കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ ആരെയും തടവിലിടാം; ഡല്‍ഹി പോലീസിന് കിട്ടിയ പുതിയ അധികാരങ്ങള്‍ ഇങ്ങനെയാണ്

ദില്ലി : ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ കഴിഞ്ഞ പതിമൂന്നാം തീയതി പുറപ്പെടുവിച്ച ഒരു ഉത്തരവ് ദില്ലി പൊലീസിന് അസാധാരണമായ അധികാരങ്ങള്‍ വെച്ചുനീട്ടുന്നു്. ഇത് നിയമാനുസൃതമാണോ എന്നുചോദിച്ചാല്‍ ആണ്. പതിവുള്ളതാണോ എന്നുചോദിച്ചാലും, ആണ് മുമ്പും പലതവണ ചെയ്തിട്ടുണ്ട്. സവിശേഷ സാഹചര്യങ്ങളില്‍ മാത്രം. ഉചിതമാണോ എന്നുചോദിച്ചാല്‍, അല്ലേയല്ല, ഈ നിയമം ഒരു പരിഷ്കൃത രാജ്യത്തിനും യോജിച്ച ഒന്നല്ല. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ കരിനിയമം.
എന്താണ് രാജ്യസുരക്ഷയുടെ പേരും പറഞ്ഞ് നടപ്പിലാക്കുന്ന ദേശീയ സുരക്ഷാ നിയമം ?
ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ യാതൊരു കുറ്റവും ചുമത്താതെ തന്നെ ഒരു വര്‍ഷം വരെ പിടിച്ചകത്തിടാം. സാധാരണഗതിയില്‍, നിലവിലെ നിയമങ്ങള്‍ പ്രകാരം, കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് നിയമം അനുശാസിക്കുന്ന ചില അവകാശങ്ങളൊക്കെയുണ്ട്. ആ അവകാശങ്ങള്‍ ഒറ്റയടിക്ക് റദ്ദാക്കപ്പെടുകയാണ്,ഏതെങ്കിലും സംസ്ഥാനത്തോ പ്രദേശത്തോ ചടഅ നിലവില്‍ വരുന്നതോടെ സംഭവിക്കുക. ക്രമസമാധാന നില അത്രയ്ക്ക് വഷളാകുമ്പോഴോ, അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കും എന്ന ഘട്ടം വരുമ്പോഴോ ആണ് സാധാരണ സംസ്ഥാനങ്ങളില്‍ ദേശീയ സുരക്ഷാ നിയമം ബാധകമാക്കിക്കൊണ്ട് ഗവര്‍ണര്‍മാര്‍ താത്കാലികമായി ഉത്തരവിറക്കുക. അതോടെ പൊലീസിന് മേപ്പടി അസാധാരണ അധികാരങ്ങള്‍ കൈവരികയായി. ദില്ലിയില്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു കരിനിയമം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.
കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന വ്യക്തിക്ക് മൂന്നു ജഡ്ജിമാരടങ്ങുന്ന ഹൈക്കോടതിയുടെ ഉപദേശക സമിതിക്ക് മുന്നില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. എന്നാല്‍, ഈ നിയമത്തിന് കീഴില്‍ നിയമസഹായത്തിനുള്ള അര്‍ഹത പോലും വ്യക്തിക്ക് നിഷേധിക്കപ്പെടും. എന്നുമാത്രമല്ല, ഒരു വ്യക്തി രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടാല്‍; ശ്രദ്ധിക്കണം, ‘അധികാരികള്‍ക്ക് ബോധ്യപ്പെട്ടാല്‍’ മാത്രമേ മതി, ആ വ്യക്തിയെ പ്രസ്തുത സംസ്ഥാന സര്‍ക്കാരിന് മാസങ്ങളോളം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാം.

പ്രസ്തുത വ്യക്തിയെ അറസ്റ്റു ചെയ്തിരിക്കുന്നത് ദേശീയ സുരക്ഷാ നിയമപ്രകാരം ആണെന്ന് പത്തുദിവസത്തിനു ശേഷം അയാളെ ഒന്നറിയിച്ചാല്‍ മാത്രം മതി. കോടതിയില്‍ പോലും കൊണ്ടുപോകേണ്ടതില്ല.
ഉത്തരവ് ഹൈക്കോടതിയുടെ ഇടപ്പെടലിനുശേഷം….
