KERALANEWS

കള്ളം കയ്യോടെ കണ്ടുപിടിച്ചപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ ചെന്നിത്തല അറിയാതെ ചില സത്യങ്ങള്‍ തുറന്നു പറയുന്നുവെന്ന് കൊടിയേരി

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ പത്ര സമ്മേളനത്തിലെ പ്രതികരണങ്ങള്‍ യു ഡി എഫ് നടത്തിയ മുഴുവന്‍ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണെന്നും കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങള്‍ അറിയാതെ തുറന്നു പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായതെന്നും കൊടിയേരി ബാലകൃഷ്ണന്‍.
യു എ ഇ കോണ്‍സുലേറ്റില്‍ ലക്കി ഡ്രോയില്‍ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തില്‍ സി യില്‍ പറയുന്നത് കോണ്‍സുലേറ്റുകളും മറ്റും നറുക്കെടുപ്പുകള്‍ നടത്താന്‍ പാടില്ലെന്നതാണ് പ്രകടമായി പറഞ്ഞിട്ടുള്ള വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത് . ഇതു മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകള്‍ എല്ലാം കോണ്‍സുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോള്‍ ഇതേ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീല്‍ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിന്റെ പേരില്‍ സമരാഭാസവും സംഘടിപ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളില്‍ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുന്‍ അഭ്യന്തര മന്ത്രിയുടെ പരസ്യ പ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമമറിയില്ലെന്ന ന്യായം സാധാരണക്കാര്‍ക്ക് പോലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിന് ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം. കേവലം പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തില്‍ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളത്.

കോണ്‍സുലേറ്റില്‍ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം. എന്നാല്‍, ഇതിന്റെ പേരില്‍ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ജനങ്ങള്‍ ഒരു കാലത്തും മാപ്പ് നല്‍കില്ലെന്ന് ഉറപ്പ്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം തന്നെ നടത്തിയ പത്രസമ്മേളനങ്ങള്‍ സ്വയം കണ്ടു നോക്കണം. മാധ്യമങ്ങളില്‍ കണ്ടെന്നു പറഞ്ഞു വരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കുറിച്ച് പലതും വിളിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത് – തന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല അതിനു ന്യായീകരണമായി 2011 ല്‍ എന്റെ സ്റ്റാഫില്‍ അംഗമായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സമ്മാനം കിട്ടിയെന്നു കണ്ടെത്തിയ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെട്ടു.
കോവിഡ് ജാഗ്രത തകര്‍ക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close