KERALANEWSTop News

കുരുക്കുകൾ മുറുക്കി പ്രസീദ: കരകയറാൻ പറ്റാതെ സുരേന്ദ്രന്‍; കെ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകളുമായി പ്രസീത അഴീക്കോട് രം​ഗത്ത്

കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകളുമായി പ്രസീത അഴീക്കോട്. സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രന്‍ വിളിക്കുന്നതിന്റെ കോള്‍ റെക്കോര്‍ഡുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഹൊറൈസണ്‍ ഹോട്ടലിലെ 503 ആം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയില്‍ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാര്‍ച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നിട്ടുണ്ട്.

എൻഡിഎയിൽ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രൻ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . കെപിജെഎസ് ട്രഷറർ പ്രസീതയുമായി കെ സുരേന്ദ്രൻ നടത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പണം കൈമാറിയത് തിരുവനന്തപുരത്തുവച്ചാണെന്ന് പ്രസീത പറയുന്നതായി ശബ്ദരേഖയിൽ നിന്ന് വ്യക്തമാകുന്നു.

സികെ ജാനു എൻഡിഎയിൽ തിരികെ എത്താൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പ്രസീത സുരേന്ദ്രനോട് ഫോണിൽ പറയുന്നത്. നേരത്തെ സിപിഎമ്മിൽ പ്രവർത്തിച്ച സമയത്ത് ആരോടോ കാശ് വാങ്ങിയിട്ടുണ്ട്. അത് തിരികെ നൽകിയ ശേഷമെ എൻഡിഎയിലേക്ക് തിരിച്ചുവരാൻ കഴിയു. 10 ലക്ഷം രൂപ കൈയിൽ കിട്ടിയാൽ ബത്തേരിയിൽ മത്സരിക്കാമെന്നും 7-ാംതീയതിയിലെ അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാമെന്ന് സികെ ജാനു അറിയിച്ചതായും പ്രസീത സുരേന്ദ്രനോട് പറയുന്നു. എന്നാൽ ആറാം തീയതി തിരുവനന്തപുരത്ത് എത്തിയാൽ പണം തരാമെന്ന് സുരേന്ദ്രൻ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

അതേസമയം പണം കൈപ്പറ്റിയെന്ന ആരോപണം സികെ ജാനു നിഷേധിച്ചു.പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും പാർട്ടിയുടെ കാര്യങ്ങൾ പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സികെ ജാനു പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close