
തിരുവനന്തപുരം : മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി പോലീസ് രൂപം നല്കിയ ചിരി (ചില്‍ഡ്രന്‍സ് ഹാപ്പിനെസ് ആന്റ് ഇന്നസെന്‍സ് റിജോയിസിംഗ് ഇനീഷിയേറ്റീവ്) പദ്ധതി മുഖേന നിരവധി കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോവിഡിനോടനുബന്ധിച്ച് ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ ആത്മഹത്യ ഗണ്യമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് കുട്ടികള്‍ തന്നെ ടെലിഫോണിലൂടെ കൗണ്‍സലിംഗ് നല്കുന്ന സംരംഭമാണ് ചിരി. മുതിര്‍ന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കിയ കുട്ടികളെയാണ് വോളന്റിയര്‍മാരായി നിയോഗിച്ചിരിക്കുന്നത്. മാനസികാരോഗ്യ വിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധ സമിതി വോളന്റിയര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. സൗഹൃദ സംഭാഷണങ്ങളിലൂടെ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്കി സൃഷ്ടിപരമായ കഴിവുകളിലേയ്ക്കും കളികളിലേയ്ക്കും ശ്രദ്ധതിരിച്ച് അവരുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ആന്റ് പോലീസ് (CAP) ഹൗസ്, പദ്ധതിയുടെ സ്റ്റേറ്റ് റിസോഴ്സ് സെന്ററായി പ്രവര്‍ത്തിക്കുന്നു. മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 9497900200 എന്ന ഹെല്പ് ലൈന്‍ നമ്പരില്‍ വിളിച്ച് സഹായം ആവശ്യപ്പെടാം. ഇത്തരത്തില്‍ വരുന്ന കോളുകള്‍ ക്യാപ് ഹൗസില്‍ രേഖപ്പെടുത്തിയ ശേഷം വിദഗ്ദ്ധ സമിതിക്ക് കൈമാറും. ഇതില്‍ നിന്ന് അടിയന്തിര ശ്രദ്ധ ആവശ്യമുളള കുട്ടികളെ കണ്ടെത്തി മതിയായ ചികില്‍സ നിര്‍ദ്ദേശിക്കുകയും മറ്റുളളവ പ്രത്യേക പരിശീലനം ലഭിച്ച വോളന്റിയര്മര്ക്ക് കൈമാറി അവരുടെ സഹായത്തോടെ പരിഹരിക്കുകയുമാണ് ചെയ്യുന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിനെ കൂടാതെ കുട്ടികള്‍ക്കായുളള മറ്റ് സംരംഭങ്ങളായ ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ (ORC), സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍, HOPE പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
ജില്ലാ പോലീസ് മേധാവിമാര്‍, എസ്.പി.സി നോഡല്‍ ഓഫീസര്‍മാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വനിത ശിശുവികസന വകുപ്പിന്റെയും കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുടേയും സഹകരണം ഇതിന് ഉറപ്പാക്കുമെന്നും ചിരി പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.വിജയന് പറഞ്ഞു. മഹാമാരിക്കാലത്ത് കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും അവബോധം നല്കാന് ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ജാഗ്രതാ സമിതികള്‍ എന്നിവയുടെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു