പത്തനംതിട്ട : കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലഭിക്കുന്ന അല്‍പ്പ സമയം ഫലപ്രദമായി ഉപയോഗിച്ച് പ്രണയാര്‍ദ്രമായ രണ്ട് കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് പത്തനംതിട്ട പെരുമ്പെട്ടി എസ് എച്ച് ഒ വിപിന്‍ ഗോപി നാഥ്.പൂമരം പെയ്യുമ്പോള്‍, ശലഭ ദൂരങ്ങള്‍ എന്നീ കവിതാ സമാഹാരങ്ങളാണ് വിപിന്‍ ഗോപിനാഥ് പുറത്തിറക്കിയത് . കവി കടമ്മനിട്ട രാമകൃഷ്ണന് സമര്‍പ്പിച്ചാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. നാല്‍പത് കവിതകളുടെ സമാഹാരമാണ് പൂമരം പെയ്യുമ്പോള്‍. കാല്പനിക കവികളെ അതത് ഭൂപ്രകൃതിയിലുള്ള പൂമരങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആ സങ്കല്‍പം സത്യമാണെന്ന് പൂമരം പെയ്യുമ്പോള്‍ എന്ന ഈ കവിത സമാഹാരം സമര്‍ഥിക്കുന്നു.
ഇദ്ദേഹത്തിന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണ് ശലഭ ദൂരങ്ങള്‍. ഇതിന്റെ കവര്‍ ചിത്രം വരച്ചിരിക്കുന്നതും ഇദ്ദേഹമാണ്. ഏറ്റവും നല്ല മനസ്സുകളുടെ ഉടമകളും മികച്ച മനുഷ്യരുമാണ് പ്രണയ ലോകത്തേക്കു പ്രവേശിക്കുന്നത് എന്ന് അര്‍ത്ഥ ശങ്കയില്ലാതെ കവി വ്യക്തമാക്കുന്നു. പ്രണയത്തെ കാമത്തോടും വാല്‍സല്യത്തോടും എന്നല്ല ഏതു വികാരത്തോടും ചേര്‍ത്തു വയ്ക്കാന്‍ സാധിക്കുമെന്ന ധാരണ തെറ്റാണെന്ന് ശലഭദൂരങ്ങളിലൂടെ കവി ഓര്‍മ്മപ്പെടുത്തുന്നു.ഓരോ വികാരത്തിനും അതിന്റേതായ അന്തസത്തയുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ ക്ഷണികമായ കാമം വാല്‍സല്യമാകില്ലായെന്നും പ്രണയം കാമത്തോട് സമരസപ്പെടാറില്ലെന്നും ഇദ്ദേഹത്തിന്റെ കവിതകളില്‍ തെളിയുന്നു. പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെ സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ടെങ്കിലും പ്രണയത്തിന്റെ സങ്കീര്‍ണതകളെ ഇഴപിരിച്ചറിയാന്‍ കഴിയുന്നതാണ് ഇദ്ദേഹത്തിന്റെ കവിതകളെല്ലാം.
വേറിട്ട ആഖ്യാന ശൈലിയും ഭാഷാ പ്രയോഗവുമാണ് ഇദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത. ചൊല്‍ കവിതകളും ഗദ്യകവിതകളും പ്രാസമൊത്ത വരികളും വായനയെ മികവുറ്റതാക്കുന്നുണ്ട്. പഠന കാലഘട്ടം മുതല്‍ സമാഹരിച്ച ആശയങ്ങള്‍ വരികളിലൂടെ ജനമനസിലേക്ക് എത്തിക്കുകയാണ് വിപിന്‍ ഗോപിനാഥ് ചെയ്തിരിക്കുന്നത്. പൊലീസ് സേനയെ സമൂഹം പലപ്പോഴും പ്രതി കൂട്ടിലാക്കുമ്പോഴും തന്റേതായവഴിയില്‍ കൂടി കടന്നു വന്ന വ്യത്യസ്തമായി ചിന്തിക്കുന്ന കനിവും പ്രണയ മനസും ഉള്ളവരും പൊലീസ് സേനയുടെ ഭാഗമാണ് എന്ന് കൂടി തെളിയിക്കുകയാണ് വിപിന്‍ ഗോപിനാഥ് തന്റെകവിതാ സമാഹാരങ്ങളിലൂടെ.