
വിശാഖപട്ടണം: മകളെ ബലാൽസംഗം ചെയ്ത പ്രതിയുടെ വീട്ടിൽ കയറി അയാളുടെ കുടുംബത്തിലെ ആറുപേരെ കൊന്ന് പെൺകുട്ടിയുടെ പിതാവ്. പുല്ലു വെട്ടാൻ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും ക്രൂരമായി കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറുപേരാണ് കൊല്ലപ്പെട്ടത്. പീഡിപ്പിച്ചു എന്ന് പറയുന്ന വിജയ് എന്ന വ്യക്ത്തി ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ബി രമണ (60), ബി ഉഷാറാണി (35), എ രമാദേവി (53), എൻ അരുണ (37), ഉദയ്കുമാർ (2), ബി ഉർവിഷ (ആറുമാസം) എന്നിവരെയാണ് അപ്പളരാജു എന്നയാൾ കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു നടുക്കുന്ന സംഭവം. പൊലീസ് പ്രദേശത്തെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു അപ്പളരാജു. ഇയാളുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലെ വിജയ് എന്നയാൾ ബലാത്സംഗം ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെ രണ്ട് കുടുംബങ്ങളും തമ്മിൽ കടുത്ത വൈരത്തിലായിരുന്നു. കുടുംബങ്ങൾ തമ്മിൽ 2018 മുതലുള്ള വൈരാഗ്യമാണെന്നാണ് പറയപ്പെടുന്നത്. ഇവർ തമ്മിൽ സ്വത്തുതർക്കവും നിലവിലുണ്ട്.