
പാരീസ്: പ്രവാചക നിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ അധ്യാപകന്റെ തലയറുത്ത സംഭവത്തില്‍ ഒന്‍പത്പേര്‍ അറസ്റ്റില്‍. ഇദ്ദേഹം പഠിപ്പിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളും അറസ്റ്റിലായവരില്‍ ഉള്പെടുന്നുവെന്നാണ് ഫ്രാന്‍സിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും
ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.പ്രവാചകന് മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പ്രദര്‍ശിപ്പിക്കാനുള്ള അധ്യാപകന്റെ തീരുമാനത്തില്‍ വിയോജിപ്പ് ഉള്ളതായി അറസ്റ്റിലായ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ മറ്റ് ആളുകള്‍ അക്രമിയുടെ സുഹൃത്തുക്കളായിരുന്നുവെന്നും കുടുംബാംഗങ്ങളല്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൊലപാതകം നടത്തിയ അക്രമി പിടികൂടാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇയാള്‍ക്ക് 18 വയസ്സ് മാത്രമായിരുന്നു പ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ വംശജനാണ് അക്രമിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.പാരീസ് നഗരത്തോടു ചേര്‍ന്ന പ്രദേശമായ കോണ്‍ഫ്രാന്‍ സെയിന്റ് ഹോണോറിനിലെ ഒരു സ്കൂളിലായിരുന്നു അതിക്രൂരമായ ഈ കൊലപാതകം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രവാചകന് മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് അക്രമികളുടെ വാളിന് ഇരയായത്.
ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിലെ അടിയന്തര യോഗത്തിന് ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നടന്നത് ഇസ്ലാമിക ഭീകരാക്രമണമാണെന്നും രാജ്യം മുഴുവന്‍ അധ്യാപകരുടെ പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും പ്രസിഡന്റ് പറയുകയും ചെയ്തിരുന്നു.