KERALANEWS

കെഎം ബഷീര്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു, വിചാരണ പൂര്‍ത്തിയാകാതെ കേസ് നീളുന്നു…

തിരുവനന്തപുരം: പാതിരാവിന്റെ മറവില്‍ വഴിയരികില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കാറിടിക്കുകയും അയാള്‍ മരിക്കുകയും ചെയ്യുന്നു. അമിത വേഗത്തിലെത്തിയ ആ വാഹനത്തില്‍ മദ്യപിച്ച് പറയത്തക്കബോധമില്ലാത്ത അവസ്ഥയില്‍ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനും സുഹൃത്തായ സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്. ഈ രംഗങ്ങള്‍ കൃത്യമായി പകര്‍ത്തി ലോകത്തിന് കാട്ടിക്കൊടുക്കാന്‍ അവിടെ മറ്റൊരു മാധ്യമപ്രവര്‍ത്തകനും ഉണ്ടായിരുന്നു. മരിച്ചതൊരു മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നിട്ടുകൂടി അന്നത്തെ അന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടായില്ല. സംഭവം നടന്നിട്ട് ഇന്നൊരു വര്‍ഷം തികയുകയാണ്. ലോക്കല്‍ പൊലീസില്‍ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമാണ് ശ്രീറാമിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തത്. ഇതിനിടെ രണ്ട് തവണ കോടതി നോട്ടീസ് നല്‍കിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല.അപകടം ഉണ്ടായ നഗരമധ്യത്തിലെ മ്യൂസിയം സ്റ്റേഷന്‍ പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതായിരുന്നു കേസിലെ മറ്റൊരു തിരിച്ചടി. ഒരു വര്‍ഷം പിന്നിടുമ്പോഴും ക്യാമറകളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കി. പക്ഷെ കേസിന്റെ സ്ഥിതിയെന്താണ്. ഉന്നതബന്ധമുണ്ടെങ്കില്‍ ഒരു കേസ് എങ്ങിനെ അട്ടിമറിക്കാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരമാണ് ഈ കേസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിടും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നതും ശ്രദ്ധേയമായ മറ്റോരു വസ്തുതയാണ്.
ഇന്ന് ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നിന്നവര്‍ പകല്‍ വെളിച്ചത്തില്‍ പഴയപോലെ സ്ഥാനമാനങ്ങള്‍ അനുഭവിക്കുന്നു. ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാംവെങ്കിട്ടരാമന്‍ അന്ന് ജനസമ്മതനും ആരാധകര്‍ ഏറെയുള്ള യുവ ഐഎഎസ് ഓഫീസറുമായിരുന്നു. സര്‍ക്കാരിനോടുപോലും കലഹിക്കാന്‍ മടിയില്ലാത്ത ആ യുവ ഓഫീസര്‍ ഒററരാത്രികൊണ്ടാണ് കൊലയാളി എന്ന പേരിലേക്ക് താഴ്ത്തപ്പെട്ടത്. ജനമനസ്സിലെ വിഗ്രഹം തകര്‍ത്ത ആ സംഭവത്തിന് ശേഷം വലിയ നഷ്ടങ്ങള്‍ ഒന്നും ഉണ്ടാകാതെ തന്നെ വീണ്ടും അധികാരത്തില്‍ അരിയിട്ടു വാഴിച്ചു. വഫയും സുരക്ഷിതതന്നെ. കേസ് നീളുകയും പ്രതികള്‍ സുരക്ഷിതരായി പഴയപോലെ കഴിയുകയും ചെയ്യുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഭരണകൂടത്തിനു നാണക്കേടുതന്നെയാണ്.

Tags
Show More

Related Articles

Back to top button
Close