കെഎസ്ആര്‍ടിസി ലോജിസ്റ്റിക് പാഴ്സല്‍ സര്‍വ്വീസിന് തുടക്കമായി

തിരുവനന്തപുരം: ലോക്ഡൗണ്‍ കാല പ്രതിസന്ധി കുറയ്ക്കാന്‍ നൂതന വരുമാന മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്കെഎസ്ആര്ടിസി. ശ്രമത്തിന്റെ ഭാഗമായി പുതിയ സംവിധാനങ്ങളുമായി കെഎസ്ആര്‍ടിസി ലോജിസ്റ്റിക് എന്ന പേരില്‍ പാഴ്സല്‍ സര്‍വ്വീസിനാണ് കോര്പ്പറേഷന് തുടക്കമിടുന്നത്.റെയില്‍വേയുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്നത് രാജ്യവ്യാപകമായുള്ള ചരക്ക് സേവനങ്ങളില്‍ നിന്നാണ്. ഇതേ മാതൃകയാണ് കെഎസ്ആര്‍ടിസിയും പിന്തുടരുന്നത്.ഡീസല്‍, സ്പെയര്‍ പാര്‍ട്സ് വിലവര്‍ദ്ധനവ് ഉണ്ടായതും കോവിഡ് ഭീഷണിയും വരുമാനം കുറച്ചതിനെത്തുടര്‍ന്നാണ് ടിക്കറ്റേതര വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം കെഎസ്ആര്‍ടിസി ആരംഭിച്ചത്.കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകള്‍ കൈകാര്യം ചെയ്യുന്ന ഒരു വിഭാഗം ആരംഭിച്ചാണ് ചരക്ക് കടത്ത് സേവന മേഖലയിലേക്ക് കെഎസ്ആര്‍ടിസി പ്രവേശിക്കുന്നത്.കൊവിഡ് 19-ന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതി ജീവനക്കിറ്റുകളുടെ വിതരണത്തിനായി സപ്ലൈകോയ്ക്ക് വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസി ലോജിസ്റ്റിക് ആരംഭം കുറിക്കുന്നത്.പ്രതിമാസം 1,25,000 രൂപയ്ക്ക് 5 വാഹനങ്ങളാണ് സപ്ലൈകോ വാടകയ്ക്ക് എടുക്കുന്നത്. പരമാവധി 2500 കി.മീ. ദൂരത്തിനാണ് ഈ വാടക ഇതില്‍ അധികരിക്കുന്ന ഓരോ കി.മീറ്ററിനും 50 രൂപയാണ് അധിക വാടക നിശ്ചയിച്ചിരിക്കുന്നത്.കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്, വിവിധ യൂണിവേഴ്സിറ്റികള്‍, പരീക്ഷാഭവന് എന്നിവരുടെ ചോദ്യ പേപ്പര്‍, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു ഭാഗം നടത്തുന്ന വിധത്തിലേക്ക് കെഎസ്ആര്‍ടിസി ലോജിസ്റ്റിക് സംവിധാനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.