KERALANEWS

കുഴൽപ്പണ കവർച്ചാ കേസിൽ ഉന്നത ബിജെപി നേതാവിനും പങ്ക്; സംഭവത്തിന് പിന്നാലെ പ്രതികളുമായി കൂടിക്കാഴ്ച്ച നടത്തിയതും ഉന്നതനെന്ന് സൂചനകൾ; കൊടകര കേസ് ബിജെപിയുടെ അടിവേരിളക്കുമോ? കേസ് ഒതുക്കാനും ശ്രമമെന്ന് ആരോപണം

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഉന്നത ബിജെപി നേതാവിനും പങ്കെന്ന് റിപ്പോർട്ടുകൾ. സംഭവത്തിലെ പ്രതികളായ ബി.ജെ.പി നേതാക്കൾക്കൊപ്പം ഉന്നത നേതാവും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന. കേസ് ഒതുക്കിതീർക്കാൻ ബിജെപി നേതൃത്വം ഇടപെടൽ ആരംഭിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് സംഭവത്തിൽ ഉന്നത നേതാവിന്റെ ബന്ധം സംബന്ധിച്ചും അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചത്.

കണ്ണൂരിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് ആർ.എസ്.എസ് നേതൃത്വത്തിലെ പ്രമുഖരാണെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ഏപ്രിൽ രണ്ടിലെ സി.സി.ടി.വി ദൃശ്യം പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.സി.ടി.വി തകരാറിലാണെന്ന വിവരമാണ് ജില്ലാ നേതൃത്വം അറിയിച്ചത്.കേസിൽ ബി.ജെ.പി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ, ആലപ്പുഴ ജില്ലാ ട്രഷറർ കെ. ജി കർത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശൻ, മേഖല സെക്രട്ടറി ജി കാശിനാഥൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്. ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. പണം എത്തിച്ച റഷീദിനും ഡ്രൈവർ ഷംജീറിനും മുറിയെടുത്തു നൽകിയത് സതീശനാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

കവർച്ച സംബന്ധിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കേസിലെ മുഖ്യപ്രതിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിനായി ബി.ജെ.പി നേതാക്കളെ ഉടൻ വിളിപ്പിച്ചേക്കും.ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറർ കെ. ജി കർത്തയുടെ മൊഴിയും അന്വേഷണ സംഘം ഗൗരവത്തിൽ എടുത്തിട്ടുണ്ട്.അന്വേഷണം കൂടുതൽ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. അതേസമയം കേസ് ഒതുക്കി തീർക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നേതാക്കളുമായി അടുപ്പമുള്ള അഭിഭാഷകർ വഴി കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

കഴിഞ്ഞ ദിവസം വാടാനപ്പള്ളിയിൽ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റിട്ടുണ്ട്. വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്‌സിൻ എടുക്കുന്നതിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ബി.ജെ.പി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബി.ജെ.പി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ പറഞ്ഞിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പർ മുറികളിൽ താമസിച്ചെന്നും ഹോട്ടൽ ജീവനക്കാരൻ പറയുന്നു. പുലർച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close