KERALANEWS

കാട്ടാനഭീതിയില്‍ മലയോരമേഖല

തിരുവനന്തപുരം: വന്യമൃഗങ്ങള്‍ കൂട്ടത്തോടെ വന്നു മലയോര കൃഷി നശിപ്പിക്കുന്നതും നാട്ടുകാരെ ആക്രമിക്കുന്ന സംഭവവും വര്‍ധിച്ചതോടെ ഇവിടെയുള്ളവര്‍ ഭീതിയിലായിരിക്കുകയാണ്. ഉള്‍വനങ്ങളില്‍ നിന്ന് നേരത്തേ കാട്ടാന ശല്യം ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ വല്ലപ്പോഴുമൊക്കെയാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നത്. ഈയിടെയായി പകലും കാട്ടാനക്കൂട്ടങ്ങളും കാട്ടു പോത്തുകളും വ്യാപകമായി ഊരുകളിലേക്ക് എത്തുന്നുണ്ട്. അമ്പൂരിയില്‍ 14കാരന്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചതോടെയാണ് മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചത്

അമ്പൂരി, വെള്ളറട, ആര്യങ്കോട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ കാട്ടില്‍ നിന്നും എത്തുന്ന വന്യജീവികള്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കൃഷി ചെയ്ത് ആദായം എടുക്കാനും മനസമാധാനത്തോടെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടില്‍നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നിയും വാനരപ്പടയും ഒരു കൃഷിയും ചെയ്യാന്‍ അനുവദിക്കുന്നില്ല. തെങ്ങ് ഏറെയുണ്ടെങ്കിലും കൊച്ചങ്ങ പരുവത്തില്‍തന്നെ വാനരന്മാര്‍ മുഴുവനും നശിപ്പിക്കുകയാണ്. കാട്ടുപന്നിയാകട്ടെ വാഴത്തോട്ടങ്ങളില്‍ വാഴകളും മരിച്ചീനിയും കൃഷിയും മറ്റുനാണ്യവിളകളും കുത്തിമറിച്ച് നശിപ്പിക്കുന്നതും പതിവാണ്. ഇതിനു പുറമെ രാത്രി കാലങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ വിളകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുന്നതും പതിവാണ്.

കല്ലാര്‍, ആനപ്പാറ, കല്ലന്‍കുടി, കൊമ്പുരാന്‍കല്ല്, നെട്ടയം, പൊടിയക്കാല തുടങ്ങിയ ഊരുകളെല്ലാം കാട്ടാനഭീതിയിലാണ് വര്‍ഷങ്ങളായി ജനങ്ങള്‍ ഉറങ്ങുന്നതും ഉണരുന്നതും. നിരവധി പേരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. പൊടിയക്കാല ഊരില്‍ മാത്രം അടുത്തടുത്ത് കുത്തേറ്റു മരിച്ചത് അഞ്ചു പേരാണ്. കാട്ടാന ഓടിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പ് രാത്രികാലങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പകലും ശല്യമുണ്ട്.

കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഷിജുകാണി കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനക്കൂട്ടമുള്ളതിനാല്‍ അന്വേഷണം നടത്താന്‍ പോലീസിന് എത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. പോലീസ് വ്യാഴാഴ്ച ഇവിടെ എത്തിയെങ്കിലും കാട്ടാനകൂട്ടത്തെ കണ്ട് അവര്‍ മടങ്ങുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍ ബോട്ടിലെത്തി ആദിവാസികളുടെ സഹായത്തോടെ ആനകളെ ഓടിച്ച് ഉള്‍ക്കാട്ടില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കൊമ്പൈക്കാണിയില്‍ ആനകൂട്ടം ഇപ്പോഴും നില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close