KERALANEWS

കൂടുതല്‍ ‘ആര്യ’മാരെ പരിഗണിക്കാന്‍ സിപിഎം, എഎ റഹീം കളമശ്ശേരിയില്‍

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് പരിഗണന നല്‍കിയത് കൂടുതല്‍ ഗുണം ചെയ്‌തെന്നാണ് സിപിഎം വിലയിരുത്തല്‍.ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ച മാതൃക സംസ്ഥാനമാകെ പിന്തുടരാനാണു നീക്കം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യുവജനങ്ങളെ ഇറക്കിയാല്‍ ഫലം അനുകൂലമാകുമെന്നു പാര്‍ട്ടി കണക്കുകൂട്ടുന്നു.കെ.ബാബുവിനെതിരെ എം.സ്വരാജിനെ രംഗത്തിറക്കി തൃപ്പൂണിത്തുറ പിടിച്ച മാതൃക സ്വീകരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ഏലത്തൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഗതാഗതമന്ത്രിയും എന്‍സിപി നേതാവുമായ എ.കെ.ശശീന്ദ്രന്‍ 29,057 വോട്ടിനു വിജയിച്ച മണ്ഡലമാണിത്. ശശീന്ദ്രനു കണ്ണൂര്‍ മണ്ഡലം പകരം നല്‍കാനാണ് ആലോചന. കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ കളമശേരിയില്‍ മത്സരിപ്പിക്കാനാണ് ആലോചന. ലീഗിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന മണ്ഡലവും പരിഗണിക്കുന്നു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. കഴിഞ്ഞ തവണ 12,118 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ എ.എം.യൂസഫിനെ ഇബ്രാഹിംകുഞ്ഞ് പരാജയപ്പെടുത്തിയത്. ഇത്തവണ ഇബ്രാഹിംകുഞ്ഞിനെ യുഡിഎഫ് മത്സരിപ്പിക്കില്ല.എം.സ്വരാജ് തൃപ്പൂണിത്തുറയില്‍ വീണ്ടും മത്സരിക്കും. പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസിനാണ് സാധ്യത. മലമ്പുഴയിലോ തൃത്താലയിലോ എം.ബി.രാജേഷ് മത്സരിച്ചേക്കും. പി.രാജീവിനെ പെരുമ്പാവൂരില്‍ പരിഗണിക്കുന്നു. എ.എന്‍.ഷംസീര്‍ തലശേരിയില്‍ തുടരും. അരൂരില്‍ മനു സി.പുളിക്കലിനെ മത്സരിപ്പിക്കാനാണ് നീക്കം.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് മനുവിനെ മാറ്റി. ജില്ലയിലെ പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കാനാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കല്യാശേരിയില്‍ ടി.വി.രാജേഷിനു പകരം ഡിവൈഎഫ്‌ഐ വൈസ് പ്രസിഡന്റ് എം.വിജിന്റെ പേര് പരിഗണനയിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close