KERALANEWS

കൂട്ടിയ ബസ് നിരക്കുകള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം:കോവിഡ് കാലത്ത് കൂട്ടിയ ബസ് നിരക്കുകള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറയ്ക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. കോവിഡ് കാല സ്‌പെഷല്‍ സര്‍വീസുകളില്‍ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.കോവിഡ് വ്യാപനം കുറഞ്ഞ് ബസുകളില്‍ തിരക്കേറിയ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള ശുപാര്‍ശ കെ.എസ്.ആര്‍.ടി.സി മുന്നോട്ട് വച്ചത്. എന്നാല്‍ അതിനുള്ള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് മാത്രം നിരക്ക് കുറയ്ക്കും.

പഴയ നിരക്ക് പുനസ്ഥാപിച്ചാല്‍ സ്വകാര്യ ബസ് സമരമുള്‍പ്പെടെയുള്ള പ്രതിഷേധവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നു.നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാര്‍ശ നല്‍കയട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ദീര്‍ഘദൂര സര്‍വീസുകളില്‍ ആള് കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള വരുമാന വര്‍ധനയുണ്ടായിട്ടില്ല. ഇന്ധന വില വര്‍ധന കണക്കാക്കി കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിര്‍ത്തുന്നതാകും സര്‍ക്കാര്‍ തീരുമാനം. നിരക്ക് പരിഷ്‌കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനോട് പുതിയ റിപ്പോര്‍ട്ട് തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ മനോരമ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close