കഴിഞ്ഞ ഒരു മാസമായി പ്രതിഷേധക്കാര്‍ നടുറോഡില്‍ കുത്തിയിരിപ്പു സമരം നടത്തുന്ന ഷഹീന്‍ബാഗ്-കാളിന്ദികുംജ് പ്രദേശത്തെ ട്രാഫിക് നിയന്ത്രണങ്ങളെപ്പറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇങ്ങനെ ഒരുത്തരവിറക്കിയിരിക്കുന്നത്. ഇവരെ നീക്കം ചെയ്യാന്‍ വേണമെങ്കില്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചുകൊള്ളാനാണ് ഈ ഉത്തരവിലൂടെ ഗവര്‍ണര്‍ അനില്‍ ബൈജല്‍ ദില്ലി പൊലീസിന് അധികാരം നല്‍കിയിരിക്കുന്നത്. ഇത് പ്രതിഷേധക്കാരെ ഭയപ്പെടുത്തി ഓടിക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കാരണം, സാധാരണ അറസ്റ്റുപോലെ അത്ര എളുപ്പത്തില്‍ ഊരിപ്പോരാന്‍ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റില്‍ നിന്ന് കഴിയില്ല, മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും എന്നറിയുമ്പോള്‍ ആളുകള്‍ സമരവേദിയില്‍ നിന്ന് സ്വമേധയാ പിന്മാറിക്കൊള്ളും എന്നാണ് ഗവര്‍ണര്‍ അടക്കമുള്ളവര്‍ കരുതുന്നത്. നോയിഡ പൊലീസ് ഈ സമരം നടക്കുന്നതുകൊണ്ട് ഷഹീന്‍ബാഗ്-കാളിന്ദികുംജ് പ്രദേശത്തുകൂടി ട്രാഫിക്ക് അനുവദിക്കാതെ ബാരിക്കേഡ് ചെയ്ത വെച്ചിരിക്കുകയാണ്. ഈ പ്രദേശം ഒഴിയണം എന്ന് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം പ്രകടനക്കാരോട് ആവശ്യപ്പെട്ടിരുന്നത് അവര്‍ നിരസിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
എന്‍.എസ്.എയുടെ ചരിത്രവും നടപ്പടികളും
A. അയാള്‍ ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന് ദോഷം വരുന്ന രീതിയിലോ, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്ന രീതിയിലോ, അല്ലെങ്കില്‍ ദേശസുരക്ഷയ്ക്ക് തന്നെ വിഘാതമാകുന്ന രീതിയിലോ പ്രവര്‍ത്തിച്ചാല്‍ അയാളെ പൊലീസിന് കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാം.
B. ഒരു വിദേശിയെ ഇന്ത്യയില്‍ നിന്ന് നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാലയളവ് താണ്ടുന്നതിലേക്കായി കസ്റ്റഡിയില്‍ സൂക്ഷിക്കാം
C. രാജ്യസുരക്ഷയ്ക്കോ, ക്രമാസമാധാനനിലയ്ക്കോ കോട്ടം തട്ടുന്നരീതിയിലോ, അല്ലെങ്കില്‍ സമൂഹത്തിനുവേണ്ട ആവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് തടസ്സം നില്ക്കുന്ന രീതിയില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ അയാളെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാം.
എന്തുകൊണ്ട് ദേശീയസുരക്ഷാനിയമം വിമര്‍ശിക്കപ്പെടുന്നു
സാധാരണ ‘അറസ്റ്റുചെയ്യപ്പെടല്‍’ അല്ലെങ്കില്‍ ‘കസ്റ്റഡിയില്‍ എടുക്കപ്പെടല്‍’ ഒരു വ്യക്തിക്ക് നല്കുന്ന പല അവകാശങ്ങളുടെയും നഗ്നമായ ലംഘനം തന്നെ ഈ നിയമപ്രകാരം നടക്കും.
