കോവിഡ് കാലം ലോക ജനതയ്ക്ക് സാമൂഹ്യ, സാമ്പത്തിക അരാജകത്വത്തിന്റെ നാളുകളാണ് സമ്മാനിച്ചത്. . നിലനില്‍പ്പിനായി മനുഷ്യര്‍ നാലു ചുവരുകളില്‍ സ്വയം തടവിലെന്നപോലെ കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഇക്കാലയളവില്‍ രാജ്യത്തെ ഓരോ മനുഷ്യനും കഴിഞ്ഞത്. ദിവസ വരുമാനം കൊണ്ടുമാത്രം കഴിഞ്ഞിരുന്ന കുടുംബത്തിനുമേല്‍ കനത്ത ആഘാതമാണ് അത് ഏല്‍പ്പിച്ചത്. സാമ്പത്തിക പരാധീനതകള്‍ക്കുമേല്‍ ജീവിതമെങ്ങനെ മുന്നോട്ടു നീക്കുമെന്ന ചോദ്യമായിരുന്ന ജനങ്ങളുടെ അവസ്ഥയെ കൂടുതല്‍ പരുങ്ങലിലാക്കും വിധമാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കു നല്‍കിയാണ് നാം ഓരോരുത്തരും ഇന്ധനം വാങ്ങുന്നത്.
രാജ്യത്തെ മൊത്തം സാമ്പത്തിക നിലയെ സ്വാധീനിക്കാനുള്ള കഴിവ് പെട്രോള്‍, ഡീസല്‍ വിലയ്ക്കുണ്ട്. ഇതിലുണ്ടാവുന്ന വര്‍ധനവ് പ്രത്യക്ഷമായി തന്നെ ചരക്കു നീക്കത്തെ സ്വാധീനിക്കും. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാമേഖലകളിലേയും വില വര്‍ധനയ്ക്ക് കാരണമായി തീരുകയും ചെയ്യും. സാമ്പത്തിക അരാചകത്വത്തിന്റെ ഈ സമയങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടാകുന്ന വില വര്‍ധനവിനെ നാം എങ്ങിനെ നേരിടാനാണ്?
പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ 19 ദിവസങ്ങളായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് പലയിടത്തായി 80 മുതല്‍ 86 രൂപവരെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില. കഴിഞ്ഞ ജൂണ്‍ ഏഴുമുതല്‍ ഇതുവരെ ഡീസല്‍ ലിറ്ററിനു 9.40 രൂപയും പെട്രോളിനു 8.56 രൂപയും വര്‍ധിച്ചു. നമ്മുടെ അയല്‍ രാജ്യങ്ങളിലെ പെട്രോള്‍ ഡീസല്‍ വില പരിശോധിക്കുമ്പോള്‍ നമുക്കു നേരെ നടക്കുന്ന പകല്‍ക്കൊള്ള വ്യക്തമാകും. ശ്രീലങ്കയില്‍ പെട്രോളിനു 66.21 രൂപയും ഡീസലിനു 42.77 രൂപയുമാണ്. പാക്കിസ്ഥാനിലാവട്ടെ പെട്രോള്‍ 34.52, ഡീസല്‍ 37.13 രൂപ എന്നി നിരക്കിലും. ചൈനയിലെയും നേപ്പാളിലെയും സ്ഥിതി മറ്റൊന്നുമല്ല. അസംസ്‌കൃത എണ്ണയുടെ മൂന്നിരട്ടി വിലയിലാണ് ഇന്ത്യയില്‍ ഇന്ധന വില്‍പ്പന.
ഇന്ത്യയിലെ ഇന്ധന വില നിയന്തിക്കുന്നത് പെട്രാളിയം ഇറക്കുമതി ചെയ്യുന്ന സ്വകാര്യ കമ്പനികളാണ്. ദിവസവും സ്വന്തം ഇഷ്ടപ്രകാരം വിലകയറ്റുകയാണ് ഇന്ധന കമ്പനികള്‍. ഈ കോവിഡ് കാലത്ത് ശക്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉണ്ടാവുകയില്ലെന്ന ആത്മവിശ്വാസമാകാം ഇതിനു കാരണം. ഇവിടുത്തെ ജനാധിപത്യ സര്‍ക്കാരുകള്‍ അതിനെ കണ്ണടച്ചു പിന്തുണയ്ക്കുകയും ചെയ്യുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു മേല്‍ അധിക നികുതി ചുമത്തുന്നതു വേറെ. ഇന്ധന വില കുറവായിരുന്ന സമയത്ത് ഏര്‍പ്പെടുത്തിയ അതേ നികുതി തന്നെയാണ് ഈ വില വര്‍ധനവിന്റെ കാലത്തും ജനങ്ങളുടെ കയ്യില്‍ നിന്നും വാങ്ങുന്നത്. ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ എക്‌സൈസ് തീരുവ കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതിന്റെ ആനുകൂല്യം സംസ്ഥാന സര്‍ക്കാരിനും ലഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ ജനങ്ങളോടു ഒരേ സമീപനമാണ് പുലര്‍ത്തുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ നികുതിയിനത്തില്‍ 33 രൂപ കേന്ദ്ര ഖജനാവിലെത്തും. സംസ്ഥാനത്തിനു 18 രൂപയും. ഡീസലിന് ഇത് യഥാക്രമം 32, 14 എന്നിങ്ങനെയാണ് നികുതി വരുമാനങ്ങള്‍. 19 ദിവസമായി ഇന്ധന വില അടിക്കടി വര്‍ധിക്കുന്നതുകൊണ്ട് കോടികളുടെ അധികവരുമാനമാണ് ഇരു സര്‍ക്കാരുകള്‍ക്കും ലഭിക്കുക. ഇന്ധന അധിക നികുതി ഒഴിവാക്കില്ലെന്നും വര്‍ധിപ്പിച്ച എക്‌സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് തയ്യാറാവേണ്ടത് എന്നുമാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. അസംസ്‌കൃത എണ്ണയുടെ മൂന്നിരട്ടി വിലയിലാണ് ഇന്ത്യയില്‍ എണ്ണവില്‍പ്പന. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെ ഈ പകല്‍ക്കൊള്ളയില്‍ ജീവിതം വഴിമുട്ടുക ഇന്ത്യയിലെ ഭൂരിപക്ഷത്തിലേറെ വരുന്ന ജനങ്ങള്‍ക്കാണ്.
സ്വന്തം ജനങ്ങളുടെ ഓട്ടപ്പാത്രങ്ങളിലും കയ്യിട്ടുവാരി സ്വന്തം ഖജനാവില്‍ സ്വര്‍ണവും മുത്തും നിറച്ചിരുന്ന ദുഃഷ്പ്രഭുക്കരുടെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ജനങ്ങള്‍ തന്നെ അവരുടെ ക്ഷേമത്തിനായി അധികാര വിഭാഗത്തിനെ തിരഞ്ഞെടുക്കുന്ന സ്ഥിതി വന്നു. എന്നാല്‍ ജനങ്ങളുടെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. ജനങ്ങള്‍ അധികാരികളാകുന്ന ജനാധിപത്യം ഇന്നു നോക്കുകുത്തിയാവുന്നതിന്റെ ചിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്.