കൂട്ട ബലാത്സംഗത്തിലേക്ക് നയിച്ചത് ഞെട്ടിക്കുന്ന ജാതി വൈരം

ലഖ്നൗ: യുപിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും യുപി സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോള്‍ കേസിലെ പ്രതികളായ നാലു ഠാക്കൂര്‍ യുവാക്കളെ സംരക്ഷിക്കാന്‍ പ്രതിഷേധവുമായി സവര്‍ണ്ണ ജാതി കൂട്ടായ്മ. രാഷ്ട്രീയ സവര്‍ണ പരിക്ഷത് എന്ന ഹിന്ദുഗ്രൂപ്പാണ് പ്രതികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ചന്ദാപ്പ എസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. അതിന്റെ പത്രത്തിലെ വാര്‍ത്തയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹത്രാസ് കേസ് ഠാക്കൂര്‍ – രജപുത് സവര്‍ണ്ണ ആള്‍ക്കാരെ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കുടുക്കി അപമാനിക്കാനുള്ള ശ്രമമെന്നാണ് കൂട്ടബലാത്സംഗ കേസിനെ രാഷ്ട്രീയ സവര്‍ണ പരിക്ഷത്ത് വിശേഷിപ്പിച്ചതെന്നാണ് ഗൗരി ലങ്കേഷ് ന്യൂസ് പുറത്തുവിട്ടിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിത്രാസ് സംഭവത്തില്‍ അനേകരാണ് സവര്‍ണ്ണ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നീക്കത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.സെപ്തംബര്‍ 14 നായിരുന്നു 19 കാരി പെണ്‍കുട്ടിയെ ഠാക്കൂര്‍ – രജപുത്ത് വിഭാഗത്തിലെ യുവാക്കള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. വയലില്‍ മാതാവുമായി പുല്ലു പറിക്കുന്നതിനിടയില്‍ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ഠാക്കൂര്‍മാരുടെ ഉടമസ്ഥതയിലുള്ള വയലിനരിക്കിലെ മരച്ചുവട്ടില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തുകയായിരുന്നു. രാമു, രവി, ലവ്കുശ്, സന്ദീപ് എന്നീ നാലു ഠാക്കൂര്‍ യുവാക്കളാണ് സംഭവത്തിലെ പ്രതികളെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കിടന്നു മരണമടയുന്നതിന് മുമ്പ് പെണ്‍കുട്ടി നാലു പേരുടെയും വിവരങ്ങള്‍ പോലീസിന് മൊഴി നല്കി.സന്ദീപിന്റെ പേരാണ് ആദ്യം പെണ്‍കുട്ടി പറഞ്ഞത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനും ദളിത് പീഡനത്തിനുമാണ് കേസെടുത്തത്. സെപ്തംബര്‍ 21 നും 22 നും മറ്റുള്ളവരുടെ പേരും പോലീസിനോട് പറഞ്ഞു. എന്നിട്ടും രണ്ടാഴ്ചയോളം പോലീസോ ആശുപത്രി അധികൃതരോ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതാണെന്ന് ഉറപ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. മറ്റ് കേസുകളുടേയും മറ്റും പേര് പറഞ്ഞ് ഇവര്‍ ഒഴിവ് കഴിവുകള്‍ പറയുകയായിരുന്നു എന്ന് സംഭവത്തില്‍ ഗുരുതരമായ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്ന ഗൗരി ലങ്കേഷ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഹത്രാസ് കേസിന് പെട്ടെന്ന് ആധാരമായത് ഠാക്കൂര്‍ കുടുംബവും വാല്മീകി സമുദായത്തിലെ കുടുംബവും തമ്മിലുള്ള ജാതിവൈരമാണ് എന്ന കണ്ടെത്താലാണ് ന്യൂസ് വെബ്സൈറ്റ് കണ്ടെത്തിയിരിക്കുന്നത്.തങ്ങളുടെ വീടുകളിലെ തോട്ടിപ്പണി ഉള്‍പ്പെടെയുള്ള ശുചീകരണ ജോലികള്‍ നിര്‍വ്വഹിക്കാന്‍ വാല്മീകി സമുദായത്തിലെ ആള്ക്കാര് എത്താത്തതില്‍ ഠാക്കൂര്‍ കുടുംബത്തിന് ദീര്‍ഘകാലമായി ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തോട് നീരസം ഉണ്ടായിരുന്നു. മതിയായ കൂലി നല്‍കാത്തതിന്റെ പേരിലാണ് ഇവര്‍ ജോലികള്‍ നിര്‍ത്തി വെച്ചത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ വൃത്തിഹീനമായ ജോലികള്‍ ചെയ്യാന്‍ ഇവര്‍ എത്താത്തത് ഠാക്കൂര്‍ കുടുംബം ജാതി മേല്ക്കോയ്മയ്ക്കുള്ള അഭിമാനക്ഷതമായി കണക്കാക്കി പ്രതികാരം ചെയ്യാന്‍ അസഹിഷ്ണുതയോടെ കാത്തിരിക്കുകയായിരുന്നു. 20 വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ മുത്തച്ഛനെ ഠാക്കൂര്‍ കുടുംബം ആക്രമിച്ചിരുന്നു. തങ്ങളുടെ പാടത്തേക്ക് കന്നുകാലികളെ മേയാന്‍ വിടുന്നതിനെ ചോദ്യം ചെയ്തതായിരുന്നു പ്രശ്നം. ഇതിന് പെണ്‍കുട്ടിയുടെ മുത്തച്ഛനെ കുത്തുകയും വിരലുകള്‍ മുറിക്കുന്ന സംഭവത്തിലേക്ക് നീളുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഠാക്കൂര്‍ കുടുംബക്കാര് ആറു മാസം മുമ്പ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജാതിവൈരമാണ് പെണ്‍കുട്ടിക്ക് നേരെയുള്ള അക്രമത്തിന് കാരണമായതെന്ന് വ്യക്തമല്ല. അതേസമയം ഠാക്കൂര്‍മാര്‍ വാല്മീകികളോട് ഹത്രാസില്‍ വ്യാപകമായി തൊട്ടുകൂടായ്മ നടപ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ വാല്മീകി സമുദായക്കാര്‍ അസഹിഷ്ണുക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജാതി ആധാരമാക്കി അവര്‍ണ്ണരെ ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കുന്ന സവര്‍ണ്ണരെ സംരക്ഷിക്കാന്‍ സാമുദായിക ഗ്രൂപ്പുകള്‍ മുമ്പോട്ട് വരുന്ന ഇവിടുത്തെ ആദ്യ സംഭവമല്ല ഇത് എന്നും ഗൗരി ലങ്കേഷ് ന്യൂസ് പറയുന്നു. രണ്ടു വര്‍ഷം മുമ്പ് എട്ടു വയസ്സുള്ള നാടോടി വിഭാഗത്തില്‍ പെടുന്ന മുസ്ളീം പെണ്‍കുട്ടിയെ പൂജാരി തട്ടിക്കൊണ്ടു പോയി ബലാത്സംഗ ചെയ്ത സംഭവത്തില്‍ ഇയാളെ പ്രതിരോധിക്കാനെത്തിയത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിക്ക് വേണ്ടി ബിജെപി നേതാക്കള്‍ വരെ രംഗത്ത് വന്നതായും റിപ്പോര്‍ട്ടിലുണ്ട്.