക. ആരോപണം ഉയര്‍ന്നതിനു പിന്നാലെ തന്നെ ബോലര്‍ അറ്റോര്‍ണി ജനറല്‍ പദവിയില്‍ നിന്നു രാജിവച്ചിട്ടുണ്ട്. ഫുട്ബോളിലെ തന്നെ മറ്റൊരു അണിയറക്കഥയുടെ ഉറവിടം ബാഴ്സലോണയാണ്. സ്പാനിഷ് ലീഗ് കിരീടം കൈവിട്ടതിനു പിന്നാലെ ടീമംഗങ്ങള്‍ക്കെതിരേ പതിവ് വിട്ട് പരസ്യമായി ആഞ്ഞടിച്ച അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്നെയാണ് ഇത്തവണയും കഥയുടെ കേന്ദ്ര ബിന്ദു. ക്ലബ്ബിന്റെ നയപരമായ കാര്യങ്ങളില്‍ മെസി പുലര്‍ത്തുന്ന ഏകപക്ഷീയമായ നിലപാടുകളില്‍ പല കളിക്കാരും അതൃപ്തരാണെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. മെസിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മൂന്നു മിഡ്ഫീല്‍ഡര്‍മാര്‍ ക്ലബ് വിടാനൊരുങ്ങുന്നു എന്നുമുണ്ട് അഭ്യൂഹം. ഇതില്‍ ക്രൊയേഷ്യയുടെ ഇവാന്‍ റാക്കിറ്റിച്ച്, ചിലിയുടെ ആര്‍തുറോ വിദാല്‍ എന്നീ വമ്പന്‍മാരും ഉള്‍പ്പെടുന്നു.

കളിക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ല ബാഴ്സയിലെ പ്രശ്നങ്ങള്‍. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തലോമ്യുവിന്റെ നിലനില്‍പ്പും അപകടത്തിലാണ്. സീസണിലെ പ്രകടനത്തില്‍ മനംമടുത്ത ക്ലബ്ബിലെ ഒരു വിഭാഗം അംഗങ്ങള്‍ പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് തയാറെടുക്കുന്നത്. ഈ വര്‍ഷം തന്നെ ബര്‍ത്തലോമ്യുവിനെ പുറത്താക്കി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ മാസം ആരംഭിക്കുന്ന ചാംപ്യന്‍സ് ലീഗാണ് ബാഴ്സയ്ക്കും ബര്‍ത്തലോമ്യുവിനുമെല്ലാം അവസാനത്തെ പിടിവള്ളി. 2017ലും ബര്‍ത്തലോമ്യുവിനെതിരേ അവിശ്വാസ നീക്കം നടന്നിരുന്നെങ്കിലും ആവശ്യത്തിന് ഒപ്പു ശേഖരിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അത് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, തനിക്കെതിരായ നീക്കങ്ങളുടെ വഴി തെറ്റിക്കാന്‍ ബര്‍ത്തലോമ്യൂ തന്നെയാണ് മെസി അടക്കമുള്ള വലിയ താരങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും, അതിനായി പിആര്‍ ഏജന്‍സികളെ വരെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഇടക്കാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഴയതുപോലെ കളത്തില്‍ സജീവമല്ലെങ്കിലും ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് റൊണാള്‍ഡീഞ്ഞോയുടേത്. മറ്റേതു സൂപ്പര്‍ താരങ്ങളെയും പോലെ ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഈ ബ്രസീലുകാരനുമുണ്ട്, കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ 5.14 കോടി ആളുകള്‍. എന്നാല്‍, അദ്ദേഹം ഫോളോ ചെയ്യുന്നത് വെറും 363 പേരെയാണ്. അതിലൊരാള്‍ മലപ്പുറം വേങ്ങരക്കാരനും! ഇദ്ദേഹത്തിന്റെ പേര് പി.ടി. വിവേക്. റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായ വിവേക് കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ വരച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് റൊണാള്‍ഡീഞ്ഞോ വിവേകിനെ ഫോളോ ചെയ്തു തുടങ്ങിയത്. ചിത്രത്തിനു താഴെ കമന്റ് ബോക്സില്‍ നന്ദിയും അറിയിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയാണ് വിവേക്.

