KERALATrending

കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം

കൊച്ചി : അബദ്ധത്തില്‍ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസ്സുകാരന്‍ പൃഥ്വിരാജിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.വന്‍കുടലിന്റെ താഴ്ഭാഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് അവിടെ സംസ്‌കാരം നടത്തും.
ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ ഏറെ നിര്‍ണ്ണായകമാണ് ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. എന്നാല്‍ നാണയം വിഴുങ്ങിയതാകില്ല മരണ കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്തെത്തി. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ വന്നില്ല എന്ന് കുട്ടിയുടെ ബന്ധു ഉദയന്‍ ചോദിച്ചു. മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയിട്ടും മറ്റ് അസുഖം ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആശുപത്രിയില്‍ വരുന്നത് വരെ കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം തുടര്‍നടപടി എടുക്കുമെന്നും ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കുമെന്നും ഉദയന്‍ പ്രതികരിച്ചു.സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

Tags
Show More

Related Articles

Back to top button
Close