KERALANEWS

കള്ളക്കടത്തുകാര്‍ അഴിമതി പണം വിദേശത്തേക്ക് കടത്തിയതും തിരിച്ചു കടത്തിയതും മുഖ്യമന്ത്രിയുടെ സഹായത്തോടെ: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കള്ളക്കടത്തുകാര്‍ക്ക് അഴിമതി പണം യു.എസ് ഡോളറാക്കി വിദേശത്തേക്ക് കടത്താനും അവിടുത്തെ ബാങ്കുകളില്‍ നിക്ഷേപിച്ച് അത് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിക്കാനും മുഖ്യമന്ത്രി സഹായിച്ചെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നിര്‍ഭാഗ്യത്തിന് പ്രകൃതി ദുരന്തമായ പ്രളയത്തെ പോലും അഴിമതി നടത്താനുള്ള ഉപാധിയാക്കി സര്‍ക്കാര്‍ മാറ്റിയതായി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത്, ലൈഫ്മിഷന്‍ ഭവന നിര്‍മ്മാണത്തിലെ കമ്മീഷന്‍, പ്രളയത്തിന്റെ പേരില്‍ വന്ന പണം എന്നിവയെല്ലാം യു.എസ് ഡോളറാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി ചില യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍മാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ടാക്ട് പോയിന്റായി ശിവശങ്കരനെ നിര്‍ദ്ദേശിക്കുന്നത്. സ്വപ്നയ്ക്ക് ശിവശങ്കരനെ പരിചയപ്പെടുത്തുന്നതും സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുന്നതും മുഖ്യമന്ത്രിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ജൂലായ് 7,9 തിയ്യതികളില്‍ നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ താന്‍ ഈ കാര്യം പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് 2017 മുതല്‍ സ്വപ്നയുമായ് ബന്ധമുണ്ടെന്നും ഓഫീസിലും ഔദ്യോഗിക വസതിയിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. ഇപ്പോള്‍ പുറത്തുവന്നത് ഒരു പ്രതിയുടെ വെറും മൊഴിയല്ല മറിച്ച് ഇഡിയുടെ അന്വേഷണത്തില്‍ മനസിലായ കാര്യങ്ങളാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് വേണ്ടി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. യൂണിടാക്ക് എംഡി തന്നെ സ്വപ്നയ്ക്ക് കമ്മീഷന്‍ കൊടുത്തതായി സമ്മതിച്ചിരിക്കുന്നു. എങ്ങനെയാണ് ഭവനനിര്‍മ്മാണത്തിന് കമ്മീഷന്‍ കിട്ടുന്നതെന്ന് ലൈഫിന്റെ ചെയര്‍മാനായ മുഖ്യമന്ത്രി പറയണം.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള നവരാത്രി ഘോഷയാത്രയുടെ വിഗ്രഹങ്ങള്‍ ലോറിയില്‍ കൊണ്ടുപോകുമെന്ന മന്ത്രി കടകംപ്പള്ളിയുടെ നിലപാട് അംഗീകരിക്കാനാവില്ല. മന്ത്രിയുടെ വാശിയും ദാര്‍ഷ്ട്യവും കാണിക്കാനുള്ള സ്ഥലമല്ല നവരാത്രി ഘോഷയാത്ര. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടത്തെ ഒഴിവാക്കി ആചാരങ്ങള്‍ പാലിച്ച് വേണം ഘോഷയാത്ര നടത്താന്‍. ശബരിമലയില്‍ നെയ്യഭിഷേകം അനുവദിക്കില്ലെന്ന് പറയാന്‍ കടകംപ്പള്ളിയാരാണ് ശബരിമല തന്ത്രിയാണോ തന്ത്രി പണിയല്ല മന്ത്രി പണിയാണ് കടകംപ്പള്ളി ചെയ്യേണ്ടത്. തന്ത്രിസമാജത്തോടും വിശ്വാസി പ്രതിനിധികളോടും കൂടിയാലോചിച്ചാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. ആചാരങ്ങള്‍ ലംഘിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ബി.ജെ.പി ശക്തമായി പ്രതികരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close