KERALANEWS

കൂടത്തായി കേസില്‍ അട്ടിമറി ശ്രമങ്ങള്‍, രഹസ്യകരുനീക്കങ്ങളുമായി അഭിഭാഷകരും, പോലീസിലെ ഉന്നതരുമായി ബന്ധമുള്ളവരും

തിരുവനന്തപുരം: കൂടത്തായി കേസും ജോളിയും കേരളം ഏറെ ആകാംക്ഷയോടെയും അതിനപ്പുറം അത്ഭുതത്തോടെയുമാണ് നോക്കിക്കണ്ടത്. കേസിന്റെ കാര്യമായ വിവരങ്ങളൊന്നും അടുത്ത കുറച്ചുനാളുകളായി ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന പുതിയൊരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ്. അതിനായി അഭിഭാഷകരും, പോലീസിലെ ഉന്നതരുമായി ബന്ധമുള്ള ആറംഗസംഘവും കോഴിക്കോട്ടെ ഒരു റിസോര്‍ട്ടില്‍ രഹസ്യയോഗം ചേര്‍ന്നിട്ടുണ്ടെന്ന വിവരമാണ് അപ്പോള്‍ കേള്‍ക്കുന്നത്.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനു നീക്കം നടക്കുന്നുണ്ട്.അന്വേഷണസംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കാനും എസ്.പി: കെ.ജി.സൈമണ്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടുമായിരുന്നത്രെ ഈ രഹസ്യയോഗം. സാക്ഷിപ്പട്ടികയിലുള്ളവരെ പ്രതിചേര്‍ത്ത് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കവും ഉണ്ടായിരുന്നു. ഇത് മുളയിലേ നുള്ളിയത് എസ്.പി സെമണാണ്. കൂടത്തായി, പൊന്നാമറ്റം എന്നീ കുടുബങ്ങളിലെ ആറുപേരുടെ ദുരൂഹമരണക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതു പോലീസിനു വ്യാപകപ്രശംസ നേടിക്കൊടുത്തിരുന്നു.
കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍നിന്നു ബന്ധുക്കളുമായി 10 മിനിറ്റിലധികം ഫോണില്‍ സംസാരിച്ചതും വിവാദമായിരുന്നു. ജയില്‍ ഫോണില്‍ സാധാരണ രണ്ട് മിനിറ്റിലധികം പ്രതികളെ സംസാരിക്കാന്‍ അനുവദിക്കാറില്ല. സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ചില കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവാദമുണ്ടാക്കാനും ഗൂഢനീക്കം നടക്കുന്നു. ജോളിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും ചരടുവലിക്കുന്നുണ്ട്. വിചാരണാവേളയില്‍ സാക്ഷികളെ കൂറുമാറ്റിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ രംഗത്തുള്ളതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
കോഴിക്കോട്ടെ രഹസ്യയോഗവിവരം പുറത്തായതോടെ സാക്ഷിപ്പട്ടികയിലുള്ള ചിലരും ഒപ്പം ജോളിക്ക് അടുപ്പമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
മുഖ്യപ്രതിയുടെ സാമ്പത്തിക ഉറവിടം, പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ പങ്ക്, ജോളിയെ നിരപരാധിയായി ചിത്രീകരിക്കാനുള്ള ശബ്ദരേഖ എന്നിവയെക്കുറിച്ച് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയേക്കും. ജോളിയുടെ ഭൂമിയിടപാടുകള്‍ക്കു കൂട്ടുനിന്ന വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സും രഹസ്യന്വേഷണമാരംഭിച്ചിട്ടുണ്ട്. കേരളം പലകുറി ചര്‍ച്ച ചെയ്ത് ഒടുവില്‍ അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്ന പല കേസുകള്‍ പോലെ ഇതും ശൂന്യതയില്‍ ലയിക്കാതിരിക്കട്ടെ .


Tags
Show More

Related Articles

Back to top button
Close