KERALANEWSTop News

കുറൂർ മനയിലെ നമ്പൂതിരിക്ക് സിദ്ധിച്ച സൗഭാ​ഗ്യം ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ഭാ​ഗ്യമുദ്രയായി; കൈപ്പത്തി ചിഹ്നം കോൺ​ഗ്രസ് സ്വന്തമാക്കിയ കഥ ഇങ്ങനെ

കുറൂർ മനയിലെ നമ്പൂതിരിക്ക് സിദ്ധിച്ച സൗഭാ​ഗ്യം ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ഭാ​ഗ്യമുദ്രയായി; കൈപ്പത്തി ചിഹ്നം കോൺ​ഗ്രസ് സ്വന്തമാക്കിയ കഥ ഇങ്ങനെ

തിരുവനന്തപുരം: ഇന്ത്യയിൽ ഒരു കാലത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം കയ്യാളിയിരുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ്. രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണത്തിലേറിയ പാർട്ടി. ഇന്ന്, കോൺ​ഗ്രസിന്റെ ആ പഴയ പ്രതാപത്തിലേക്ക് എത്താനാണ് ബിജെപി ശ്രമിക്കുന്നത്. പാർട്ടിയും ചിഹ്നവും അപ്രസക്തമാകുകയും വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് കാലം മാറുകയും ചെയ്യുമ്പോഴും ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി പഴയ കോൺ​ഗ്രസുകാർക്കും അനുഭാവികൾക്കും ഇന്നും ആവേശമാണ്. കൈപ്പത്തി എങ്ങനെ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായി? കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ആ ചരിത്രം.

പൂട്ടിയ കാള ചിഹ്നത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യ കാലത്ത് മത്സരിച്ചിരുന്നത്. കാർഷികപുരോഗതിയുടെ പ്രതീകമായി വിലയിരുത്തപ്പെട്ട ആ ചിഹ്നം കോൺഗ്രസിനെ വിജയത്തേരിൽത്തന്നെ ഇരുത്തി. കോൺഗ്രസിൽ അന്തഃച്ചിദ്രം വളർന്ന് രണ്ടായപ്പോൾ ‘പൂട്ടിയ കാള’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ഇന്ദിരയെ അനുകൂലിക്കുന്ന വിഭാഗത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേരും ‘പശുവും കിടാവും’ ചിഹ്നമായി ലഭിച്ചു. മറുപക്ഷത്തിന് കിട്ടിയത് ‘ചർക്ക തിരിക്കുന്ന സ്ത്രീ’. പശുവും കിടാവും ചിഹ്‌നത്തിൽ മത്സരിച്ച കോൺഗ്രസ്സിന് ദയനീയതോൽവി. വീണ്ടും പാർട്ടിയിൽ ഭിന്നതയായി. ഇരുവിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി അവകാശമുന്നയിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അതു മരവിപ്പിച്ചു. ഇന്ദിരയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര) എന്ന പേരും കൈപ്പത്തി ചിഹ്നവും ലഭിച്ചു. ദേവരാജ് അരശിന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്-യുവിന് ചർക്ക ചിഹ്നം കിട്ടി.

1978 ഫെബ്രുവരിയിലാണ് കോൺ​ഗ്രസിന് കൈപ്പത്തി സ്വന്തമാകുന്നത്. അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രത്തിൽ ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ആരാധിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിനു തൊട്ടുപിന്നാലെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. അതിനുശേഷമാണ് കോണ്ഗ്രസ് (ഐ)യുടെ ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തത്.

അടിയന്തരാവസ്ഥയ്ക്കും ജനതാ സർക്കാരിനുമൊക്കെ ശേഷം ഇന്ദിരാ യുഗം പുനഃരാരംഭിച്ച കാലമായിരുന്നു അത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പു ചിഹ്നം പശുവും കിടാവിനും പകരം കൈപ്പത്തി ആയിക്കഴിഞ്ഞിരുന്നു. സുപ്രിം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.എസ്. കൈലാസത്തിന്റെ ഭാര്യ സൗന്ദരാ കൈലാസമാണ് കേരളത്തിലെ കൈപ്പത്തി ക്ഷേത്രത്തെപ്പറ്റി ഇന്ദിരാഗാന്ധിയോടു പറഞ്ഞത് .

തമിഴിലെ പ്രശസ്ത കവിയായിരുന്ന അവർ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ഭാര്യാമാതാവാണ്. അവർക്കു നെഹ്റു കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുമായി അടുപ്പമുണ്ടായിരുന്നു. അവരെ പ്രകീർത്തിച്ചു സൗന്ദര കവിതകൾ എഴുതിയിട്ടുണ്ട്.ഏമൂർ ഭഗവതി ക്ഷേത്രത്തിൽ നേരത്തേ ദർശനം നടത്തിയിട്ടുള്ള വിവരമാണ് അവർ പങ്കുവച്ചത്. ഇന്ദിരാഗാന്ധിക്ക് ഇത് ഒരു കൗതുക വാർത്ത ആയിരുന്നു. പിന്നീടു വളരെ വർഷങ്ങൾക്കു ശേഷമാണ് അവർ ക്ഷേത്രത്തിലെത്തിയത്.

മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നടത്താൻ മലമുമ്പുഴയിലെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയെ ക്ഷേത്രത്തിലെത്തിക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ തീരുമാനിക്കുകയായിരുന്നു. അതിനായി ക്ഷേത്രത്തിലേക്ക് ഒറ്റ രാത്രി കൊണ്ട് റോഡും പണിതു. അന്ന് ഒരു ജീപ്പുപോലും പോകാത്ത വഴിയായിരുന്നു ഉണ്ടായിരുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി സഞ്ചാരയോഗ്യമായ റോഡ് നിർമിക്കാൻ മുഖ്യമന്ത്രി കെ.കരുണാകരൻ നിർദേശിച്ചു. യോഹന്നാൻ എന്ന ഒരാളായിരുന്നു കരാറുകാരൻ .ഒരു രാത്രി കൊണ്ടു റോഡുപണി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കരാറുകാരൻ വുന്നോട്ടുവച്ചു.ഇക്കാര്യം ഞാൻ മുഖ്യമന്ത്രിയെ അറിയിച്ചു. അതൊക്കെ ഞാൻ നോക്കിക്കൊള്ളാമെന്നും നാളെ അവിടെ എത്തുമ്പോൾ റോഡ് വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ ഒരു രാത്രി കൊണ്ട് റോഡ് പണി പൂർത്തിയായി.

രാജകീയമായ വരവേൽപാണു ഇന്ദിരാഗാന്ധിക്കായി ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. പാലക്കാടു രാജ കുടുംബാംഗങ്ങളും അവിടെ എത്തിയിരുന്നു.കുറച്ചു നേരം ക്ഷേത്രത്തിൽ ചെലവിട്ട ഇന്ദിരാ ഗാന്ധി ഒരു ഓട്ടുമണി ക്ഷേത്രത്തിനു സമർപ്പിച്ചു. സന്ദർശക ഡയറിയിൽ ഒപ്പിട്ടു. മടങ്ങുമ്പോൾ ക്ഷേത്രത്തിന്റെ സ്മരണയ്ക്കായി രാജ കുടുംബം ഇന്ദിരാഗാന്ധിക്ക് കൈപ്പത്തി പതിച്ച ഒരു ലോക്കറ്റ് സമർപ്പിച്ചു.

ഏമൂർ ഭഗവതിയുടെ ഐതീഹ്യം ഇങ്ങനെ

പാലക്കാട് രാജവംശത്തിന്റെ കാവൽദേവതയാണ് ഏമൂർ ഭഗവതിയായ ഹേമാംബിക. ദേവി ഇവിടെ പ്രത്യക്ഷയായതു കൈപ്പത്തിയുടെ രൂപത്തിലാണത്രേ. ഈ പ്രതിഷ്ഠയാണിവിടത്തെ സവിശേഷതയും. അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന രണ്ടു കൈപ്പത്തികൾ. പാലക്കാട് ചുരത്തിലെ കരിമലയിൽ പരശുരാമൻ പ്രതിഷ്ഠിച്ചതാണത്രേ ഹേമാംബികയെ. പിന്നീടു മലമ്പുഴയ്ക്കു സമീപത്തുള്ള മുതിരംകുന്നിൽ ദേവിയെ മാറ്റിയെ പ്രതിഷ്ഠിക്കുകയായിരുന്നത്രേ .

പാലക്കാടു നഗരത്തിലെ അകത്തേത്തറയിലുൾപ്പെട്ടെ കുറൂർ മനയിലെ നമ്പൂതിരി ഇവിടെ സ്ഥിരമായി ആരാധന നടത്തുമായിരുന്നു. അദ്ദേഹത്തോടൊപ്പം കൈമുക്കു വൈദികനും പോകാറുണ്ടായിരുന്നു. ഒരു ദിവസം ഇവർ മല ഇറങ്ങി വരുമ്പോൾ അവശരായി. കുറച്ചു താഴെയുള്ള വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചു. അപ്പോൾ ഒരു വൃദ്ധ സ്ത്രീ എത്തി ഇവർക്ക് മധുര മുള്ള ഒരു ഫലം നൽകി. അതു കഴിച്ചപ്പോൾ ക്ഷീണം മാറി അവർ യാത്ര തുടർന്നു.പിന്നീട് അവിടെ ആനപ്പുറത്ത് ദേവി ഇവർക്കു ദർശനം നൽകിയത്രേ. പിന്നീട് ഇവിടെ എത്തിയാണ് ഇവർ ആരാധിച്ചിരുന്നത്. പിൽക്കാലത്ത് പ്രായാധിക്യം മൂലം അവശരായപ്പോൾ മലകയറാൻ കഴിയാതെ വന്നു. അന്നു രാത്രി കുറൂർ മനയിലെ നമ്പൂതിരിക്കു സ്വപ്നദർശനമുണ്ടായി. മനയ്ക്കു സമീപത്തെ കുളത്തിൽ പ്രത്യക്ഷപ്പെടുമെന്നായിരുന്നു അരുളപ്പാട്.