സാറയും ശുഭ്മാന്‍ ഗില്ലിയും

ക്രിക്കറ്റിലെ അണിയറ വാര്‍ത്തകളിലൊന്ന് അങ്ങു മുംബൈയില്‍ നിന്നാണ്. മുംബൈയിലെന്നു വച്ചാല്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വീട്ടില്‍ നിന്ന്. സച്ചിന്റെ മകള്‍ സാറയെയും ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ പ്രതിഭ ശുഭ്മാന്‍ ഗില്ലിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഒരേ ക്യാപ്ഷനായതാണ് പുതിയ സംസാരവിഷയം. അവരവരുടെ ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടിനും നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഐ സ്പൈ എന്നും. സമൂഹ മാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ട്രോളുകള്‍ ധാരാളം വരുന്നുണ്ടെങ്കിലും സാറയോ ഗില്ലോ ഇതെക്കുറിച്ചു പ്രതികരണമൊന്നും നടത്തിയിട്ടില്ല. കളത്തിനു പുറത്തുനിന്ന് അകത്തേക്കു വരുമ്പോള്‍ ഈയാഴ്ചത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ഇവന്റ് വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് തന്നെയായിരുന്നു. മഴ മൂലം ഒരു ദിവസത്തെ കളി പൂര്‍ണമായി നഷ്ടപ്പെട്ടിട്ടും മൂന്നാം മത്സരത്തില്‍ 399 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി ഇംഗ്ലണ്ട് ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം വെസ്റ്റിന്‍ഡീസും രണ്ടാം മത്സരം ഇംഗ്ലണ്ടും ജയിച്ചതോടെ നിര്‍ണായകമായിരുന്നു മൂന്നാം മത്സരം. മത്സരത്തില്‍ പത്തു വിക്കറ്റ് നേടിയ ഇംഗ്ലീഷ് പേസര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡ് ടെസ്റ്റ് കരിയറില്‍ അഞ്ഞൂറ് വിക്കറ്റും തികച്ചു. രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ സുപ്രധാന പങ്കു വഹിച്ചു. ബ്രോഡിനെയും വിന്‍ഡീസിന്റെയും റോസ്റ്റണ്‍ ചെയ്സിനെയും പരമ്പരയുടെ താരങ്ങളായും തെരഞ്ഞെടുത്തു.

ട്വന്റി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റിയെങ്കിലും 2023ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങുകയാണ് ഐസിസി. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലേക്ക് ഇക്കുറി ഫുട്ബോള്‍ ലോകകപ്പിന്റെ മാതൃകയില്‍ യോഗ്യതാ റൗണ്ട് മത്സരങ്ങളുണ്ടാകും. ഇതിനായി ഏകദിന സൂപ്പര്‍ ലീഗാണ് നടത്തുന്നത്. മൂന്നു വര്‍ഷംകൊണ്ടാണ് ഇതു പൂര്‍ത്തിയാക്കുക. പതിമൂന്നു ടീമുകള്‍ നൂറ്റിഅമ്പതിലേറെ മത്സരങ്ങളിലായി ഏറ്റുമുട്ടും. ഐസിസി ഫുള്‍ മെംബര്‍മാരായ 12 ടീമുകള്‍ക്കൊപ്പം നെതര്‍ലന്‍ഡ്സും പങ്കെടുക്കുന്നു. പത്തു ടീമുകള്‍ക്കാണ് ലോകകപ്പ് കളിക്കാനാവുക. അതില്‍ ഏഴു ടീമുകളെയാണ് സൂപ്പര്‍ലീഗില്‍ നിന്നു തെരഞ്ഞെടുക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ബാക്കി രണ്ടു സ്ഥാനങ്ങള്‍ ഐസിസി അസോസിയേറ്റ് അംഗങ്ങള്‍ക്കുള്ളതാണ്. അവര്‍ക്കായി പ്രത്യേകം യോഗ്യതാ ടൂര്‍ണമെന്റുണ്ടാകും. ക്രിക്കറ്റില്‍ നിന്നു ഫുട്ബോളിലേക്കു വരുമ്പോള്‍ യൂറോപ്യന്‍ ലീഗുകള്‍ക്കെല്ലാം മിക്കവാറും പരിസമാപ്തിയാകുകയാണ്. ഇറ്റലിയില്‍ യുവന്റസ് ചാംപ്യന്‍ഷിപ്പ് ഉറപ്പിച്ചു കഴിഞ്ഞെങ്കിലും അവരുടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അത്ര സംതൃപ്തനല്ല. കാഗ്ലിയാരിയോട് ടീം എതിരില്ലാത്ത രണ്ടു ഗോളിനു തോറ്റു. മത്സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ പോയതോടെ ക്രിസ്റ്റിയാനോയ്ക്ക് ഇക്കുറി ലീഗില്‍ ടോപ് സ്‌കോററാവാനുള്ള സാധ്യതയും മങ്ങി. എഎസ് റോമയ്ക്കെതിരായ ഒരു മത്സരം മാത്രമാണ് യുവന്റസിനു ബാക്കിയുള്ളത്. നിലവില്‍ 31 ഗോളുമായി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ. 35 ഗോളടിച്ച ലാസിയോയുടെ സിറോ ഇമ്മൊബൈലാണ് ഒന്നാം സ്ഥാനത്ത്.

