SPORTS

കളിയരങ്ങില്‍ നിന്ന് ഇര്‍ഫാന്‍ പഠാന്‍ വിരമിച്ചു


സ്വിങ് ബോളിങ്ങിന്റെ മാന്ത്രികതയുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഇര്‍ഫാന്‍ പഠാന്‍ വിരമിച്ചു. ഏഴു വര്‍ഷം മുന്‍പാണ് ഒരു രാജ്യാന്തര മല്‍സരം കളിച്ചതെങ്കിലും പഠാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് കഴിഞ്ഞദിവസമാണ്.2007 ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തുമ്പോള്‍ കലാശക്കളിയില്‍ മാന്‍ ഓഫ് ദ് മാച്ച് പഠാനായിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെതിരെ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പഠാന്റെ പ്രകടനം ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായി.രാജ്യത്തിനു വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മല്‍സരങ്ങളും കളിച്ചു.ആകെ 301 രാജ്യാന്തര വിക്കറ്റുകള്‍ കൊയ്തു. 2003 ല്‍ ഓസ്‌ട്രേലിയക്കെതിരെ അഡലെയ്ഡ് ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ പഠാനു പ്രായം 19 മാത്രം.
വഡോദരയിലെ കൊച്ചു വീട്ടില്‍ ഒരു മദ്രസ അധ്യാപകന്റെ മകനായി ജനിച്ച ഇര്‍ഫാന്‍ പഠാന്റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം ആരാധകരുടെ ആവേശമായിരുന്നു അന്ന്. പിന്നീട് സഹോദരന്‍ യൂസഫ് പഠാന്‍ കൂടി ഇന്ത്യന്‍ ടീമിലെത്തിയതോടെ പഠാന്‍ സഹോദരന്‍മാര്‍ ഹിറ്റ്‌മേക്കേഴ്‌സായി.2012 ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ കൊളംബോയിലാണ് പഠാന്‍ ഒടുവില്‍ രാജ്യാന്തര മല്‍സരം കളിച്ചത്. ടെസ്റ്റില്‍ ഹാട്രിക് നേടിയ മൂന്ന് ഇന്ത്യന്‍ ബോളര്‍മാരിലൊരാളാണ് പഠാന്‍. അപാരമായ പേസ് ഇല്ലായിരുന്നെങ്കിലും പന്തിനെ സ്വിങ് ചെയ്യാനുള്ള കഴിവുകൊണ്ടാണ് പഠാന്‍ മികവുകാട്ടിയത്. ബാറ്റിങ്ങിലും മിന്നലാക്രമണം നടത്തിയ പഠാന്‍ കപില്‍ദേവിന്റെ പിന്‍മുറക്കാരനാണെന്നും ക്രിക്കറ്റ് ലോകം വാഴ്ത്തി.ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായും മൂന്നാമനായും ബാറ്റേന്തി. ഫോമില്‍ വിരാജിക്കുമ്പോള്‍ ഇന്ത്യന്‍ ടീം കോച്ച് ആയിരുന്ന ഗ്രെഗ് ചാപ്പലാണ് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിയത്. 2010 നു ശേഷം കാര്യമായി തിളങ്ങാനായില്ല.ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഐപിഎല്ലില്‍ പഠാന്‍ നിറം മങ്ങി. 2017നുശേഷം പഠാനെ ലേലത്തില്‍പോലും ആരുമെടുത്തില്ല.ബറോഡയിലെ രഞ്ജിട്രോഫി ഇലവനില്‍പോലും ഇടം കാണാതെ പഠാന്‍ കളം വിടേണ്ടി വന്നത് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെ വേദനിപ്പിച്ചു.
ആദ്യ ഓവറിലെ ഹാട്രിക്
ക്രിക്കറ്റില്‍ നേടുന്ന ഹാട്രിക്കുകളില്‍ പലതിലും ഇര വാലറ്റക്കാരായിരിക്കും. എന്നാല്‍ ഇര്‍ഫാന്‍ പഠാന്റെ ഹാട്രിക് ആദ്യ ഓവറില്‍ ആയിരുന്നു.2006 ല്‍ കറാച്ചിയില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ്.ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയതാണ് പാക്കിസ്ഥാന്‍. പഠാന്റെ ആദ്യ ഓവറിലെ മൂന്നു ബോളും ഡോട് ബോള്‍. നാലാം പന്തില്‍ സല്‍മാന്‍ ബട്ട്, അഞ്ചാം പന്തില്‍ യൂനിസ് ഖാന്‍, അവസാന പന്തില്‍ മുഹമ്മദ് യൂസഫ്.മൂന്നും ലോകോത്തര ബാറ്റ്സ്മാന്‍മാര്‍. മൂന്നുപേര്‍ക്കും പന്ത് ശരിക്കു കാണാന്‍ പോലും അവസരം നല്‍കാതെയാണ് പഠാന്‍ പൂജ്യത്തിന് മൂന്ന് എന്ന സ്‌കോര്‍ ബോര്‍ഡ് സൃഷ്ടിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close