INSIGHTTop News

കുറ്റ്യാടിയിൽ തട്ടി തുടർഭരണം; രാഷ്ട്രീയ ചാണക്യനാകാൻ ജോസ് കെ മാണി

കോട്ടയം: കുറ്റ്യാടി സീറ്റ് ഒഴിവാക്കി തങ്ങൾക്ക് ലഭിച്ച ബാക്കി 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിലൂടെ കേരള കോൺ​ഗ്രസ്(എം) ചെയർമാൻ കാട്ടിയത് രാഷ്ട്രീയ പക്വത. ഇടതു പക്ഷത്തിന്റെ തുടർഭരണത്തിന് വിഘാതമാകുന്ന ഒന്നും തങ്ങളുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകരുത് എന്ന പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിലപാടാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ട സ്ഥാനാർത്ഥി പട്ടികയിൽ നിന്നും കുറ്റ്യാടി മണ്ഡലത്തെ ഒഴിവാക്കിയത്. കുറ്റ്യാടി നിയോജക മണ്ഡലത്തിൽ എന്ത് വേണം എന്ന കാര്യത്തിൽ സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റ്യാടി സീറ്റ് കേരള കോൺ​ഗ്രസ് മത്സരിക്കുന്നതിനെതിരെ മണ്ഡലത്തിലെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി പരസ്യമായി തെരുവിലിറങ്ങിയ പശ്ചാത്തലത്തിലായിരുന്നു ജോസ് കെ മാണിയുടെ തീരുമാനം.

കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നാണ് ജോസ് കെ. മാണി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സിപിഐഎം നേതൃത്വുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. രമ്യമായി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. സീറ്റില്‍ നിലവില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ സിപിഐഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും കേരളാ കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെടും. ചര്‍ച്ച നടത്തി രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം പ്രവർത്തകരെ വിശ്വാസത്തിലെടുക്കാതെ കുറ്റ്യാടി മണ്ഡലത്തിൽ കേരള കോൺ​ഗ്രസ് മത്സരിച്ചാൽ പാർട്ടിക്കും മുന്നണിക്കും ഉണ്ടായേക്കാവുന്ന വലിയ തിരിച്ചടിയെ സംബന്ധിച്ച് ജോസ് കെ മാണിക്ക് നല്ല ബോധ്യമുണ്ട്. പാർട്ടിയുടെ പരാജയം കുറ്റ്യാടിയിൽ മാത്രം ഒതുങ്ങില്ലെന്നും ഒരുപക്ഷേ അത് പാല വരെ വ്യാപിക്കുമെന്നും ജോസ് കെ മാണി കണക്ക് കൂട്ടുന്നു. വ‌ടകര താലൂക്കിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർത്ഥികൾ ഇല്ലാത്ത പശ്ചാത്തലത്തിൽ അവിടെ മൂന്നിടത്തും സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിന്റെ ഫലമായി തോൽവി ഉണ്ടാകാനുള്ള സാധ്യതയും അദ്ദേഹം മുൻകൂട്ടി കണ്ടു. അതിനാൽ, തങ്ങൾക്ക് അനുവദിച്ച കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പിന് തന്നെയാകും കേരള കോൺ​ഗ്രസ് തയ്യാറാകുക.

ഇടതു മുന്നണിയുടെ തുടർഭരണം തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ജോസ് കെ മാണി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കുറ്റ്യാടിയുടെ പേരിൽ സിപിഎം അണികളെ വെറുപ്പിക്കാൻ കേരള കോൺ​ഗ്രസ് തയ്യാറാകില്ല. എന്നാൽ, കുറ്റ്യാടി ത്യജിക്കുമ്പോൾ പകരം തങ്ങൾക്കെന്ത് കിട്ടും എന്ന കാര്യത്തിൽ മാത്രമാകും ഇന്ന് കേരള കോൺ​ഗ്രസ്- സിപിഎം നേതൃതല ചർച്ചയിൽ കേരള കോൺ​ഗ്രസ് ചോദിക്കുക. കുറ്റ്യാടി സീറ്റ് സിപിഎമ്മിന് കൊടുക്കുന്നതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിനും അണികൾക്കും ജോസ് കെ മാണി കൂടുതൽ സ്വീകാര്യനാകും. ഇത് പാർട്ടിയുടം 12 സ്ഥാനാർത്ഥികളുടെയും വിജയത്തിലേക്ക് നയിക്കുമെന്നാണ് കേരള കോൺ​ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം കേരള കോൺ​ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ

