KERALANEWS

കാലടിയിലെ നിയമന വിവാദം, സര്‍വ്വകലാശാലയിലേക്ക് കെ.എസ്.യു പ്രതിഷേധം

കോഴിക്കോട്: കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലേക്ക് പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍. സര്‍വ്വകലാശാല ആസ്ഥാനത്തേക്കാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.സര്‍വ്വകലാശാല വിസിയുടെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു.

അതേസമയം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ ചേര്‍ന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക തങ്ങള്‍ തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്ക് വിരുദ്ധമാണെന്നും അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാര്‍ഥിയ്ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാര്‍ഥികളെ മറികടന്നാണ് ഈ ഉദ്യോഗാര്‍ഥി പട്ടികയില്‍ ഒന്നാമതായത്.

സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നെങ്കില്‍ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നെന്നും ഈ നടപടി സര്‍വകലാശാലാ എത്തിക്സിന് വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.തങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള ഈ തെറ്റായ നിയമനം തങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയതായും സര്‍വകലാശാലയുടെ സല്‍പ്പേരിനും അന്തസ്സിനും കളങ്കമേല്‍പ്പിച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജനുവരി 31ന് ആണ് കത്ത് നല്‍കിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close