INDIA

കെട്ടിതൂക്കപ്പെടുന്ന ദളിത് ദേഹങ്ങള്‍

ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ വെറും സിനിമയല്ല


രാജ്യം കൊട്ടിഘോഷിച്ച തെലുങ്കാനയിലെ പോലീസ് എന്‍കൗഡര്‍ നടന്ന് ഒരുമാസം ആയതേ ഉള്ളൂ. നിര്‍ഭയവധകേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉടന്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് രാജ്യം. ഇനി ഒരു സ്ത്രിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായികൂടാ എന്ന് രാജ്യം ഒന്നാകെ ഏറ്റു പറയുന്നു. എന്നാല്‍ അതിനെല്ലാം ഇടയില്‍ തന്നെയാണ് ഒരു പത്തൊമ്പതുവയസ്സുകാരിയുടെ മൃതദേഹം ഒരു മരകൊമ്പില്‍ തൂങ്ങിയാടുന്നത്. അവള്‍ക്ക് വേണ്ടി ഹാഷ്ടാങ്കുകള്‍ ഉയരുന്നില്ല. അവള്‍ക്കുവേണ്ടി മെഴുകുതിരികള്‍ തെളിയുന്നില്ല. ഒരു മാധ്യമവും അവളുടെ തണുത്തുറഞ്ഞ കണ്ണീരിന്റെ കഥ കൊട്ടിപാടുന്നില്ല. എന്തുകൊണ്ടാണ് നമ്മുടെ വിശാലകനിവുറ്റുന്ന ഹൃദയങ്ങള്‍ കാജല്‍ എന്ന പത്തൊമ്പതുകാരിയെ കാണാതെ പോവുന്നത്. ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യ് കൊല്ലപ്പെട്ട ആ ദളിത്ത് പെണ്‍കുട്ടിയോട് നീതിപാലകരും മാധ്യമലോകവും കാണിച്ച നെറികേടിന് അവളുടെ ജീവനോളം വിലയുണ്ടായിരുന്നു.

ഗുജറാത്തിലെ അരവാളിജില്ലയിലെ മൊദാസാ ഗ്രാമത്തിലാണ് സംഭവം.കാജല്‍ റാത്തോട് എന്ന പത്തൊമ്പതുകാരി ദളിത്ത് പെണ്‍കുട്ടിയെ ഡിസംബര്‍ 31 നാണ് കാണാതെയാവുന്നത്.തന്റെ സഹോദരിയോടൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയ റാത്തോഡ് തിരികെ വന്നില്ല.കൂടെ ഉണ്ടായിരുന്ന സഹോദരി, വീട്ടില്‍ വന്നു പറഞ്ഞു ഭീമല്‍ ഭര്‍വാഡ് എന്നൊരാള്‍ കാറില്‍ കാജലിനെ തട്ടികൊണ്ടുപോയെന്ന്.വീട്ടുകാര്‍ നാട്ടില്‍ എല്ലായിടത്തും മോളെ തിരയുന്നതിനോടൊപ്പം റോഡ്‌സൈഡില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും പരിശോധിച്ചു. അതില്‍ കാജലിനെ ഭീമല്‍ കാറില്‍ കയറ്റികൊണ്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി കാണാം. ഉടന്‍ തന്നെ വീട്ടുകാര്‍ തെളിവുകളും പരാതിയും സഹിതം പോലീസ് സ്‌റ്റേഷനില്‍ എത്തി. എന്നാല്‍ വളരെ വിചിത്രമായ ഒരു വാദമാണ് അവിടെ പോലീസുകാര്‍ അവരോട് പറഞ്ഞത്.കാജല്‍ ആ ഗ്രാമത്തിലെ തന്നെ ഏതെങ്കിലും പയ്യനെ കല്ല്യാണം കഴിച്ചുകാണുമെന്നും അവള്‍ സുരക്ഷിതയായിരിക്കും എന്നുമായിരുന്നു പോലീസ് ഭാഷ്യം. കല്ല്യാണം കഴിഞ്ഞ മധുവിധുമാര്‍ വൈകാതെ വീട്ടിലേക്ക് എത്തുമെന്നും പോലീസുകാര്‍ പറഞ്ഞു. വീട്ടുകാര്‍ എത്രനിര്‍ബന്ധിച്ചിട്ടും.പോലീസുകാര്‍ കേസ് എടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ തയ്യാറായില്ല. അപ്പോഴേക്കും കാജലിനെ കാണാതെയായിട്ട് രണ്ടു ദിവസം പിന്നിട്ടിരുന്നു.

