INSIGHTKERALANEWSTop NewsTrending

കുറ്റിപ്പുറവും മഞ്ചേരിയും നല്‍കിയ പാഠം ഭാഗ്യാന്വേഷിയായ കുഞ്ഞാലിക്കുട്ടി മറന്നുവോ ? മലപ്പുറവും ആ പട്ടികയിലേക്ക് വന്നാല്‍ കുറ്റം നാട്ടുകാര്‍ക്കല്ല !


മെഹ്മൂദ് പി കെ

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കേരള യാത്രകളും സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള ചര്‍ച്ചകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഓരോ മുന്നണികളും. അതിനിടെയിലാണ് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി ലോകസഭാ എംപി സ്ഥാനം രാജിവച്ചത്. ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും അറിയുന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമൊക്കെ ഇത്തരമൊരു രാജി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഈ രാജി അസമയത്തായി പോയി എന്ന വിമര്‍ശനവും ഇപ്പോള്‍ ലീഗിലടക്കം സജീവമാണ്.

പാര്‍ട്ടിയിലും മുന്നണിയിലും രാജി സംബന്ധിച്ച് കടുത്ത അതൃപ്തിയുള്ള വരും ഏറി വരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. നേരത്തെ കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിലപാട് ഹൈക്കമാന്റ് സ്വീകരിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗിലെ ഒരു വിഭാഗവും അതേ നിലപാട് തന്നെ ലീഗും തുടരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ പാണക്കാട് തങ്ങളെ തന്നെ മുന്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടി രാജി വച്ച് കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ലീഗ് പ്രവര്‍ത്തക സമിതിയും ഇതിനു അംഗീകാരം നല്‍കി. എന്നാല്‍ ലീഗിലെ വിമത ശബ്ദമായ കെ എം ഷാജി കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതോടെ പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ അപ്രസക്ത കഥാപാത്രമായിരുന്നു. 2017 ലുണ്ടായ ഇ അഹമ്മദിന്റെ നിര്യാണം ലീഗ് രാഷ്ട്രീയത്തിലെ നികത്താനാവാത്ത വിടവായിരുന്നു. കേന്ദ്ര മന്ത്രിസഭയിലടക്കം സ്ഥാനം ലഭിച്ചിട്ടുള്ള ഇ അഹമ്മദ് അന്തരിച്ചതോടെ കുഞ്ഞാലിക്കുട്ടി തേടിപ്പിടിച്ച വള്ളിയായിരുന്നു ദേശീയ രാഷ്ട്രീയം. ആദ്യം പാര്‍ട്ടി പദവിയായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനവും പിന്നീട് മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ എംപിയുമായി. അതോടെ വേങ്ങര മണ്ഡലം മറ്റൊരു ഉപതെരഞ്ഞെടുപ്പിനും സാക്ഷിയായി.

2019 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ നിന്നും കുഞ്ഞാലിക്കുട്ടി വീണ്ടും എംപിയായി. രാഹുല്‍ഗാന്ധിയടക്കം കേരളത്തില്‍ നിന്ന് എംപിയായതോടെ മികച്ച വിജയമാണ് 19 മണ്ഡലങ്ങളില്‍ നിന്ന് യുഡിഎഫിനുണ്ടായത്. യുപിഎ അധികാരത്തിലെത്തിയാല്‍ ഇ അഹമ്മദിന് പകരം മന്ത്രിസഭയില്‍ ചേര്‍ന്ന് സജീവ ദേശീയ രാഷ്ട്രീയത്തിലിരിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷ. പക്ഷേ കേരളത്തില്‍ മികച്ച വിജയം നേടിയെങ്കിലും ദേശീയ തലത്തില്‍ യുപിഎയ്ക്കും കോണ്‍ഗ്രസിനും വലിയ പരാജയമാണുണ്ടായത്. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങാമെന്ന വ്യാമോഹവും അടങ്ങി. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി വീണ്ടും അപ്രസക്ത നേതാവായി. 2019 ല്‍ തന്നെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. 2021 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരരുതെന്ന് കെഎം ഷാജിയെപ്പോലുള്ള നേതാക്കള്‍ അന്നുതന്നെ ആവശ്യം ഉന്നയിച്ചിരുന്നു. അതിനൊന്നും വില കല്‍പിക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എംപിയാവുകയും പിന്നീട് നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ വോട്ട് ചെയ്ത അണികളെ പറ്റിച്ച് എംപി സ്ഥാനം രാജി വച്ചൊഴിയാന്‍ കുഞ്ഞാലിക്കുട്ടിക്ക് ഒരു വൈമനസ്യവും തോന്നിയില്ല.

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ ചൊല്ലി വന്‍ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പിച്ചതോടെ സിപിഎം നേതാക്കള്‍ കടുത്ത ആക്ഷേപങ്ങളുമായി രംഗത്തെത്തിയിരുന്നു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ‘ഹസ്സന്‍ കുഞ്ഞാലിക്കുട്ടി അമീര്‍’ കൂട്ടുകെട്ടെന്നും മുസ്ലീംലീഗാണ് യുഡിഎഫിനെ ഭരിക്കുന്നതെന്നും ആക്ഷേപിച്ചു. അതിന് കാരണമായത് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന് ചുക്കാന്‍ പിടിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു എന്നതാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫിനും കോണ്‍ഗ്രസിനും കൂടുതല്‍ നഷ്ടമാണുണ്ടാക്കിയത്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായ ക്രിസ്ത്യന്‍ സമൂഹം പാര്‍ട്ടിയുമായി അകലാന്‍ കാരണമായി. യുഡിഎഫില്‍ മുസ്ലീംലീഗിനും കൂഞ്ഞാലിക്കുട്ടിക്കുമാണ് ആധിപത്യമെന്ന സിപിഎമ്മിന്റെ ആരോപണം വിജയം കണ്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് വലിയ മങ്ങലേറ്റില്ലെങ്കിലും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ചയുണ്ടാവുകയും കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡുകളില്‍ പോലും സിപിഎമ്മും ബിജെപിയും നേട്ടമുണ്ടാക്കുന്നതും കണ്ടു.
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വയ്ക്കുന്നതില്‍ പിന്മാറാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. എംപി സ്ഥാനം രാജി വയ്ക്കുന്നത് വൈകി എന്നതൊഴികെ മറ്റു മാറ്റങ്ങളൊന്നുമുണ്ടായില്ല. അധികാര മോഹം മൂത്ത കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിക്കാന്‍ ധാരണയായി. കുറ്റിപ്പുറവും മഞ്ചേരിയും പാഠമാണ്, എന്നും ഓര്‍ക്കാനുള്ള പാഠം. മലപ്പുറം മണ്ഡലവും ആ ലിസ്റ്റില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ആ പാര്‍ട്ടിയാണ്. അധികാര മോഹികള്‍ക്കൊപ്പം നില്‍ക്കേണ്ട പാര്‍ട്ടിയല്ല മുസ്ലീംലീഗെന്ന് പാര്‍ട്ടിയിലെ അണികള്‍ പല തവണ ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തതാണ്. കേരളത്തില്‍ തുടര്‍ ഭരണമുണ്ടായാല്‍ കുഞ്ഞാലിക്കുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാന്‍ മത്സരിക്കുമോ ? ഈ ചോദ്യവും എന്ന ചോദ്യവും ഇപ്പോഴുയരുന്നുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close