INDIA

കാശ്മീരിലെ നിയന്ത്രണം പുനപരിശോധിക്കണം: സുപ്രീംകോടതി

ദില്ലി: കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നിരോധാനജ്ഞയും പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇന്റര്‍നെറ്റിനുളള സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തില്‍ പെടുന്നതാണെന്ന് ജസ്റ്റീസ് രമണ്ണ പറഞ്ഞു. ഭരണഘടനയുടെ 19-ാംവകുപ്പിന്റെ പരിധിയില്‍ ഇത്‌പെടുമെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇതിനുള്ള നിയന്ത്രണണങ്ങള്‍ ഭരണഘടനയുടെ12(1) വകുപ്പിന് വിധേയമായിട്ടായിരിക്കണം.ഈ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ്.

ഇന്റര്‍നെറ്റ് നിയന്ത്രിക്കാനുള്ള തീരുമാനങ്ങള്‍ കോടതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റീസ് രമണ വ്യക്തമാക്കി.രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയല്ല കോടതി തീരുമാനമെടുക്കുകയെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
കാശ്മീരിലെ നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും സാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ വിധി പറയാന്‍ നവംബര്‍ 27നാണ് കോടതി മാറ്റിവെച്ചത്.
ഓഗസ്റ്റ് 5 ന് കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370 -ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. ഇവയില്‍ ചില ചെറിയ ഇളവുകള്‍ വരുത്തിയെങ്കിലും വിലക്കുകളെല്ലാം ഇപ്പോഴും നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിച്ചിട്ടില്ല. കാശ്മീരിലെ ജനങ്ങളുടെ നിലയെന്തെന്ന് പുറംലോകത്തിന് അറിയാനുള്ള വഴി വളരെ പരിമിതപ്പെട്ടിരിക്കുകയാണ്. സംസ്ഥാനം സന്ദര്‍ശിക്കാനുള്ള രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ തടയുകയായിരുന്നു.

കാശ്മീര്‍ ടൈംസിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ എംപി ഗുലാം നബി ആസാദ് തുടങ്ങിയവരാണ് നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഭരണഘടനാസാധുത ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ 19 -ാം വകുപ് ഉറപ്പുനല്‍കുന്ന പൗരസ്വാതന്ത്ര്യത്തിന് എതിരാണ് ഈ നിയന്ത്രണങ്ങളെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്. പുട്ടസ്വാമി കേസില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള പൗരന്റെ സ്വകാര്യത സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് ഹരജിക്കാര്‍ പറയുന്നു.

ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് നിയന്ത്രണങ്ങള്‍ നടപ്പാക്കണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 352 പ്രകാരമുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കണമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊന്ന് കാശ്മീരില്‍ പ്രഖ്യാപിച്ചിട്ടില്ല. കാശ്മീരിലെ 70 ലക്ഷം ജനങ്ങളുടെ ജീവിതങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ് നിരോധന-നിയന്ത്രണങ്ങളിലൂടെ സര്‍ക്കാരെന്നും ഹരജിക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് ഈ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നായിരുന്നു സര്‍ക്കാറിന്റെ വാദം.ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close