പാല: ജോസ് കെ മാണി
ഇടുക്കി: റോഷി അ​ഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി: ഡോ. എൻ ജയരാജ്
ചങ്ങനാശ്ശേരി: അഡ്വ. ജോബ് മൈക്കിൾ
കടുത്തുരുത്തി: സ്റ്റീഫൻ ജോർജ്ജ്
പൂഞ്ഞാർ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
തൊടുപുഴ: പ്രൊഫ. കെ ഐ ആന്റണി
പെരുമ്പാവൂർ: ബാബു ജോസഫ്
റാന്നി: അഡ്വ. പ്രമോദ് നാരായൺ
പിറവം: ഡോ. സിന്ധുമോൾ ജേക്കബ്
ചാലക്കുടി: ഡെന്നീസ് ആന്റണി
ഇരിക്കൂർ: സജി കുറ്റ്യാനിമറ്റം

യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. പേരാമ്പ്രയ്ക്കു പകരം കേരള കോൺഗ്രസിന് നൽകിയതാണ് കുറ്റ്യാടി. പേരാമ്പ്രയിൽ കേരള കോൺ​ഗ്രസ് കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് തോറ്റിരുന്നു. ഇവിടെ ഇത്തവണയും രാമകൃഷ്ണൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി.

പാർട്ടി കോട്ടയിൽ പാർട്ടിക്ക് സീറ്റില്ല

ഇടത് മുന്നണിയിലെ സീറ്റ് വിഭജനത്തോടെ, വടകര താലൂക്കിനു കീഴിലുള്ള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അണികൾക്കാവില്ല. വടകര എൽജെഡിക്കും കുറ്റ്യാടി കേരള കോൺഗ്രസിനും നാദാപുരം സിപിഐയ്ക്കുമാണ് എൽഡിഎഫ് കൊടുത്തത്. ഘടക കക്ഷികളുടെ ശക്തി നോക്കാതെ പാർട്ടി ശക്തികേന്ദ്രങ്ങളെല്ലാം ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തതാണ് അണികളെ പ്രകോപിപ്പിച്ചത്.

കുറ്റ്യാടിയിലെ പ്രശ്‌നങ്ങൾ വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിലെയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് സിപിഎമ്മിന് ആശങ്ക ഉയരുന്നുണ്ട്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് (എം) ന് വിട്ടുകൊടുത്തതിനെതിരെ സി പി എം പ്രവർത്തകർ ഇന്നലെയും മിനിഞ്ഞാന്നും കുറ്റ്യാടിയിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കുറ്റ്യാടിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് പങ്കെടുത്തത്. കുറ്റ്യാടി സീറ്റിൽ സിപിഎം തന്നെ മത്സരിക്കണമെന്നും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രകടനം.

2008 ലെ പുനർനിർണയത്തെത്തുടർന്ന് നിലവിൽവന്ന മണ്ഡലമാണ് കുറ്റ്യാടി. പഴയ മേപ്പയൂർ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവിടെ 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെ.കെ. ലതിക (സിപിഎം) 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിംലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി. 2016 ൽ ലതികയെ ലീഗിന്റെ പാറയ്ക്കൽ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി. എളുപ്പത്തിൽ തിരിച്ചുപിടിക്കാവുന്ന മണ്ഡലമാണ് ഇതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45275
https://mediamangalam.com/archives/44884
https://mediamangalam.com/archives/44886
https://mediamangalam.com/archives/44944
https://mediamangalam.com/archives/45051
https://mediamangalam.com/archives/44674

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close