ജനുവരി അഞ്ചിന് പുലര്‍ച്ചെ കാജലിന്റെ വീട്ടിലേക്ക് ഒരു മതപുരോഹിതന്റെ ഫോണ്‍കോള്‍ വന്നു അവരുടെ ഗ്രാമത്തിന്റെ അതിര്‍ത്തി പ്രദേശത്തെ ഒരു ആല്‍ മരത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതശരീരം കെട്ടിതൂങ്ങുന്നു. അതെ അത് കാജലായിരുന്നു. നാല് പേരാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് ,ക്രൂരമായി വധിക്കപ്പെട്ട് ഒരു ആത്മഹത്യയെന്നു വരുത്തിതീര്‍ക്കാന്‍ ആ പത്തൊമ്പതുകാരിയുടെ ശരീരം ആല്‍മരത്തില്‍ കെട്ടിതൂക്കപ്പെട്ടിരുന്നു.
കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഭിമലിനും മൂന്ന് സുഹൃത്തുക്കളായ ദര്‍ശന്‍ ഭാര്‍വാദ്, സതീഷ് ഭാര്‍വാദ്, ജിഗാര്‍ എന്നിവര്‍ക്കെതിരെ കോസെടുക്കാന്‍ വീട്ടുകാര്‍ വീണ്ടും പോലീസ് സ്‌റ്റേഷനിലേക്ക് പോയി. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സ്വീകരിക്കില്ല എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. അപ്പോഴേക്കും വിഷയം നാട്ടിലെ ദളിത് സംഘടനകളും ഏറ്റെടുത്തിരുന്നു.ഗ്രാമത്തിലെ ദലിത് സമുദായത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നാല് പ്രതികള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്യാത്തിരുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ റാബറിയെ സസ്‌പെന്‍ഡ് ചെയ്ത്തു.പ്രതിഷേധങ്ങളെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കാജലിന്റെ മൃതദേഹം ഹൈദരാബാദിലെ ആശുപത്രിയിലേക്കയച്ചു.

മരണശേഷമൊരു നീതി് ആ പെണ്‍കുട്ടിക്ക് കിട്ടുക സാധ്യമല്ല. എങ്കിലും സമൂഹത്തിന്റെ മനസാക്ഷിമരവിച്ചിട്ടില്ല എന്ന് നമ്മുക്കു തന്നെ ബോധ്യമാവാന്‍, മരത്തില്‍ കെട്ടിതൂക്കപ്പെട്ട ആ ദളിത്ത് പെണ്‍കുട്ടിക്ക് നമ്മുടെ ഭരണഘടനയുടെ ജനാധിപത്യത്തിന്റെ വിലയുണ്ടെന്ന് കുറ്റവാളികള്‍ക്ക് ബോധ്യപ്പെടാന്‍ അവര്‍ ശിക്ഷിക്കപ്പെടണം. അനുഭവ് സിന്ഹയുടെ സംവിധാനത്തില്‍ പുറത്തു വന്ന ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ വെറും സിനിമയല്ല എന്നും നമ്മള്‍ ഓര്‍ക്കണം. ഇനി കെട്ടിതൂക്കപ്പെടാന്‍ നമ്മുക്കിടയില്‍ പെണ്‍കുട്ടികള്‍ ഇല്ല എന്ന് നമ്മള്‍ തീരുമാനിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close