കെവിന്‍ ഡിബ്രു

ഇംഗ്ലീഷ് ലീഗിലേക്ക് ചെന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയ്നാണ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. ഗോളടിക്കുന്നതിലല്ല, അടിപ്പിക്കുന്നതിലാണ് ഡിബ്രുയ്ന്‍ മികവ് തെളിയിച്ചിരിക്കുന്നത്. ഈ സീസണില്‍ ഡിബ്രുയ്ന്‍ നടത്തിയ അസിസ്റ്റുകള്‍ ഇരുപതാണ്. നിലവിലുള്ള റെക്കോഡിനൊപ്പമാണിപ്പോള്‍. 2002-2003 സീസണില്‍ ആഴ്സനലിനു വേണ്ടി തിയറി ഹെന്റി കുറിച്ച റെക്കോഡിനൊപ്പമാണ് ഡിബ്രുയ്ന്‍ എത്തിയിരിക്കുന്നത്. മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ റെക്കോഡ് മറികടക്കുക ഈ സീസണില്‍ സാധ്യമല്ല. അവസാന മത്സരങ്ങളില്‍ വോള്‍വ്സിനെ തോല്‍പ്പിച്ച ചെല്‍സിയും, ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചാംപ്യന്‍സ് ലീഗിലേക്കുള്ള യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ലെസ്റ്റര്‍ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടവും ടോട്ടനം യോഗ്യതാ റൗണ്ടും കളിക്കും. ബോണ്‍മൗത്ത്, വാറ്റ്ഫഡ്, നോര്‍വിച്ച് സിറ്റി എന്നീ ടീമുകളില്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ലെസ്റ്ററിന്റെ ജയ്മി വാര്‍ഡിയാണ് ഈ സീസണിലെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ഫുട്ബോളില്‍, ഐഎസ്എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ക്കു നടുവില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗോവയില്‍ മാത്രമായി മത്സരം പൂര്‍ത്തിയാക്കാനാണ് ആലോചനയെങ്കിലും കേരളവും പരിഗണനയിലുണ്ട്. പത്തു ടീമുകളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇത്തവണത്തെ മത്സരങ്ങള്‍. ഒരു വേദിയില്‍ നാലു ടീമുകളെയും മറ്റു രണ്ടു വേദികളില്‍ മൂന്നു ടീമുകളെ വീതവും അനുവദിക്കും.

ഐഎസ്എല്ലിനെക്കാള്‍ സങ്കീര്‍ണമായിരിക്കും ഇത്തവണത്തെ ഐപിഎല്‍ നടത്തിപ്പ് എന്നാണ് ലഭ്യമാകുന്ന വിവരം. യുഎഇയിലായിരിക്കും മത്സരങ്ങളെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍, സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ നടക്കുന്ന മത്സരങ്ങളുമായി ബന്ധപ്പെട്ട് കളിക്കാരുടെ യാത്ര, താമസം, പരിശീലനം തുടങ്ങിയ കാര്യങ്ങളിലൊന്നും ഇനിയും അന്തിമ ധാരണയായിട്ടില്ല. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഒഫീഷ്യല്‍സും അടക്കം 1200 പേരെയാണ് ഐപിഎല്ലിനായി യുഎഇയിലെത്തിക്കേണ്ടത്. ഒരു മാസത്തിനുള്ളില്‍ ഇവരുടെയെല്ലാം വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ സീസണില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം 250 കോടി രൂപ വരുമാനമുണ്ടായിരുന്നു ഐപിഎല്ലിന്. എന്നാല്‍, യുഎഇയില്‍ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങള്‍ നടത്തിയാല്‍ ഈ വരുമാനം ഒറ്റയടിക്ക് ഇല്ലാതാകും. കളിക്കാരുടെ താമസവും യാത്രയും അടക്കം ചെലവുകള്‍ പല മടങ്ങ് വര്‍ധിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളിലെല്ലാം ഇനി തീരുമാനമാകേണ്ടിയിരിക്കുന്നു.

Tags
Show More

Related Articles

Back to top button
Close