കെഎസ്ആര്‍ടിസി ഒന്നാം തീയതി മുതല്‍ ദീര്‍ഘദൂരസര്‍വീസ് തുടങ്ങില്ല

തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം കെഎസ്ആര്‍ടിസി പിന്‍വലിച്ചു. കണ്ടെയ്ന്മെന്റ് സോണുകള്‍ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലുള്ള സര്‍വീസുകളും നിര്‍ത്തേണ്ടി വരുമെന്ന സൂചനയും തീരുമാനം വിശദീകരിക്കവേ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് നല്കി. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. ആരോഗ്യ വകുപ്പ് നല്കിയ ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്.
സമ്പര്‍ക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസ്സമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കി. ”ആളുകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട് സ്പോട്ടാണ്. കണ്ടെയ്ന്മെന്റ് സോണില്‍ ബസ് നിര്‍ത്താനാവില്ല. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവര്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം”, മന്ത്രി പറഞ്ഞു. ജില്ലകള്‍ക്കുള്ളിലുള്ള ഗതാഗതം സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലെ സര്‍വ്വീസും നിര്‍ത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നല്കുന്നു.
ഓഗസ്റ്റ് 1 മുതല്‍ 206 ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തേ മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീണ്ട ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്ന തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് സര്‍വീസ് ഉണ്ടാകില്ലെന്നും പകരം ആനയറയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാമെന്നുമായിരുന്നു തീരുമാനം. ആനയറയില്‍ നിന്ന് കണിയാപുരത്ത് എത്തി അവിടെ നിന്ന് ബൈപ്പാസിലേക്ക് കയറി സര്‍വീസ് തുടരുമെന്നായിരുന്നു മന്ത്രി ആദ്യം വ്യക്തമാക്കിയത്. കണിയാപുരത്തോ ആനയറയിലോ എത്തേണ്ടവര്‍ക്ക് ലിങ്കേജ് ബസ് സര്‍വീസുകളും നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, കണ്ടെയ്ന്മെന്റ് സോണുകളില്‍ സര്‍വീസുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളായ പ്രദേശങ്ങളില്‍ ബസ് നിര്‍ത്തുകയോ ആളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. 1800 ദീര്‍ഘദൂരസര്‍വീസുകളാണ് നേരത്തേ കെഎസ്ആര്‍ടിസി നടത്തിയിരുന്നത്. ഇത് നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സമാനമായ പ്രതിസന്ധി സ്വകാര്യ ബസ് സര്‍വീസുകളും സംസ്ഥാനത്ത് നേരിടുന്നുണ്ട്. കൊവിഡ് കാലത്തെ മുഴുവന്‍ നികുതിയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണ്. എന്നാല്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.