Social MediaTop News

കുറേ കാലമായി ലക്ഷദ്വീപിനെ കണ്ണുവയ്ക്കുന്നുണ്ട്; പുതിയ നിയമങ്ങൾ ദ്വീപുകാരെ ഉദ്ധരിക്കാനുള്ളതല്ല എന്ന് വ്യക്തം; പൊടുന്നനെ ദ്വീപുകൾ എങ്ങനെ വാർത്തയിൽ ഇടം പിടിച്ചു; പി എം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ എഴുതുന്നു

പി എം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ

ലക്ഷദ്വീപിനെക്കുറിച്ച്

ആളുകൾ നിഷ്ക്കളങ്കരാണെന്നതോ, ക്രൈംറേറ്റ് ഏറ്റവും കുറഞ്ഞ ഇന്ത്യയിലെ പ്രശാന്തസുന്ദരമായ സ്ഥലമെന്നോ ഒക്കെ കാല്പനികമായി ലക്ഷദ്വീപിനെ വിലയിരുത്തുന്നത് കാര്യങ്ങളെ ലഘൂകരിക്കലാവും. ഇവിടെ നാം അറിയേണ്ടത് പൊടുന്നനെ ദ്വീപുകൾ എങ്ങനെ വാർത്തയിൽ ഇടം പിടിച്ചു എന്നതാണ്.

  1. ലക്ഷദ്വീപ് ആയുധ കള്ളക്കടത്തിന്റെ ഇടത്താവളമാണെന്നതാണ് – ഇന്ത്യയുടെ തീരത്തോട് ചേർന്നു കിടക്കുന്ന ഏത് ദ്വീപിനെക്കുറിച്ചും തുരുത്തുകളെക്കുറിച്ചും ഈ ആരോപണം ഉന്നയിക്കാം. ഇത്രയും ദൈർഘ്യമേറിയ തീരപ്രദേശമുള്ള ഒരു രാജ്യത്ത് ആയുധം കടത്താൻ സദാ നിരീക്ഷണത്തിലുള്ള ലക്ഷദ്വീപിനെ ബുദ്ധിയുള്ള ആയുധക്കടത്തുകാർ ഉപയോഗിക്കുമെന്ന് കരുതാൻ വയ്യ. ഇക്കഴിഞ്ഞ 50 വർഷത്തിനിടെ എത്ര ദ്വീപുകളിലൂടെ എത്ര ആയുധം കടത്തി എന്നതിന് എന്തെങ്കിലും കണക്ക് ഈ അഭിനവ പട്ടേലന്മാരുടെ കയ്യിലുണ്ടോ ?
  2. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തിന്റെ ആസ്ഥാനമാണ് ദ്വീപുകൾ എന്നതാണ് മറ്റൊരു ആരോപണം – ഇന്ത്യയിൽ മയക്കുമരുന്ന് വരുന്നത് ദ്വീപുകൾ വഴിയാണോ എന്ന് അന്വേഷിച്ചിട്ടാണോ ഇത്തരം ഒരു നിഗമനത്തിലെത്തുന്നത്? കഴിഞ്ഞ നാലര ദശാബ്ദങ്ങളായി മദ്യനിരോധനം നിലനിൽക്കുന്ന പ്രദേശമാണ് ദ്വീപുകൾ . അവിടെ കരയിൽ നിന്നും (മംഗലാപുരം ബേപ്പൂർ. കൊച്ചി എന്നിവിടങ്ങളിൽ നിന്ന്) മദ്യവും മയക്കുമരുന്നും കടത്തുന്നുണ്ടാവും. അത് ഉപയോഗിക്കുന്ന ഒരു ചെറിയ വിഭാഗം അവിടെ ഉണ്ടെന്നത് നിഷേധിക്കാനാവില്ല. പക്ഷ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ സുരക്ഷിതതാവളമാണ് അവിടം എന്നു പറയുന്നത് അബദ്ധമാണ്
  3. ദ്വീപിന്റെ അവസ്ഥ അറിയാത്തവരാണ് ഇത്തരം കഥകൾ മെനയുന്നത്. ചെറു ദ്വീപുകളും തുരുത്തുകളും മൺതിട്ടകളുമുൾപ്പടെ ആകെ 36 ദ്വീപുകളാണ് അറബിക്കടലിൽ കൊച്ചിക്കും മംഗലാപുരത്തിനും പടിഞ്ഞാറായി തെക്കുവടക്ക് ചിതറി കിടക്കുന്നത്. ശരാശരി ഒരു ദ്വീപിന്റെ വിസ്തൃതി 4 ചതുരശ്ര കിലോമീറ്റർ മാത്രമാണ് (കേരളത്തിലെ ഒരു പഞ്ചായത്ത് വാർഡിന്റെ വിസ്തൃതി മാത്രം ) പത്ത് ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. ആകെ ജനസംഖ്യ തദ്ദേശവാസികളും വൻകരയിൽ നിന്നുള്ള ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാരും ഉൾപ്പടെ എഴുപതിനായിരത്തോളം മാത്രം. അവിടെ ഒരില അനങ്ങിയാൽ ദ്വീപു മുഴുവൻ അറിയും പൊലീസും , നേവിയും മറ്റ് അർദ്ധ സൈനിക വിഭാഗവും അറിയും. ആൾപ്പാർപ്പില്ലാത്ത ദ്വീപുകളാണത്രെ കള്ളക്കടത്തിന്റെ ആസ്ഥാനം. ഇതൊക്കെ പറയുന്നവർ ഒരിക്കലെങ്കിലും ഈ ദ്വീപുകൾ സന്ദർശിച്ചു നോക്കണം. അപ്പോഴറിയാം വസ്തുത
  4. ലക്ഷദ്വീപിൽ മറ്റുള്ളവർക്ക് ഭൂമിവാങ്ങാൻ അവകാശമില്ല – കശ്മീരിലെതുപോലെ ഈ അവകാശം എടുത്തു കളയണം എന്ന് വാദിക്കുന്നവർ രാജ്യത്തിന്റെ ഭരണഘടനയും സിവിൽ നിയമങ്ങളിലെ റൈറ്റ് ടു പ്രോപ്പർട്ടിയും ഒന്ന് പഠിക്കുന്നത് നല്ലതാണ്
  5. കുറേ കാലമായി ലക്ഷദ്വീപിനെ- പ്രത്യേകിച്ച് അന്താരാഷ്ട്ര വിനോദ സഞ്ചാര പ്രാധാന്യമുള്ള ബംഗാരം ദ്വീപിനെ – കണ്ണുവയ്ക്കുന്നുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ദ്വീപുകാരെ ഉദ്ധരിക്കാനുള്ളതല്ല എന്ന് വ്യക്തം

ലക്ഷദ്വീപ് വിരുദ്ധ സമീപനം സ്വീകരിക്കുന്നവർ കാര്യങ്ങൾ ശരിയായി ഗ്രഹിക്കാതെയാണ് വാളെടുക്കുന്നതെന്ന് അവിടെ വർഷങ്ങൾ ജീവിച്ച ഈയുള്ളവൻ സൗമ്യമായി പറയട്ടെ .

(ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close