KERALATrending

കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് അംഗീകാരം; ലോകത്തെ പരിസ്ഥിതിസൗഹൃദ ബീച്ച്

ന്യൂഡല്‍ഹി: പരിസ്ഥിതിസൗഹൃദ ബീച്ചുകള്‍ക്ക് നല്‍കുന്ന രാജ്യാന്തര ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കോഴിക്കോട് കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തു. കോഴിക്കോട് കാപ്പാട് അടക്കം രാജ്യത്തെ എട്ട് ബീച്ചുകള്‍ക്കാണ് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം. നൂറ് ശതമാനം വൃത്തിയും വെടിപ്പുമുള്ള തീരങ്ങള്‍ക്ക് നല്‍കിവരുന്ന അംഗീകരാമാണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ കാപ്പാട് ബീച്ചും ഇടംനേടും. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷന്‍ എന്ന സ്ഥാപനമാണ് ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. UNEP, UNWTO, FEE, IUCN പ്രതിനിധികള്‍ അടങ്ങിയ അന്താരാഷ്ട്ര ജൂറിയുടെതാണ് തീരുമാനം. കാപ്പാടിന് പുറമെ ശിവരാജ്പൂര്‍ (ദ്വാരക-ഗുജറാത്ത്) ഗൊഘ്ല (ദിയു), കാസര്‍ഗോഡ്-പടുബിദ്രി (കര്‍ണാടക), റുഷികൊണ്ട (ആന്ധ്രപ്രദേശ്) ഗോള്‍ഡന്‍ (പുരി-ഒഡീഷ), രാധാനഗര്‍ (ആന്‍ഡമാന്‍ ദ്വീപ് സമൂഹം) എന്നിവയാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ച കടല്‍തീരങ്ങള്‍. രാജ്യത്തെ എട്ടു ബിച്ചുകളെ തെരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന ട്വീറ്റ് നല്‍കി.

33 മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയതിനുശേഷമാണ് കാപ്പാട് ബീച്ചിനെ തിരഞ്ഞെടുത്തത്. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളില്‍ പ്രധാനം. കാപ്പാട് തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുന്നുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ഡല്‍ഹി ആസ്ഥാനമായുള്ള എ. ടു സെഡ് കമ്പനിയുടെ ജീവനക്കാരും കാപ്പാട് ബീച്ചില്‍ സ്ഥിരമായുണ്ട്. അംഗീകാരം സംബന്ധിച്ച ബ്ലൂ ഫ്ലാഗ് അഭിനന്ദനക്കത്ത് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചതായി പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു. കാപ്പാട് ബീച്ച് നവീകരണത്തിനായി എട്ട് കോടി രൂപയാണ് ചെലവിട്ടത്. കാപ്പാട് വാസ്‌കോഡി ഗാമാസ്തൂപത്തിന് സമീപത്തുനിന്ന് തുടങ്ങി വടക്കോട്ട് 500 മീറ്റര്‍ നീളത്തിലാണ് വിവിധ പ്രവൃത്തികള്‍ നടത്തിയത്. മികച്ച നിലവാരമുള്ള ടോയ്‌ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു. ഇവിടെ 200 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യമുണ്ട്. തീരത്തെ കടല്‍വെള്ളം വിവിധ ഘട്ടങ്ങളില്‍ പരിശോധിക്കാനും സംവിധാനമുണ്ട്. ഓരോ ദിവസത്തെയും തിരമാലകളുടെയും കാറ്റിന്റെയും ശക്തി, അപായ സാധ്യതകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് (സൈക്കോ) എന്ന സ്ഥാപനമാണ് ബ്ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. രണ്ടു വര്‍ഷം കൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഇന്ത്യ. പുരസ്‌കാര നേട്ടത്തോടെ ബ്ലൂ ഫ്ലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ ഇടം പിടിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close