അടുത്ത ദിവസം പ്രഭാതത്തിൽ അദ്ദേഹം കുളത്തിനടുത്തേക്കു പോയി. അവിടെ രണ്ടു കൈപ്പത്തികൾ ഉയർന്നു വരുന്നുണ്ടായിരുന്നു. ആനന്ദാതിതിരേകത്തിൽ മതിമറന്ന നമ്പൂതിരി ആകരങ്ങൾ സ്പർശിക്കാൻ ശ്രമിച്ചു.അതോടെ ദേവി അന്തർധാനം ചെയ്യുകയും കൈപ്പത്തിയുടെ മുദ്ര മാത്രം അവശേഷിക്കുകയും ചെയ്തു.ഇക്കാര്യം പാലക്കാട്ടുശ്ശേരി രാജാവിനെ അറിയിച്ചു.അദ്ദേഹം എത്തി ക്ഷേത്ര നിർമാണത്തിനു നിർദേശിക്കുകയും അതിനായി ഭൂമി അനുവദിക്കുകയും ചെയ്തു.കുളത്തിനു നടുവിലെ തീർഥക്കുളത്തിനു സമീപമാണു പ്രതിഷ്ഠയുള്ളത്. കുളത്തിന്റെ നിരപ്പിലാണു ശ്രീകോവിൽ. ശിലകളാണു മൂല വിഗ്രഹം. അതിൽ കൈപ്പത്തിയുടെ അങ്കി പ്രതിഷ്ഠിച്ചാണു നിത്യ പൂജകൾ ചെയ്യുന്നത്. മൂന്നു ഭാവങ്ങളിലാണു ദേവിയെ ഇവിടെ ആരാധിക്കുന്നത്. പകൽ സരസ്വതി, മധ്യാഹ്നത്തിൽ മഹാലക്ഷ്മി, വൈകിട്ടു ദുർഗ. ശങ്കരാചാര്യരാണത്രേ ഈ ക്രമം ചിട്ടപ്പെടുത്തിയത്.

കൈപ്പത്തിക്ക് അവകാശം പറഞ്ഞ് രാജരത്നവും

കോൺഗ്രസ് നേതാവായ ആർ കെ രാജരത്നമാണ് കൈപ്പത്തി തെരഞ്ഞെടുപ്പ് ചിഹ്നമായി നിർദ്ദേശിച്ചതെന്ന മറ്റൊരു വാദവും നിലവിലുണ്ട്. ആർ കെ രാജരത്നം വിവിധമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും ഇക്കാര്യം പറയുന്നു. കോൺഗ്രസിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി അന്ധ്രാപ്രദേശിലാണ്. പാർട്ടിയുടെ രൂപീകരണത്തിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും മുന്നൊരുക്കത്തിൽ പാർട്ടിക്ക് അതുവരെ ചിഹ്നം ആയിരുന്നില്ല.

ഇന്ദിരാഗാന്ധി തങ്ങിയത് രാജരത്നത്തിന്റെ ഭവനത്തിലാണ് രാത്രിയോടെ ചിഹ്നത്തിനെപ്പറ്റി അറിയിക്കാനാവശ്യപ്പെട്ട് ഭൂട്ടാസിംഗ് വിളിച്ചു. രാജരത്നം ഇന്ദിരയോട് പറഞ്ഞു-‘ മാഡം കൈപ്പത്തി ചിഹ്നമായി എടുത്താൽ നന്നായിരിക്കും, എളുപ്പം ശ്രദ്ധിക്കപ്പെടുകയും ചെയ്യും. ഒപ്പം വിശ്വാസ്യതയുടെയും പിന്തുണയുടെയും പ്രതീകമാകുകയും ചെയ്യും’. ഇതോടെ ഇന്ദിര അതിന് സമ്മതിക്കുകയായിരുന്നു എന്നാണ് രാജരത്നത്തിന്റെ വാദം.

കൈപ്പത്തി മാറ്റണമെന്നും ആവശ്യം

പോളിം​ഗ് ബൂത്തിന്റെ ഇരുന്നൂറ് മീറ്റർ ചുറ്റളവിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കരുത് എന്നാണ് ചട്ടം. എന്നാൽ, കോൺ​ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി പോളി​ഗ് ബൂത്തിനകത്തും കാണാൻ കഴിയും. മനുഷ്യർക്ക് കൈപ്പത്തി പുറത്ത് വെച്ച് വോട്ട് ചെയ്യാൻ കഴിയാത്തതാണ് അതിന് കാരണം. ഈ കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികൾ വിവിധ കാലഘട്ടങ്ങളിൽ ഉയർന്ന് വന്നിരുന്നു. എന്നാൽ, കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കാൻ ഇതുവരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45443

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close