KERALANEWS

കെഎസ്ആര്‍ടിസി ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നത്; ബിജു പ്രഭാകര്‍


തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു നടന്നിട്ടുള്ളവര്‍, കൈക്കൂലി കൊടുത്തും അനധികൃതമായും കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് കയറിയവരാണ് മോശമായി പെരുമാറുന്നത്.കെഎസ്ആര്‍ടിസിയില്‍ സ്വിഫ്റ്റ് നടപ്പാക്കുമെന്ന് എം ഡി വ്യക്തമാക്കി. ഇനി കെഎസ്ആര്‍ടിസിക്ക് പണം നല്‍കണമെങ്കില്‍ സ്വിഫ്റ്റ് നടപ്പാക്കിയാല്‍ മാത്രമേ തരികയുള്ളൂ എന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒരു സംശയവും വേണ്ട, സ്വിഫ്റ്റ് നടപ്പാക്കിയിരിക്കും. സ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

2012-15 കാലയളവില്‍ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നു വ്യക്തമാക്കിയ എംഡി, വെട്ടിപ്പു നടത്തിയ ജീവനക്കാരില്‍ ചിലര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷറഫിനെതിരെയും അക്കൗണ്ട്‌സ് മാനേജര്‍ ശ്രീകുമാറിനെതിരെയും നടപടിയെടുക്കും. കെഎസ്ആര്‍ടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനമാണ് തുറന്നു പറച്ചിലിനു വേദിയായത്.

കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലാണെന്നു എംഡി വ്യക്തമാക്കി. ടിക്കറ്റ് മെഷീനില്‍ ചില ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ട്. ബസുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസല്‍ വെട്ടിപ്പ് തുടരാനാണു ചിലര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത്. യാത്രക്കാര്‍ക്കു പഴയ ടിക്കറ്റു നല്‍കിയും വെട്ടിപ്പു നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ജീവനക്കാരെ മൊത്തതില്‍ ഇങ്ങനെ കാണുന്നില്ലെന്നും 10% ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും എംഡി വ്യക്തമാക്കി.കോര്‍പറേഷനില്‍ 7090 ജീവനക്കാര്‍ അധികമായുണ്ട്. ആരെയും പിരിച്ചുവിടില്ല, ഭാവിയില്‍ ആളെ കുറയ്‌ക്കേണ്ടിവരും. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ് ഓഫിസ് മാറിയിരിക്കുകയാണ്. സ്ഥാപനത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അടിമുടി അഴിച്ചുപണിവേണം. സ്ഥാപനത്തിനു ലാഭമില്ലെങ്കില്‍ പുതിയ മാര്‍ഗങ്ങള്‍ തേടണം. ഇതുവരെ പോയ പാത ശരിയല്ലെന്നും വേറെ പാത മാറ്റിപിടിക്കണം എന്നുമാണ് ഇപ്പോഴുള്ള സൂചന. കെഎസ്ആര്‍ടിസിയില്‍ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമോ ഡിടിഒമാര്‍ തമ്മില്‍ ഏകോപനമോ ഇല്ല. ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. പ്രൈവറ്റ് ബസുകള്‍ക്കു പിന്നില്‍ പോയാല്‍ മതിയെന്നാണു ചിലരുടെ നിര്‍ദേശം.ജനങ്ങള്‍ക്ക് അനുയോജ്യമായ സമയത്ത് സര്‍വീസ് നടത്താന്‍ കഴിയണം. അതിനാണ് കെ സിഫ്റ്റ് കമ്പനി രൂപീകരിക്കുന്നത്. കംപ്യൂട്ടറൈസേഷന്‍ നടപ്പിലാക്കും. സ്ഥാപനത്തെ നന്നാക്കാന്‍ പറ്റില്ലെങ്കില്‍ രാജിവയ്ക്കുമെന്നും എംഡി പറഞ്ഞു. എംഡിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ യൂണിയനുകള്‍ രംഗത്തെത്തി. ഇടതു സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയുടെ എംഡിയാകുന്ന ആറാമത്തെയാളാണ് ബിജു പ്രഭാകര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close