
ലഖ്നൗ: കുംഭമേളയ് ക്കെതിരെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിനെതിരെ പ്രതിഷേധം. കുംഭമേളയ്ക്ക് സര്‍ക്കാര്‍ 4200 കോടി രൂപ ചെലവഴിക്കുന്നതിനെതിരെയാണ് ഉദിത് രാജ് വിമര്‍ശനം ഉന്നയിച്ചത്. കുംഭമേളയ്ക്ക് ഇപ്രകാരം സര്‍ക്കാര്‍ പണം അനുവദിക്കരുതെന്നും ഒരു മതത്തിന്റെയും ആഘോഷങ്ങള്‍ സര്‍ക്കാര്‍ പണം ചെലവഴിച്ച് നടത്തരുതെന്നും സര്‍ക്കാരിന് മതമില്ലെന്നും മുന്‍ ലോക്സഭാംഗമായ ഉദിത് രാജ് പറഞ്ഞിരുന്നു. ഇതിനിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത് വരികയായിരുന്നു. ചില ആളുകള്‍ക്ക് വികസനം നടപ്പിലാക്കുന്നതിനുള്ള ആശയമോ തീരുമാനമോ ഇല്ല. കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അത്തരം പരിപാടികള്‍ (കുംഭമേള) അടിസ്ഥാനസൗകര്യ വികസനത്തിന് വഴിയൊരുക്കുന്നുവെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ പറഞ്ഞു.
കുംഭമേള ഇപ്പോള്‍ ആഗോള പരിപാടിയാണ്. അത് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ലോകത്തില്‍ എല്ലായിടത്തു നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് അത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ ഖുറാന് പഠനവും സംസ്കൃത പഠനവും നടത്തുന്നത് അവസാനിപ്പിക്കുകയാണെന്ന് അസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മതപരമായ യാതൊരു പരിപാടികളും സര്‍ക്കാര്‍ ചെലവില്‍ നടത്തരുതെന്ന് ഉദിത് രാജ് പ്രസ്താവിച്ചത്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.