INDIANEWSTop News

കെഎസ്ആർടിസിയെന്ന പേര് കേരളത്തിന് ലഭിച്ചെന്ന പ്രചാരണം വെറും തള്ള് മാത്രമെന്ന് കർണാടക; കേരളം പറയുന്ന വിധിയുടെ പകർപ്പ് നൽകണമെന്നും ആവശ്യം; കേസ് ഇപ്പോഴും ഹൈക്കോടതിയിലെന്നും വിശദീകരണം

ബെംഗളൂരു: കെഎസ്ആർടിസിയെന്ന പേര് തങ്ങൾക്ക് ലഭിച്ചെന്ന കേരളത്തിന്റെ വാദം തെറ്റെന്ന് കർണാടക. കേന്ദ്ര ട്രേഡ് മാർക്ക് റജിസ്ട്രേഷന്റെ അന്തിമ വിധി ഇതുവരെ വന്നിട്ടില്ലെന്നാണ് കർണാടക ആർടിസി എം‍ഡി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. അന്തിമ വിധി വരാത്തിടത്തോളം കാലം കേരളത്തിന്റെ അവകാശവാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും കർണാടക ആരോപിക്കുന്നു. തങ്ങളുടെ ​ഗതാ​ഗത സംവിധാനത്തിന് കെഎസ്ആർടിസി എന്ന പേര് തുടർന്നും ഉപയോ​ഗിക്കുമെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ ഹർജി പരിഗണിക്കുന്ന ഇൻറെലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ കേന്ദ്രം കഴിഞ്ഞ ഏപ്രിലിൽ ഓർഡിനൻസിലൂടെ പിരിച്ചുവിട്ടിരുന്നു. ബോർഡ് പരിഗണിച്ചുവന്നിരുന്ന ഹർജികൾ ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ട്രേഡ്മാർക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസിയെന്ന പേര് തുടർന്നും ഉപയോഗിക്കും. ഇതിന് നിയമപരമായി യാതൊരു തടസവുമില്ലെന്നാണ് കേരളത്തിൻറെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് കർണാടക ആർടിസി എംഡി നിരത്തുന്ന വാദങ്ങൾ.

കേരളം വിധിയുടെ പകർപ്പ് നൽകിയാൽ വിശദമായ മറുപടി നൽകുമെന്നും കർണാടക ആർടിസി എംഡി പ്രസ്താവനയിലൂടെ അറിയിച്ചു. കർണാടക ആർടിസി ഉദ്യോഗസ്ഥർ വിധിയുടെ പകർപ്പ് നൽകാനാവശ്യപ്പെട്ട് ഗതാഗതമന്ത്രി ആൻറണി രാജുവിനെയും സമീപിച്ചിട്ടുണ്ട്. ഇത് ലഭിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ. എന്നാൽ കെഎസ്ആർടിസി എന്ന പേര് കർണാടകത്തിന് വിട്ടു നൽകാനാകില്ലെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാക‍ർ ആവർത്തിച്ചു. വരുമാനത്തെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. നയപരമായി വിഷയം കർണാടകത്തെ അറിയിക്കുമെന്നും ആവശ്യമെങ്കിൽ സെക്രട്ടറി തലത്തിലും മന്ത്രിതലത്തിലും ചർച്ച നടത്തുമെന്നും ബിജു പ്രഭാകർ പ്രതികരിച്ചു.

കർണാടക സ്റ്റേറ്റ് റോ‍ഡ് ട്രാൻസ്പോർട്ട് കോർപറേഷനും കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചതോടെയാണു തർക്കം തുടങ്ങിയത്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇന്റർനെറ്റിൽ കയറി കെഎസ്ആർടിസിയെന്ന് സെർച് ചെയ്താൽ പലപ്പോഴും വരുന്നത് കർണാടക ബസിന്റെ വിവരങ്ങളായിരുന്നു. 2014 ൽ ‘കെഎസ്ആർടിസി’ തങ്ങൾക്ക് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് മാർക്ക് റജിസ്ട്രേഷനെ കർണാടക സമീപിച്ചു. മറുവാദങ്ങളുമായി കേരളവും രംഗത്തെത്തിയതോടെ നിയമ പോരാട്ടമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close