KERALATrending

കൃത്രിമ ഭാഷയോ ശൈലിയോ എനിക്കില്ല’ ; ശശി തരൂരിനോടു ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതൃമാറ്റത്തെച്ചൊല്ലി ശശി തരൂരിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി. തന്റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ല. അതില്‍ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി ഖേദം പ്രകടിപ്പിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ്:എന്റെ രാഷ്ട്രീയം ആരംഭിക്കുന്നത് കെ.എസ്.യുവിലൂടെയാണ്. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളില്‍ 1975 കാലഘട്ടത്തില്‍ പഠിക്കുവാന്‍ എത്തുമ്പോഴാണ് ഞാന്‍ കെ.എസ്.യു മെമ്പര്‍ഷിപ്പ് എടുത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൂലിവേലക്കാരായ അച്ഛന്‍ കുഞ്ഞനും, അമ്മ തങ്കമ്മയും വളരെ പ്രയാസപ്പെട്ടാണ് ഞാന്‍ ഉള്‍പ്പെടെയുള്ള മക്കളെ വളര്‍ത്തിയത്. അടുത്തുള്ള വീടുകളില്‍ ജോലിക്ക് പോയും, വയലില്‍ കൊയ്യാനും, വിതയ്ക്കാനും, ഞാറ് നടാനും പോയുമാണ് എന്നെയും സഹോദരങ്ങളെയും വളര്‍ത്തിയത്. ജീവിതം തന്നെ ഒരു സമരമായിരുന്നു. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവിച്ച ഞങ്ങള്‍ പലപ്പോഴും സ്‌കൂളില്‍ പോയിരുന്നത് ഒഴിഞ്ഞ വയറുമായിട്ടായിരുന്നു. വൈകിട്ട് വീട്ടില്‍ എത്തുമ്പോഴാകും എന്തെങ്കിലും കഴിക്കാന്‍ കിട്ടുക ! അതിനിടയില്‍ ആണ് സജീവ കെ.എസ്.യു പ്രവര്‍ത്തനം നടത്തിയത്. പട്ടിണിക്കും പരിമിതികള്‍ക്കും ഇടയിലെ കെ.എസ്.യു. പ്രവര്‍ത്തനം സന്തോഷവും ആത്മവിശ്വാസവും നല്‍കി. പോസ്റ്റര്‍ ഒട്ടിച്ചും, കൊടി പിടിച്ചും, സമരം ചെയ്തും, കോളേജുകളില്‍ കെ.എസ്.യു വളര്‍ത്താന്‍ ശ്രമിച്ച എനിക്ക് അന്നത്തെ പലരെയും പോലെ പലപ്പോഴും ക്രൂരമായ പോലിസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ആ ജീവിത പ്രയാസങ്ങള്‍ കരുപിടിപ്പിച്ച അനുഭവങ്ങള്‍ ആണ് എന്റെ രാഷ്ട്രീയം. അന്നുമിന്നും ഞാന്‍ പിന്തുടരുന്നത് അതിലുറച്ച് നിന്നുള്ള ജീവിതമാണ്. കൃത്രിമ ഭാഷയോ, ശൈലിയോ എനിക്കില്ല.

ഇങ്ങനെ പോകുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Tags
Show More

Related Articles

Back to top button
Close