അറസ്റ്റെന്നത് ഒരു വ്യക്തിയുടെ സ്വതന്ത്രമായ നീക്കങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഔപചാരികമായ ഒരു പൊലീസ് നടപടിയാണ്. രേഖാമൂലമുള്ള ഒരു നിയന്ത്രണം. തുടര്നടപടികളുള്ള ഒരു പ്രക്രിയ. അതേസമയം കസ്റ്റഡിയില്‍ എടുക്കുക എന്നത് ഏറെക്കുറെ അനൗപചാരികമായി ഒരു തടഞ്ഞുവെയ്പ്പ് മാത്രമാണ്. ഒരു ഇന്ത്യന്‍ പൗരനെ അറസ്റ്റുചെയ്യുന്നത് സംബന്ധിച്ച് വളരെ വിശദമായ നടപടിക്രമങ്ങളുണ്ട് എങ്കില്‍, കസ്റ്റഡിയില്‍ എടുക്കുക എന്നത് സംബന്ധിച്ച നിയമവ്യവസ്ഥകള്‍ അതാത് ജില്ലകളിലെ കീഴ്വഴക്കങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും നടപ്പിലാക്കപ്പെടുക. അറസ്റ്റായാലും, കസ്റ്റഡിയില്‍ എടുപ്പായാലും അതിന് വിധേയമാക്കപ്പെടുന്ന പൗരനെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കാനുള്ള യാതൊരു അവകാശവും പൊലീസിന് ഇല്ല.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ സമരങ്ങളിലെ പ്രക്ഷോഭകാരികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. അറസ്റ്റ് ചെയ്ത സാഹചര്യങ്ങള്‍ കുറവാണ്. മിക്കവാറും കേസുകളില്‍ അവരെ കസ്റ്റഡിയിലെടുത്ത് കുറേനേരം തടഞ്ഞുവെച്ച ശേഷം തുടര്‍നടപടികള്‍ ഒന്നുമില്ലാതെ തുറന്നുവിടുകയാണ് ഉണ്ടായിട്ടുള്ളത്. പലപ്പോഴും പ്രക്ഷോഭങ്ങള്‍ നടത്തുന്നവരെ പൊലീസിന്റെ ബസ്സില്‍ കയറ്റി, ഏതെങ്കിലും ക്യാമ്പില്‍ കൊണ്ടുപോയി അവിടത്തെ ഹാളില്‍ ഇരുത്തി കുറേനേരം കഴിഞ്ഞശേഷം ഇറക്കിവിടുകയാണ് പതിവ്.

എന്നാല്‍ ഈ പറഞ്ഞ മൗലികാവകാശങ്ങള്‍ ഒന്നും ദേശീയസുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കില്ല.അഞ്ചുമുതല്‍ പത്തുദിവസം വരെ എന്തിനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നുപോലും വ്യക്തിയെ അറിയിക്കാന്‍ പൊലീസ് അധികാരികള്‍ക്ക് ബാധ്യതയില്ല. മറ്റൊരു രസകരമായ വസ്തുത, ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ വിവരശേഖരണം പോലും നടക്കുന്നില്ല എന്നതാണ്. രാജ്യത്തെ എല്ലാവിധ കുറ്റകൃത്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് അവ വിശകലനം ചെയ്യുന്ന ഏജന്‍സിയായ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ക്കുപോലും ഈ കേസുകളുടെ കണക്കെടുക്കാന്‍ അവകാശമില്ല. അതുകൊണ്ടുതന്നെ ഇന്നോളം ഈ കരിനിയമം ചുമത്തി എത്രപേരെ അറസ്റ്റു ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകള്‍ പോലും ലഭ്യമല്ല.
ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ 2019 ജനുവരി 14 -ന് ഗോഹത്യയുടെ പേരില്‍ അറസ്റ്റുചെയ്ത മൂന്നുപേര്‍ക്കെതിരെ യുപി പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു. ആ അറസ്റ്റിനെത്തുടര്‍ന്ന് നടന്ന ലഹളയില്‍ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ടുപേര്‍ മരിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മറ്റൊരു കേസില്‍, മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിനെതിരെ അപകീര്‍ത്തിപരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട പത്രപ്രവര്ത്തകന് കിഷോര്‍ ചന്ദ്ര വാങ്കെമിന് അഴിയെണ്ണി കിടക്കേണ്ടി വന്നത് ഒരു വര്‍ഷമാണ്.
മുസഫ്ഫര്‍നഗര്‍ ലഹളകള്‍ക്കിടയിലും ദേശീയ സുരക്ഷാ നിയമം എടുത്തുപയോഗിക്കപ്പെട്ടിരുന്നു. ജനുവരി 2018 -ല്‍ മാത്രം യുപി ഗവണ്മെന്റ് നാസ ചുമത്തി അറസ്റ്റുചെയ്തത് 160 -ലധികം പേരെയാണ്. ജൂണ്‍ 2017 ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി പൊലീസ് അറസ്റ്റു ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് ജാമ്യം കിട്ടാതെ അകത്തു കിടന്നത് പതിനഞ്ചു മാസക്കാലമാണ്.