NEWSSPORTSWORLD

കിടുക്കൻ സേവുകളുമായി ഹീറോ ആയി ഗോൾകീപ്പർ മാർട്ടിനസ്; കോപ്പ അമേരിക്കയിൽ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനല്‍

ബ്രസീലിയ: തകർപ്പൻ സേവുകളുമായി മാർട്ടിനസ് ഗോൾവല കാത്തപ്പോൾ കോപ്പ അമേരിക്കയിൽ ഫുട്ബോൾ പ്രേമികൾക്ക് ലഭിച്ചത് ഏറെ നാളായി കാത്തിരിക്കുന്ന ബ്രസീൽ അർജന്റീന ഫൈനൽ മത്സരം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലില്‍ കൊളംബിയയെ 3-2 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഫൈനലിലെത്തിയ ബ്രസീലും ചേരുമ്പോൾ ഇത്തവണ ഫൈനൽ പോരാട്ടത്തിൽ മാരക്കാനയിൽ തീപാറും.

ഗോളി എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്. അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു. കൊളംബിയയുടെ ഡേവിന്‍സണ്‍ സാഞ്ചെസ്, യെരി മിന, എഡ്വിന്‍ കാര്‍ഡോണ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടഞ്ഞിട്ടത്. ലക്ഷ്യം കാണാനായത് മിഗ്വെല്‍ ബോര്‍ഹയ്ക്ക് മാത്രമാണ്.

കിക്കോഫായി ഏഴാം മിനുറ്റില്‍ തന്നെ അര്‍ജന്‍റീന മത്സരത്തില്‍ മുന്നിലെത്തി. ബോക്സിനുള്ളില്‍ മെസി മറിച്ചുനല്‍കിയ പന്തില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒപ്പമെത്താന്‍ എല്ലാ അടവും പുറത്തെടുക്കുന്ന കൊളംബിയയെ പിന്നീട് കണ്ടു. 36-ാം മിനുറ്റില്‍ റീ-ബൗണ്ടില്‍ നിന്ന് ബോറിയോസ് തൊടുത്ത വോളിയും രണ്ട് മിനുറ്റുകള്‍ക്കുള്ളില്‍ മിനയുടെ തക‍ര്‍പ്പന്‍ ഹെഡറും പോസ്റ്റില്‍ തട്ടിയവസാനിച്ചു. ഇതോടെ അര്‍ജന്‍റീനയുടെ ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയിലും കൊളംബിയ പരിക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളി കാര്യമായി. ലിയോണല്‍ മെസിയായിരുന്നു നിരന്തരം ഇര. അര്‍ജന്‍റീനന്‍ താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു. ഇതിനിടെ 61-ാം മിനുറ്റില്‍ കൊളംബിയ മത്സരത്തില്‍ ഒപ്പം പിടിച്ചു. കര്‍ഡോണ അതിവേഗമെടുത്ത ഫ്രീകിക്കില്‍ അര്‍ജന്‍റീനന്‍ താരങ്ങളെ കബളിപ്പിച്ച് ലൂയിസ് ഫെര്‍‍ണാണ്ടോ ഡയസായിരുന്നു തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ വല ചലിപ്പിച്ചത്. 67-ാം മിനുറ്റില്‍ മറ്റൊരു ഫ്രീകിക്ക് അവസരം തേടിയെത്തിയെങ്കിലും കൊളംബിയന്‍ താരം സാഞ്ചസിന്‍റെ ഷോട്ടിന് ഗോളിയെ കീഴടക്കാന്‍ കരുത്തില്ലായിരുന്നു.

74-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ മിന്നല്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് മാര്‍ട്ടിനസ് ഷോട്ടുതിര്‍ത്തെങ്കിലും മിനയുടെ ക്ലാസിക് ബ്ലോക്ക് കൊളംബിയയെ രക്ഷിച്ചു. 77-ാം മിനുറ്റില്‍ ബോക്സിന് പുറത്ത് മെസിക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടിവീണു. 82-ാം മിനുറ്റില്‍ മരിയയുടെ പാസില്‍ മെസിയുടെ ഇടംകാലന്‍ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചത് അപ്രതീക്ഷിത കാഴ്ചയായി. പിന്നീട് ഇരു ടീമും ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പൂര്‍ണസമയത്ത് സമനിലക്കുരുക്കഴിഞ്ഞില്ല. ആവേശം പരിക്കനാകുന്നത് അവസാന അഞ്ച് മിനുറ്റുകളിലും കണ്ടു.

മത്സരത്തിന്‍റെ 90-ാം മിനുറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള മെസിയുടെ കിക്ക് കൊളംബിയ പ്രതിരോധിച്ചപ്പോള്‍ കൗണ്ടറിനുള്ള ശ്രമത്തിനിടെ കൊളംബിയ‍ന്‍ താരം ഡയസിനെ ഫൗള്‍ ചെയ്തതിന് പെസ്സെല്ല മഞ്ഞക്കാര്‍ഡ് കണ്ടു. നാല് മിനുറ്റ് അധികസമയവും ഇരു ടീമിനും മുതലാക്കാന്‍ കഴിയാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകളുമായി എമിലിയാനോ മാ‍ര്‍ട്ടിനസ് അര്‍ജന്‍റീനയുടെ വിജയശില്‍പിയായി. മാരക്കാനയില്‍ ഞായറാഴ്‌ച (ജൂലൈ 11) ഇന്ത്യന്‍സമയം പുല‍ര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കിക്കോഫാവുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close