
MEDIA MANGALAM FOLLOW UP
പ്രത്യേക ലേഖകന്‍
തൃശ്ശൂര്‍: പൊള്ളാച്ചിയിലെ സ്വകാര്യവ്യക്തികളുടെ തെങ്ങിന് തോട്ടങ്ങളില്‍ നിന്നു ഗുണമേന്മ ഉറപ്പാക്കാത്ത വിത്തു തേങ്ങ ശേഖരിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ ലേബലില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള പദ്ധതി ഈ വര്‍ഷവും നടപ്പാക്കുന്നു. ആദ്യഘട്ടത്തില്‍ രണ്ടര ലക്ഷം തേങ്ങയാണ് കൊണ്ടുവരുന്നത്.ഇതിന്റെ ലോഡുകള്‍ വെള്ളാനിക്കരയിലും മറ്റ് കേന്ദ്രങ്ങളിലും ഇറക്കി തുടങ്ങി.
പൊള്ളാച്ചിയില്‍ നിന്നു ശേഖരിച്ച നാലു ലക്ഷത്തോളം വിത്തു തേങ്ങ മുളപ്പിച്ച് കാര്‍ഷിക സര്‍വ്വകലാശാലയുടെ തൈ എന്ന പേരില്‍ കൃഷി വകുപ്പ് വഴി കര്‍ഷകര്‍ക്കു് കൈമാറത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ആറുമാസം കഴിഞ്ഞു വിതരണം ചെയ്യാനുള്ള തൈ തയാറാക്കാന്‍ പൊള്ളാച്ചിയില്‍ നിന്നുതന്നെ വിത്തു തേങ്ങ ശേഖരിക്കാനുള്ള നീക്കം
കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരടി വിത്തു തേങ്ങ വാങ്ങാനാണ് സര്‍വ്വകലാശാലാ ഗവേഷണ വിഭാഗം മേധാവി ഗവേഷണ കേന്ദ്രം മേധാവിമാര്‍ക്കു നല്കിയ നിര്‍ദ്ദേശം. തമിഴ്നാട്ട്കാരനായ ഉന്നതന്റെ താല്പര്യപ്രകാരമാണ് പൊള്ളാച്ചിയില്‍ നിന്നുള്ള വിത്തുതേങ്ങ ശേഖരണയെന്നാണ് ആക്ഷേപം.കോവിഡിന്റെ മറവില്‍ ഗുണമേന്മ ഉറപ്പാക്കാതെ ഏജന്റ് വഴിയാണ് തേങ്ങാ ശേഖരണം. ഇതിനു വേണ്ടി പൊള്ളാച്ചി രാമപട്ടണത്തുള്ള ബാല തിരുമൂര്‍ത്തി എന്നയാളെ ബന്ധപ്പെടാനാണ് ഗവേഷണ വിഭാഗം ഡയറക്ടര്‍ നല്കിയ നിര്‍ദ്ദേശം. 23 രൂപയാണ് ഒരു തേങ്ങ വില. തോട്ടത്തില്‍ പോയി ഗുണമേന്മ ഉറപ്പാക്കാതെയാണ് ശേഖരണം.
സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘കേര കേരരളം സമൃദ്ധ കേരളം ‘ എന്ന പദ്ധതിക്കാണിത്. വിത്തു തേങ്ങ നല്കാന് കേരളത്തില്‍ തന്നെ നാളികേര കര്‍ഷകരുടെ ക്ലസ്റ്ററുകളുണ്ട്. വടകര മേഖലയില്‍ നിന്നാണ് കേരളത്തില്‍ ഏറ്റവും നല്ല വിത്തു തേങ്ങ ലഭിക്കുന്നത്.നല്ല വിത്തു തേങ്ങയ്ക്ക് 70 രൂപയാണ് കൃഷി വകുപ്പു നിശ്ചയിച്ച വില. കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ അംഗീകാരമുള്ള തോട്ടങ്ങളില്‍ നിന്നു വേണം വിത്തു തേങ്ങ ശേഖരിക്കാന്‍. ലക്ഷണമൊത്ത മാതൃവൃക്ഷങ്ങള്‍ നേരിട്ടു വിലയിരുത്തണം. തേങ്ങ താഴെ വീഴാതെ കെട്ടിക്കിറക്കണം.ഈ ഗുണമേന്മാ മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെയാണ് പൊള്ളാച്ചിയില്‍ നിന്നുള്ള വിത്തു തേങ്ങ ശേഖരണം.
തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം കാരണം ഉയരം കുറഞ്ഞ സങ്കരയിനങ്ങള്‍ കര്‍ഷകരില്‍ വ്യാപിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം.എന്നാല്‍ പൊള്ളാച്ചിയില്‍ നിന്നും കൊണ്ടു വരുന്നത് ഉയരം കൂടിയ പശ്ചിമ തീര നെടിയന് (ഡബ്ല്യു സി ടി) ഇനമാണ്. രുചിയില്ലാത്തതും കാമ്പു കുറഞ്ഞതുമായ ഈ ഇനം നട്ടു പിടിപ്പിച്ചാല്‍ ഗുണമേന്മയില്ലാത്ത തെങ്ങ് കേരളം മുഴുവന്‍ വ്യാപിക്കും.
ഉയരം കുറഞ്ഞ അനന്ത ഗംഗ, ലക്ഷഗംഗ, കേരഗംഗ, കേര ശ്രീ,കേര സൗഭാഗ്യ എന്നീ ഉല്പാദന ശേഷി കൂടിയ സങ്കര ഇനം തെങ്ങുകള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ തൈകള്‍ കൂടുതല്‍ ഉല്പാദിപ്പിച്ചു കര്‍ഷകര്‍ക്കു നല്‍കാതെ പൊള്ളാച്ചി തൈകള്‍ നല്കി കര്‍ഷകരെ കബളിപ്പിക്കുകയാണ് സര്‍വ്വകലാശാല.കേരളത്തിലെ കര്‍ഷകര്‍ക്കു വേണ്ടി ഗവേഷണം നടത്തേണ്ട കാര്‍ഷിക സര്‍വ്വകലാശാല ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രമായി മാറിയതില്‍ കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്.