KERALA

കുറ്റാന്വേഷണരംഗത്തെ മികവ് തെളിയിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയിലുള്ള അറിവ് അനിവാര്യമെന്ന് മുഖ്യമന്ത്രി

ആധുനിക സാങ്കേതിക വിദ്യയെ കുറിച്ചുളള ആഴത്തിലുളള അറിവ് കുറ്റാന്വേഷണ രംഗത്തെ മികവ് തെളിയിക്കുന്നതിന് പോലീസിന് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് അക്കാഡമി സംഘടിപ്പിച്ച രണ്ടാമത് പോലീസ് സയന്‍സ് കോണ്‍ഗ്രസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും നിയമപരമായി അവ ഉപയോഗിക്കാനുളള അറിവും പോലീസിലെ എല്ലാ വിഭാഗത്തിനും വേണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യയിലൂന്നിയ സമ്മേളനങ്ങളിലൂടെയും മറ്റും നേടുന്ന അറിവിലൂടെ പോലീസുദ്യോഗസ്ഥര്‍ക്ക് തികച്ചും സാാങ്കേതിക തികവാര്‍ന്ന പരിശീലനം നല്‍കാന്‍ കഴിയും. കേരള പോലീസ് അക്കാഡമി പോലീസ് സയന്‍സ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഗവേഷണ കേന്ദ്രമായി മാറണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിലൂടെ രാജ്യത്തെ ഏറ്റവും കഴിവുറ്റ അന്വേഷണ ഏജന്‍സിയായി കേരള പോലീസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി, കാലിക്കറ്റ്, മഹാത്മാഗാന്ധി സര്‍വ്വകലാശാലകളുടേയും കോഴിക്കോട് എന്‍.ഐ.റ്റി, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നീ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ രണ്ടുദിവസമായി നടക്കുന്ന പോലീസ് സയന്‍സ് കോണ്‍ഗ്രസില്‍ സൈബര്‍ ക്രൈം സെക്യൂരിറ്റി, ഫോറന്‍സിക് സയന്‍സ് ആന്റ് ഫോറന്‍സിക് ടെക്‌നോളജി, ഫോറന്‍സിക് മെഡിസിന്‍ ആന്റ് ഫോറന്‍സിക് നഴ്‌സിംഗ്, പോലീസിംഗിലെ നവീന സാങ്കേതിക വിദ്യ, നിയമം, ക്രിമിനോളജി എന്നീ മേഖലകളില്‍ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങള്‍ ഉണ്ടാകും. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു. കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ.ബി.സന്ധ്യ, ഡി.ഐ.ജി ട്രെയിനിംഗ് നീരജ് കുമാര്‍ ഗുപ്ത, വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുളള പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close