Election 2021KERALANEWSTop NewsTrending

കൃഷി പഠിക്കാനെത്തി ഐപിഎസുകാരനായി; രാഷ്ട്രീയത്തിലെ കള പറിക്കാൻ ജേക്കബ് തോമസിനാകുമോ

ഇരിങ്ങാലക്കുട: മലയോര കാർഷിക കുടുംബത്തിൽ നിന്നും കാർഷിക കോളജിൽ കൃഷിപഠിക്കാനെത്തി സിവിൽ സർവീസിലെത്തിയ പ്രതിഭയാണ് ഇക്കുറി ഇരിങ്ങാലക്കുടയിൽ ബിജെപി സ്ഥാനാർത്ഥി. അധികാര ഇടനാഴികളിലെ കളകൾ സ്വന്തം വളർച്ചക്ക് വിഘാതമായപ്പോഴും അനുകൂല കാലാവസ്ഥ പ്രതീക്ഷിക്കുന്ന കർഷകന്റെ ക്ഷമ എക്കാലവും ജേക്കബ് തോമസ് എന്ന ഐപിഎസുകാരൻ പ്രകടിപ്പിച്ചിരുന്നു. വൻ സ്രാവുകൾക്കൊപ്പം നീന്തി കയറിയ ജേക്കബ് തോമസ് ഇക്കുറി കളത്തിലിറങ്ങിയത് നൂറുമേനി കൊയ്യാൻ തന്നെയാണ്. സിവിൽ സർവീസ് കാലത്ത് നേടിയെടുത്ത അഴിമതിയുടെ കറ പുരളാത്ത മനുഷ്യൻ എന്ന പ്രതിച്ഛായയും ഭയമില്ലാത്ത പോരാളി എന്ന താരപരിവേഷവും തങ്ങൾക്ക് ​ഗുണമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാ​ര്യ പ്രൊഫ.ആർ.ബിന്ദുവാണ് ഇരിങ്ങാലക്കുടയിലെ ഇടത് സ്ഥാനാർത്ഥി. തോമസ് ഉണ്ണിയാടനാണ് യുഡിഎഫിനായി അങ്കത്തിനുള്ളത്. പലതവണ ജയിച്ച തോമസ് ഉണ്ണിയാടനിൽനിന്ന് കഴിഞ്ഞ തവണ കെ.യു. അരുണൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2,770 വോട്ടുകൾക്കാണ് തോമസ് ഉണ്ണിയാടനെ കെ യു അരുണൻ പരാജയപ്പെടുത്തിയത്. ഇടത് സ്വതന്ത്രനായി 1982 മുതൽ 1996 വരെയുള്ള നാല് തവണ ഇരിങ്ങാലക്കുടയിൽ നിന്നും വിജയിച്ചത് ലോനപ്പൻ നമ്പാടനായിരുന്നു. നാല് തവണയും അദ്ദേഹം പരാജയപ്പെടുത്തിയത് തോമസ് ഉണ്ണിയാടൻ എന്ന കേരള കോൺഗ്രസ് നേതാവിനെ. 2001 ൽ ലോനപ്പൻ നമ്പാടാൻ മണ്ഡലം മാറിയതിന് ശേഷമുള്ള മത്സരിത്തിലാണ് ഇരിങ്ങാലക്കുടയിൽ നിന്നും തോമസ് ഉണ്ണിയാടൻ ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. 2006 ലും 2011 ലും അദ്ദേഹം വിജയം തുടർന്നു. എന്നാൽ കഴിഞ്ഞ തവണ കന്നിയങ്കത്തിനിറങ്ങിയ കെ.യു. അരുണന് മുന്നിൽ തോമസ് ഉണ്ണിയാടന് ചുവട് പിഴച്ചു.

കഴിഞ്ഞ തവണ 30000 മുകളിൽ വോട്ടു ലഭിച്ച മണ്ഡലങ്ങളിൽ ഒന്നെന്ന നിലയിൽ സർവ സന്നാഹങ്ങളുമൊരുക്കിയാണ് ബിജെപി പോരിനിറങ്ങിയത്. പിണറായി സർക്കാരുമായി കൊമ്പുകോർത്ത മുൻ ഡിജിപി ജേക്കബ് തോമസിനെയാണ് ബിജെപി ഇരിങ്ങാലക്കുട പിടിക്കാൻ നിയോഗിക്കുന്നത്. ആർഎസ്എസ് നേതൃത്വവുമായി നേരത്തെ തന്നെ മികച്ച ബന്ധത്തിലായിരുന്ന ജേക്കബ് തോമസിന്റെ പ്രവർത്തനത്തിനായി പരിവാർ സംഘടനകളോട് സജീവമായി രംഗത്തിറങ്ങാൻ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇരു മുന്നണികളോയും എതിർത്ത് പരമാവധി വോട്ട് ശേഖരിക്കുകയെന്നതാകണം ബിജെപിയുടെ തന്ത്രം. മോദി പ്രഭാവത്തിനൊപ്പം ജേക്കബ് തോമസിന്റെ വ്യക്തിപരമായ മികവിനും ലഭിക്കുന്ന വോട്ടുകൾ ചേർത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close