INDIANEWS

കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവൻ; യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിനെ പിന്തുണച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവനെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന്റെ പേരിൽ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഇന്ന് വൈകിട്ടാണ് ഡൽഹി പൊലീസ് ചോദ്യം ചെയ്തത്. കോവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ചോദ്യം ചെയ്യല്ലിൽ ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടു.

മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺ​ഗ്രസിനേയും ബി.വി.ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഒരു തരത്തിലും അം​ഗീകരിക്കാനാവില്ലെന്ന് ക‍ർണാടക ഡിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാ‍ർ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ശ്രമിക്കുന്നതും അവ‍ർക്കെതിരെ ​ഗൂഢാലോചന നടത്തുന്നതും ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമ‍ർശിച്ചു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തെന്നായിരുന്നു ശ്രീനിവാസിനും സംഘത്തിനുമെതിരെ ഉയർന്ന ആരോപണം. ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസിന്റെ നടപടി.

രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സര്‍ക്കാര്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു. ഇത്തരം പോലീസ് നടപടികളെത്തുടർന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് ശ്രീനിവാസ് പറഞ്ഞു. ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ല. ഞങ്ങള്‍ക്ക് പേടിയില്ല. തെറ്റായ ഒരു കാര്യവും ഞങ്ങള്‍ ചെയ്തിട്ടില്ല. ഞങ്ങളുടെ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരും, ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചുകൊടുക്കുന്നത് ഒരു കുറ്റകൃത്യമാണോ? മരണാസന്നരായവര്‍ക്ക് റെംഡെസിവിര്‍ എത്തിച്ചുകൊടുക്കുന്നത് കുറ്റമാണോ? കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കുന്നത് കുറ്റകൃത്യമാണോ? രോഗികള്‍ക്കൊപ്പമുള്ളവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാക്കും ഭക്ഷണം നല്‍കുന്നത് കുറ്റമാണോ? മോദിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കുറ്റകൃത്യമാണെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെയും ചോദ്യംചെയ്യാന്‍ മോദിയും അമിത് ഷായും പോലീസിനെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലേക്ക് അയച്ചത്, സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു.

ഡല്‍ഹിയിലെ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജനും മരുന്നും മറ്റു സൗകര്യങ്ങളും എത്തിച്ചുനല്‍കുന്നതിന്റെ പേരില്‍ ബി.വി.ശ്രീനിവാസിനും സംഘത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവര്‍ത്തകരുണ്ട്. ആശുപത്രികളിലെ ഓക്സിജന്‍, ബെഡ് വിവരങ്ങള്‍ ശേഖരിക്കുകയും ഐ.സി.യു. കിടക്കകള്‍, ഓക്സിജന്‍ കിടക്കകള്‍, സിലിണ്ടറുകള്‍, അവശ്യമരുന്നുകള്‍, ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്‌കാരത്തിനുള്ള സഹായം തുടങ്ങിയവയെല്ലാം വളണ്ടിയര്‍മാര്‍ മുഖേന എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളിലെ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചുനല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുകയും ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ സഹായത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടലും നടന്നിരുന്നു. പിന്നീട് ന്യൂസിലന്‍ഡ് എംബസി തങ്ങളുടെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close