
ചിറ്റാര്‍: വനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ നശിപ്പിച്ചുവെന്ന് ആരോപിച്ച് വനപാലക സംഘം കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണത്തില്‍ പ്രതിരോധത്തിലായി വനപാലക സംഘം. കസ്റ്റഡിയിലെടുത്ത മത്തായിയെ വീടിനടുത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണിയാര്‍ അരീക്കക്കാവ് പടിഞ്ഞാറെ ചെരുവില്‍ പൊന്നു എന്നു വിളിക്കുന്ന സി.പി മത്തായിയാണ് മരിച്ചത്. കുടപ്പനപ്പള്ളിക്ക് സമീപമുള്ള കുടുംബവീടിനോട് ചേര്‍ന്ന് പാപ്പി ആന്‍ഡ് സണ്‍സ് എന്ന പേരില്‍ ഫാമുകള്‍ നടത്തിവരികയായിരുന്നു ഇയാള്‍. ഇതിനോട് ചേര്‍ന്നുള്ള കിണറ്റില്‍ തന്നെയാണ് മൃതദേഹവും കണ്ടെടുത്തത്. വനത്തില്‍ സ്ഥാപിച്ചിരുന്ന ഒരു ക്യാമറ നശിപ്പിച്ചത് മത്തായിയാണെന്ന സംശയത്തില്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി ചിറ്റാര്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്. ഭാര്യ ഷീബയുടെ മുന്നില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാ ഗാര്‍ഡ് അടക്കം ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
കസ്റ്റഡിയിലെടുത്ത മത്തായിയെ ചിന്നാര്‍ പോലീസ് കേന്ദ്രത്തില്‍ കൊണ്ടുപോയെന്നു കരുതി കുടുംബാംഗങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി വീട്ടിലെത്തിച്ചുവെന്നായിരുന്നു അറിഞ്ഞത്. അധികം വൈകാതെ മത്തായി മരിച്ചു എന്നും അറിയിച്ചു. ക്യാമറയുടെ മെമ്മറികാര്‍ഡ് എടുത്തു നല്‍കുന്നതിനായി വീട്ടിലെത്തിയ മത്തായി വനപാലക സംഘത്തിന്റെ കൈയ്യില്‍ നിന്നും കുതറിയോടി കിണറ്റില്‍ ചാടിയെന്നാണ് അവര്‍ നാട്ടുകാരോട് പറഞ്ഞത്.
സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിപ്പോഴെക്കും വാഹനം ഉപേക്ഷിച്ച് വനപാലക സംഘം രക്ഷപ്പെട്ടിരുന്നു. പിന്നീട് ചിറ്റാര്‍ എസ്ഐയും വില്ലേജ് ഓഫീസറുമടക്കം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. മത്തായിയുടെ മരണത്തില്‍ വനപാലക സംഘത്തിന് പങ്കുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. മരണശേഷം ഇവര്‍ കടന്നു കളഞ്ഞതും സംശയത്തിനാക്കം കൂട്ടുന്നു. വിഷയത്തിലാരോപിതരായ ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും അന്വേഷണം നടത്താനും വനം വകുപ്പ് ഉത്തരവിട്ടുണ്ട്. സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന് കുമാറിനാണ് അന്വേഷണ ചുമതല.