Top NewsWORLD

കുമ്പസാര രഹസ്യം അധികൃതരെ അറിയിക്കണം; നിയമത്തിനെതിരേ സഭ രംഗത്ത്

ക്വീന്‍സ്ലാന്‍ഡ്: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നത് സഭയുടെ കാനോനിക നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍, കുമ്പസാരം എന്ന കൂദാശയില്‍ ഒരു വ്യക്തി ഏറ്റുപറയുന്ന വിവരങ്ങള്‍ രഹസ്യമായിതന്നെ സൂക്ഷിക്കുമെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭ. കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ വൈദികരെ നിര്‍ബന്ധിരാക്കുന്ന നിയമം ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനം ഇക്കഴിഞ്ഞ ദിവസം പാസാക്കിയെങ്കിലും, കാനോനിക നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ല എന്ന നിലപാടിലാണ് സഭാ നേതൃത്വം. കുട്ടികള്‍ക്ക് എതിരായ ലൈംഗീക പീഡനം തടയാന്‍, പീഡനം സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ അധികാരികളോട് വെളിപ്പെടുത്തണമെന്നാണ് നിയമം. അതായത്, പീഡനത്തിനിരയായ കുട്ടികള്‍ പറയുന്ന കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തണം, പീഡനം നടത്തിയവര്‍ കുമ്പസാരിക്കാന്‍ എത്തുമ്പോള്‍ അവര്‍ക്ക് പാപമോചനം നല്‍കാതെ നിയമപാലകര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കണം. ഇതിന് തയാറാകത്ത ബിഷപ്പുമാരും വൈദികരും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മൂന്നു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിയമം നിഷ്‌ക്കര്‍ഷിക്കുന്നു.

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ‘റോയല്‍ കമ്മീഷന്‍’ സമര്‍പ്പിച്ച 100ല്‍പ്പരം ശുപാര്‍ശകളില്‍ ഒന്നാണ് കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്നത്. ഒട്ടുമിക്ക നിര്‍ദേശങ്ങളും സഭ അംഗീകരിച്ചെങ്കിലും കാനോനിക നിയമത്തെ മുന്‍നിറുത്തി കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭാ നേതൃത്വം ഉന്നയിച്ച വാദങ്ങളും എതിര്‍പ്പും കണക്കിലെടുക്കാതെയാണ് ക്യൂന്‍സ്ലാന്‍ഡില്‍ നിയമം പാസാക്കിയിരിക്കുന്നത്. ‘കൂദാശകള്‍ എങ്ങനെയാണ് പരികര്‍മം ചെയ്യുന്നത് എന്നതിനെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് ഇത്തരം നിയമ നിര്‍മാണത്തിന് കാരണം. കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള നിയമം കൊണ്ടുവന്നതുകൊണ്ട് ചെറുപ്പക്കാരുടെ സുരക്ഷയില്‍ കാര്യമായ വ്യത്യാസമോ ഉറപ്പോ ഉണ്ടാകില്ല,’ ബ്രിസബൈന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ് ചൂണ്ടിക്കാട്ടി. വൈദികനെ ദൈവശുശ്രൂഷകന്‍ എന്നതില്‍നിന്ന് ഭരണകൂടത്തിന്റെ പ്രതിനിധിയാക്കി മാറ്റാന്‍ വഴിവെക്കുന്ന നിയമ നിര്‍മാണത്തിനെതിരെ തുറന്നടിച്ച അദ്ദേഹം, മതസ്വാതന്ത്ര്യത്തിനെതിരായ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി.

വിക്ടോറിയ, ടാസ്മാനിയ, ദക്ഷിണ ഓസ്ട്രേലിയ, ഒസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിറ്ററി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ക്യൂന്‍സ്ലാന്‍ഡും പ്രസ്തുത നിയമം പാസാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലും ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍, കുമ്പസാര രഹസ്യങ്ങളെ സംബന്ധിച്ച സഭാനിയമത്തില്‍ യാതൊരുവിധ മാറ്റവും വരുത്താന്‍ തയാറല്ലെന്ന് അടുത്തിടെ വത്തിക്കാനും ഓസ്ട്രേലിയന്‍ ഭരണകൂടത്തെ രേഖാമൂലം അറിയിച്ചിരുന്നു. വത്തിക്കാന്റെ തീരുമാനം ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി, അറ്റോണി ജനറലിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, സഭയില്‍ ബാലപീഡനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വത്തിക്കാന്‍ ഉറപ്പുനല്‍കി. പാപ്പ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സഭാപരമായും സര്‍ക്കാര്‍ സഹകരണത്തോടെയും നേരിടാന്‍ തക്ക ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close